സഹധര്‍മ്മിണി
..............................
ആവലാതികള്‍ നിറച്ച ഒരു ചായക്കോപ്പ
പോലെയാണിന്നു നീ ...
എന്‍റെ കുപ്പായത്തിനോപ്പം
നീ എന്നെയും
ഇസ്തിരിയിട്ട് വടിവാക്കിയിരുന്നോ
സ്നേഹത്തിന്റെ ഗോതമ്പുമണികള്‍
എനിക്കായ് നീ ചുട്ടെടുത്തുവോ
മകളെ നീ ശാസിച്ചത് എന്നോടുള്ള
ദേഷ്യമാണോ ....
പാതിരാമഴയില്‍ കരിമ്പടമായ്
എന്നെമൂടുമ്പോളും നിനക്ക്
തണുത്തിരുന്നുവോ ..
കവിതകള്‍ വിരിയുന്ന
നിലാവുകളായിരുന്നു നിന്റെ
സ്വപ്നങ്ങളിലോക്കെയും
എന്നിട്ടും സമയ സൂചിക പോലെ
ആവര്‍ത്തനവിരസമായി ഞാന്‍
ചിന്തകളുടെ ദുര്‍മേദസ്സുകളില്‍
മനസ്സ് ചാരി പുരുഷസഹചം
ഞാനിരിക്കെ പകലന്തിയില്‍
മുനിഞ്ഞുകത്തിയൊരു
വിളക്ക് പോല്‍ നീ
ചോദ്യങ്ങള്‍ പുകഞ്ഞു
സങ്കടമാളി കരിന്തിരിയായി
സ്നേഹവും കരുതലും
പരാതിയും ചേര്‍ത്ത് നീ
നിനക്കിട്ടതാണീ പേര്
സഹധര്‍മിണി (സഹിക്കുന്നവള്‍)
എങ്കിലും ഈ ആവലാതികളുടെ
ചായക്കോപ്പയില്ലാതെ
പുലരികളില്ലെനിക്ക് ...
നിഷാദ് തങ്കപ്പന്‍ (തിരുവല്ല)