#പുസ്തകച്ചന്ത - #ഭാഗം1
* * * * * * * * * * * * * * * * *
കോട്ടപ്പുറം മൈതാനത്തിന് കിഴക്ക് വശത്ത് ചിറയ്ക്കൽ ബസാർ സജീവമാണ് കീടനാശിനികളും പ്ലാസ്റ്റിക് പടുതകളും വിൽക്കുന്ന ലൈനിന്റെ ഇടത് വശത്ത് മറ്റുള്ളവയെ വ്യത്യസ്ഥമാക്കി ഒരു ബുക്ക് ഷോപ്പുണ്ട് .അയാൾ തന്റെ ബൈക്ക് അതിന് മുൻപിൽ നിർത്തി ഇറങ്ങുമ്പോഴേക്കും മഴ ചാറിതുടങ്ങിയിരുന്നു. അടുക്കി വച്ച തടിയൻ ഡിക്ഷണറികളുടെ കെട്ടിലിരുന്ന് പോക്കറ്റിലെ ചെറിയ ഡെപ്പയിൽ നിന്നും ഒരു നുള്ള് മുക്കിപ്പൊടി എടുത്ത് ആഞ്ഞ് വലിച്ച് തുമ്മി നിവരുമ്പോഴാണ് പുരുഷോത്തമൻ എന്ന ഷോപ്പ് മാനേജർ അയാളെ കണ്ടത്.
'ആ അവിനാശ് സാറോ കയറിയിരിക്ക് സാറെ '
മഴ വരുന്നു ചോരുന്ന സ്ഥലത്തെ പുസ്തകങ്ങൾ നനയാതെ മാറ്റട്ടെ എന്ന് പറഞ്ഞ് പുരുഷു അകത്ത് പോയി അലുമിനിയം ലാഡറുമായി വന്ന് മൂലയിൽ ഓട് പൊട്ടി ചോരുന്ന ഭാഗത്തെ ഷെൽഫിൽ നിന്ന് ബുക്കുകൾ പെറുക്കി മാറ്റാൻ തുടങ്ങി .പുരുഷുവിന്റെ കയ്യിലെ അടുക്കുകളിൽ നിന്ന് അടർന്ന് വീണ ബഷീറിന്റെ ഭഗവത് ഗീതയും കുറേ മുലകളും എന്ന നോവൽ അയാൾ എടുത്ത് പൊടി തട്ടി ഷെൽഫിൽ വച്ചു . ആ പുസ്തകത്തിന്റെ പിറവി ഇപ്പോഴായിരുന്നുവെങ്കിൽ അതിന്റെ പേര് സമകാലിക സമൂഹത്തിലുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്ന കോലാഹലങ്ങളെക്കുറിച്ച് ചിന്തിച്ചാണ് പുരഷോത്തമൻ ചൂണ്ടിക്കാട്ടിയ കസേരയിൽ അയാളിരുന്നു.
മഴ കാര്യമായി ചതിക്കാത്തതിനാൽ പുരുഷു പെറുക്കൽ നിർത്തി താഴെ വന്നു. ചെരുപ്പിടാതെ മുഷിഞ്ഞ പാൻസും ഷർട്ടും നരച്ച താടിയും മീശയും മൂക്കിപ്പൊടി വീണ് മൂക്കിനു താഴെ വെള്ളി രോമങ്ങൾ ചുവന്നുനിന്നു.
നഗരത്തിലെ പ്രമുഖ പുസ്ത പ്രസാധക സ്ഥാപനത്തിന്റെ മാർക്കറ്റിങ്ങ് വിഭാഗത്തിന്റെ ചുമതലക്കാരനാണ് അവിനാശ് . മലയാളം പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് വായനയിലുള്ള കമ്പം കൊണ്ട് എത്തിപ്പെട്ടതാണ് പക്ഷേ എഡിറ്റോറിയൽ ടീമിൽ കയറിപ്പറ്റാനാവാതെ പുസ്തക കച്ചവടത്തിനാണ് നിയോഗിക്കപ്പെട്ടത് എന്ന് മാത്രം. ചിറയ്ക്കൽ ബസാറിലെ ആ ഷോപ്പടക്കം നഗരത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമുണ്ട് ആ വില്പന ശൃംഖല.
ഹെഡ് ഓഫീസിൽ നിന്ന് ഷോപ്പുകളിൽ നിരീക്ഷണത്തിനെന്ന പേരിൽ ചാടിയതാണ് .മുതലാളി ഓഫീസിലുള്ള ദിവസങ്ങളിൽ ഈ കറക്കം പതിവാണ്, തന്നെ കണ്ടാൽ പിന്നെ നൂറ് ചോദ്യങ്ങളാണ്, ആരെയെങ്കിലും ശകാരിക്കുക എന്നത് ഒരു ഹരമാണ് അങ്ങേർക്കെന്ന് തോന്നിയിട്ടുണ്ട്.
ജൂണിൽ സ്കൂൾ തുറക്കലിനൊപ്പം മഴയും എത്തിയിട്ടുണ്ട് കച്ചവടം കുറഞ്ഞാൽ വൈകിട്ട് വീട്ടിൽ പോക്ക് നടക്കില്ല അടുത്ത ഒരു മാസത്തെ ബിസിനസ് പ്ലാൻ എക്സൽ തയ്യാറാക്കി പ്രിന്റ് കൊടുത്ത് ബോധിപ്പിച്ചു വേണം ഇറങ്ങാൻ അപ്പോൾ അവസാന വണ്ടിയും തീവണ്ടിയാപ്പീസ് വിട്ടിരിക്കും. എക്സ്ൽ മുതലാളിയെന്നാണ് അവിനാശ് അങ്ങേർക്കിട്ട പേര്.
പുരുഷോത്തമൻ തല ചൊറിഞ്ഞു നിൽപ്പുണ്ട് ആ നിസഹായമായ നിൽപ്പും വിധേയത്തവും വെറുതെയാണ്, കച്ചവടം കുറയുന്നതിന് നൂറ് കാരണം നിരത്തി തന്നെക്കൂടി നെഗറ്റീവ് ആക്കാനുള്ള നിൽപ്പാണെന്നയാൾക്കറിയാം. സ്കൂൾ തുറന്നതിനാൽ ഡിക്ഷനറികളുടെ കച്ചവടത്തിന് പ്രത്യേക ടാർഗറ്റ് തന്നെയുണ്ട് ആ വിവരം ചോദിച്ചറിഞ്ഞ് കണക്ക് മുതലാളിയെ അറിയിക്കാനാണ് അയാൾ ചിറയ്ക്കൽ ബസാറിലെത്തിയത്.ഇനി ജൂൺ പത്ത് ദിവസം മാത്രമാണുള്ളത് എത്തിച്ചേരേണ്ട കണക്കിലേക്ക് ലക്ഷങ്ങളുടെ ദൂരം അയാളെ വല്ലാതെ ഭയപ്പെടുത്തി .ബെസ്റ്റ് സെല്ലർഷെൽഫിലിരിക്കുന്ന മീരയുടെ ആരാച്ചാരിന്റെ കവർ പേജിലെ കുരുക്കിനേക്കാൾ കനത്തിൽ അതായാളെ ശ്വാസം മുട്ടിച്ചു.
#പുസ്തകച്ചന്ത #ഭാഗം2
* * * * * * * * * * * * * * * *
തലേന്ന് താമസിച്ചിറങ്ങിയതിനാൽ രാത്രി കെ എസ് ആർ ടി സി സ്റ്റാൻഡിലെ കൊതുകു കടികൊണ്ട് ബസ് കാത്ത് നിന്ന് മുഷിഞ്ഞ് ഒടുവിൽ വീടെത്തുമ്പോൾ നന്നേ വൈകിയിരുന്നു. ഇന്നലെയെത്തുമ്പോൾ ഉറങ്ങിപ്പോയിരുന്ന മകൾ രാവിലെ ഉണരും മുമ്പ്. 7.40 ന്റെ ട്രെയിൻ പിടിക്കാനുള്ള നെട്ടോട്ടത്തിൽ അവിനാശ് തന്നിലെ അച്ഛനെ മറന്നിരുന്നു. ഇതിപ്പോൾ പതിവായി തീർന്നിരിക്കുന്നു . ഇന്ന് എം ഡിയുടെ ബിസ്നസ് മീറ്റിങ്ങുണ്ട്, രാവിലെ എത്തി പ്രസന്റേഷൻ തയ്യാറാക്കി കയറണം.
റെയിൽവേ സ്റ്റേഷനിൽ സ്ഥിരം യാത്രാ സംഘങ്ങളുടെ തമാശ പറയലുകളും ഡോറിനടുത്ത് വട്ടം കൂടി നിന്നുള്ള യാത്രയിലും അയാൾ തീരെ ഒറ്റപ്പെട്ട് ,പേജ് നമ്പരറിയാത്ത ഏതോ താളിലെ കുത്തിവര മാത്രമാവുന്ന ജീവിതത്തിന്റെ ഭീതിതമായ നൈരന്തര്യങ്ങളിൽ പെട്ട് കള്ളവണ്ടി കയറിയവനേ പോലെ അയാൾ നിന്നു. പഞ്ചിങ്ങ് മെഷീനിൽ വിരൽ ചേർത്ത്
ഓഫീസിലേക്ക് കയറി ഇരിപ്പിടത്തിലമരുമ്പോൾ എംഡിയുടെ സ്റ്റെനോ ആഹ്ലാദത്തിൽ പറയുന്നു ഇന്ന് മീറ്റിങ്ങില്ല സാറ് വീണ് കാലുളുക്കി, ആ അന്തരീക്ഷമാകെ ദീർഘനിശ്വാസങ്ങളാൽ നിറച്ച് ഓരോരുത്തരും ഇരിപ്പിടങ്ങളിൽ അഭയം തേടി ഇന്റർ കോമിൽ പരസ്പരം സന്തോഷം പങ്കിടുകയാണ്. ഒരാൾക്ക് അപകടം പറ്റിയതിൽ ആഹ്ലാദിക്കുന്നവരുടെ കൂടെ താനുമുണ്ടല്ലോ എന്ന ചിന്ത ഉണ്ടായെങ്കിലും അവിനാശ് എം ഡിയുടെ വരവ് നീളണമെന്ന് മറ്റുള്ളർക്കൊപ്പം മനസ്സാ ആഗ്രഹിക്കുകയും ചെയ്തു.
സിസ്റ്റം പോലും ഓൺ ചെയ്യാതെ നേരെ മാർക്കറ്റിങ്ങ് ഹെഡ് ജയമോഹന്റെ ക്യാബിനിൽ എത്തി പ്രസിൽ നിന്ന് പുതിയതായി പ്രിന്റ് ചെയ്ത് വന്ന ബുക്കുകളുടെ സാമ്പിൾ കോപ്പികൾ അടുക്കി വച്ച ടേബിളിന് പുറകിലിരുന്ന് കണ്ണടകൾക്കിടയിലൂടെ ജയമോഹൻ അയാളെ നോക്കി.
'എന്താടാ രാവിലെ ട്രെയിനിൽ ഒരു ശോകം?
ഓ മീറ്റിങ്ങിന്റെ ടെൻഷൻ
അത് മാറിയില്ലേ ,
ആ...മാറി, നമ്മളൊക്കെ എന്ത് മനുഷ്യരാ ജയണ്ണാ ഒരാൾ വീണു പരിക്കുപറ്റിയതിലും സന്തോഷിക്കേണ്ടി വരുന്നു.
നീ കൂടുതല് ചിന്തിക്കാതെ പോയിരുന്ന് പണി നോക്ക് ഇല്ലങ്കിൽ ആള് വരുമ്പോൾ പണിപോകും.
ശരി... ഏതാ പുതിയത് ?
അടുക്കുകളിൽ നിന്ന് എൻ എസ് മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എടുത്ത് അയാൾ തിരികെ നടന്നു , അവിടെ ജോലി ചെയ്യുന്നതിൽ ആകെ സന്തോഷം ആ ചൂട് കോപ്പികളാണ് ആദ്യ വായന സാധ്യമാക്കുന്നവ.
ഉച്ചയൂണിന് കഫറ്റേരിയ ചർച്ചയിലാണ് ജോബിയുടെ വിഷയം ചർച്ചയ്ക്ക് വന്നത് . കമ്പനി അയാൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചിറയ്ക്കൽ ബസാറിലെ പുരുഷു മാനേജരായ ഷോപ്പിൽ നിന്ന് പുസ്തകമെടുത്ത് വില്പന നടത്തുന്നയാളാണ് ജോബി ആ വഴി വന്ന കടമാണ് . ഭരണങ്ങാനംകാരനും മാതാവിന്റെ കടുത്ത വിശ്വാസിയുമാണ്. നന്നേ ചെറുപ്പത്തിൽ വന്ന് പെട്ടതാണ് ,പുസ്തക കച്ചവടത്തിൽ .സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, സെമിനാരികൾ ഇവിടൊക്കെ കയറിയിറങ്ങി ബുക്കിന് ഓർഡർ എടുത്ത് എത്തിച്ച് കൊടുത്ത് ഉപജീവനം. പതിനെട്ട് വയസിൽ വന്നതാണ് നാല്പത് കടന്നപ്പോൾ കടം മാത്രം ശിഷ്ടമായി, സ്ഥാപനം വളർന്നു. ജോബിയെ കൊണ്ട് മറ്റു പലരും. കുടുംബമോ കുട്ടികളോ സ്വപ്നങ്ങളോ ഇല്ലാതെ പാഴായി പോകുന്ന ഒരു ജന്മമായി അയാൾ മാറ്റപ്പെട്ടതാണെന്ന് അവിനാശിന് തോന്നി.വൈകിട്ട് പണി കഴിഞ്ഞ് വാടക മുറിയിലെത്തി നാല് പെഗ്ഗ് അടിക്കണം. എന്നതിനപ്പുറം അയാൾക്ക് ഒരു നിർബന്ധം കൂടി ഉണ്ടായിരുന്നത് ഞായറാഴ്ച പള്ളിയിൽ പോക്ക് മാത്രമായിരുന്നു.എലികളോടുന്ന പൂപ്പൽ മണമുള്ള ആ മുറിയിൽ പുസ്തക കെട്ടുകൾക്കിടയിൽ ആരും വായിക്കാതെ ചിതലെടുത്ത പുസ്തകം പോലെയായിരിന്നു ജോബി.
വരാന്ത്യങ്ങളിൽ രണ്ട് പെഗ്ഗടിക്കാൻ ആ വാടകമുറിയിൽ അയാളും പോയിട്ടുണ്ട്. ചെല്ലുമ്പോഴൊക്കെ ഈ താമസ സ്ഥലം മാറാനും വിവാഹം കഴിക്കുന്നതുമൊക്കെ ഒരു പ്രയോജനവും ഇല്ലന്നറിഞ്ഞിട്ടും ഉപദേശിക്കുക പതിവുമാണ്.
ഊണ് കഴിഞ്ഞ് ലിഫ്റ്റിൽ വച്ച് ടോമിച്ചനെ കണ്ടത്
അവിനാശ്, താങ്കളെന്തിനാണ് ഈ കവിതകളെഴുതി ഫോസ്ബുക്കിലിടുന്നത്..?
അതൊക്കെ ഒരുതരം എക്സിബിഷനിസമല്ലേ.
കഴിച്ച ഊണ് തികട്ടി വന്നെങ്കിലും അയാൾ പുറത്ത് കാണിക്കാതെ ചോദിച്ചു
അതിനെന്താ ടോമി ചേട്ടാ ഫേസ് ബുക്കിലിടുന്നതിലിത്ര മോശം, താല്പര്യമുള്ളവർ നോക്കട്ടെ.
സി .... അവിനാശ് താങ്കൾ ഇതൊക്കെയിട്ട് കുറേ പെമ്പിള്ളേരുടെ ലൈക്കും കമൻറുമൊക്കെ മേടിക്കുന്നതിനപ്പുറം എന്ത് ലാഭം ?
' അപ്പോ കാര്യം അതാണ് '
പെമ്പിള്ളേർ, ലൈക്ക്, കമന്റ്
കിളവന് വല്ലാത്ത കേട് തന്നെ എന്ന് പിറുപിറുത്തു അവിനാശ് രണ്ടാം നിലയിൽ ഇറങ്ങി.
അക്ഷരങ്ങളുടെ ലോകം വായനയിൽ എത്ര മനോഹരമാണ് അണിയറയിൽ സങ്കുചിതമാവുന്ന ചിന്തകളും. തന്റെ ഉള്ളിലെ പുസ്തക മണങ്ങളിലേയ്ക്ക് ജോബിയുടെ വാടകമുറിയിലെ പൂപ്പൽമണം പടരുന്നതായി അയാൾക്കു തോന്നി.
#പുസ്തകച്ചന്ത #ഭാഗം3
* * * * * * * * * * * * * * * *
വഞ്ചിനാട് എക്സ്പ്രസ് എത്തുമ്പോൾ താമസിച്ചിരുന്നു . രാമൻചിറ ബ്രാഞ്ചിൽ കയറണം ബെന്യാമിന്റെ ആടുജീവിതം രണ്ട് കോപ്പി കൊച്ചി ശാഖയിലേക്ക് കൊറിയർ ചെയ്യിക്കണം . ട്രെയിനിൽ നിന്ന് വേഗമിറങ്ങി ബൈക്ക് വച്ചിരിക്കുന്നിടത്ത് വന്നപ്പോൾ പിന്നിലത്തെ ടയറിന് കാറ്റില്ല .രാവിലെ പേ ആൻഡ് പാർക്ക് കാരനോട് അടി കൂടി പോയപ്പോൾ ഓർത്തതാണ് എന്തേലും പണി തരുമെന്ന്.
വണ്ടി അവിടെ വച്ച് ഒരു ഓട്ടോ പിടിച്ചു ഇനി രാത്രി വന്ന് വണ്ടി തളളണം. രാമൻചിറ ശാഖ നല്ല തിരക്കുള്ള ഷോപ്പാണ്. ചെന്ന് കയറുമ്പോൾ ആ വൈകിയ സമയത്തും ആളുകളുണ്ട് . അകത്ത് ഗോഡൗണിലേക്കുള്ള വാതിൽ തള്ളിത്തുറന്ന് കയറുമ്പോൾ പുസ്തക കെട്ടുകൾക്കിടയിൽ നിന്നും സുനിലിന്റെ കഷണ്ടി തല പുറത്തേക്ക് നീണ്ടു .
സുനിലേ ആടുജീവിതം രണ്ട് കോപ്പി ,കൊച്ചിക്ക് അയയ്ക്കണം
നജീബിന്റെ ദുരിത ജീവിതമാണ് ബെന്യാമിൻ നോവലാക്കിയത്, നിന്റെ ജീവിതം ആര് കഥയാക്കും സുനിലേ
സുനിൽ വെറുതേ ചിരിച്ചു
സാറെ ആട് ജീവിതം രണ്ടേ ആകെ ഉളളൂ.
തൃശ്ശൂർ കറന്റ് ബുക്സാണ് പ്രസാധകർ ആദ്യം നമുക്ക് തന്നതാണ് പബ്ളീഷ് ചെയ്യാൻ നിലവാരമില്ലയെന്ന് പറഞ്ഞ് തള്ളിയിട്ട് ഇപ്പോൾ കോപ്പികൾ കിട്ടാൻ ഇരക്കണം അല്ലേ സുനിലേ , അത് പറഞ്ഞ് അവിനാശ് ഉറക്കെ ചിരിച്ചു.
അക്കാലത്ത് മലയാളി വായനക്കാർ ഏറെ വായിച്ചത് ആടുജീവിതമാണെങ്കിലും ബെന്യാമിന്റെ സൃഷ്ടികളിൽ ആയാൾക്ക് കൂടുതലിഷ്ടം മഞ്ഞ വെയിൽ മരണങ്ങളായിരുന്നു. ഡീഗോഗാർഷ്യയും , അന്ത്രപ്പേറിന്റെ തിരോധാനവും കുറച്ചൊന്നുമല്ല അയാളെ അസ്വസ്ഥമാക്കിയത്.' പിതാക്കന്മാരുടെ പുസ്തകം' അന്ത്രപ്പേറിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെടുന്നതും അതിന്റെ ചൂട് കോപ്പി ജയമോഹന്റെ ടേബിളിൽ നിന്ന് എടുത്ത് കൊണ്ട് പോയി താൻ വായിക്കുന്നതും അവിനാശ് സങ്കല്പിച്ചിരുന്നു .മഞ്ഞവെയിൽ മരണങ്ങൾ അയാളെ അത്രകണ്ട് സ്വാധീനിച്ചിരുന്നു.
നാളെ ഒന്നാം തീയതിയാണ് ശമ്പളം വരുമെന്ന പ്രതീക്ഷ വയ്ക്കുന്ന ദിവസം. ഒന്ന് ചില മാസങ്ങളിൽ അഞ്ച് വരെ നീളും ,വീട് വാടക മറ്റ് ചിലവുകൾ ഒക്കെയായി കിട്ടുന്നത് തീരാൻ അധികം സമയം വേണ്ടി വരില്ല. ഒൻപതാം തീയതി മുതൽ പത്ത് ദിവസം തിരുവനന്തപുരത്താണ് കനകക്കുന്നിൽ അന്താരാഷ്ട്ര പുസ്തകോത്സവം. ഇത്തവണ ത്തെ ശമ്പളം അവിടെ തീരും .കമ്പനി വക താമസവും ഭക്ഷണവും ഉണ്ടെങ്കിലും രാത്രി കള്ളുകുടിപ്പാർട്ടികൾ പോക്കറ്റ് കാലിയാക്കും. പുസ്തകോത്സവവുമായി ബന്ധപ്പെട്ട് കനകകുന്നിൽ ബുക്ക് റിലീസുകളും സാഹിത്യ സംവാദങ്ങളും, കവിയരങ്ങുകളുമൊക്കെ നടക്കുമെങ്കിലും അവിനാശടക്കമുള്ള ജീവനക്കാർക്ക് അവിടെ പ്രവേശനമുണ്ടാവില്ല. വലിയ എഴുത്തുകാർ ഒക്കെ എത്തുന്ന വേദിയിൽ പബ്ളിക്കേഷൻ വിഭാഗത്തിലെ ചില അരസികന്മാർ വന്ന് എന്തെല്ലാമോ കാട്ടി സഭ കെടുത്താറാണ് പതിവ്. ജയമോഹനും ,അവിനാശുമടക്കം ഭാഷാ വിവരമുള്ളവർ പുസ്തങ്ങൾ ചുമക്കുന്ന പണിയിലാവും. ജനറൽ മാനേജർ,ക്ലസ്റ്റർ ഹെഡ്, ഇത്യാദി പോസ്റ്റുകൾ പറഞ്ഞാണ് നിയമനമെങ്കിലും പുസ്തക കെട്ട് ചുമക്കൽ ആണ് ശരിക്കും പണിയെന്ന് ജോലിക്ക് ചേർന്ന് കഴിഞ്ഞ് മനസ്സിലായതും പുറത്ത് പറയാത്തതുമായ രഹസ്യമാണ്. എങ്കിലും പുസ്തകമണങ്ങളുടെ ലോകത്ത് ഏകാന്തമായ ചില നിമിഷങ്ങളെങ്കിലും അയാൾ ആസ്വദിക്കാതിരുന്നില്ല.
സ്‌റ്റോർ മാനേജർ ഡാനീഷ് ജോർജിന്റെ കാറിലാണ് തിരുവനന്തപുരത്തേക്ക് പോയത്. ഒരു വണ്ടി പ്രാന്തനായ ഡാനി തന്റെ കറുത്ത ഹോണ്ടാ സിറ്റി മൈക്കൽ ഷുമാക്കറിനെപ്പോലെ പറത്തി, അയാൾ ഒരു നല്ല ഡ്രൈവറാണെന്ന് അവിനാശിനറിയാവുന്നതിനാൽ തെല്ലു ഭയം കൂടാതെയാണ് മുൻ സീറ്റിലിരുന്നത്. ഡാനിയും അവിനാശും തമ്മിൽ അടുപ്പത്തിന് മറ്റൊരു കാരണം ടോമിയാണ് രണ്ടു പേരുടേയും പൊതുശത്രു.എം ഡിയുടെ ചാരൻ എന്നാണ് ടോമി കമ്പനിയിൽ അറിയപ്പെടുന്നത് പ്രത്യേകിച്ച് ജോലി ഒന്നും അയാൾക്കുള്ളതായി തോന്നിയില്ല. ടോമി എംഡിയുടെ ക്യാബിനിൽ കയറിയാൽ അന്നാരുടെയെങ്കിലും പണി പോവും എന്നാണ് ചൊല്ല്. രാമൻചിറയിൽ നിന്ന് എന്നെയും കാരയ്ക്കാട് നിന്ന് ജയമോഹനേയും കൂട്ടി ഡാനിയുടെ കാർ തലസ്ഥാനത്തെത്തി. കനകകുന്നു മൈതാനം മരച്ചുവടുകളിലെ തണലുകളിൽ പ്രണയ ജോഡികളാൽ നിറഞ്ഞിരുന്നു .ഇനിയുള്ള പത്ത് നാൾ ആ സ്വകാര്യതകൾക്ക് മേൽ പുസ്തകമണം നിറയും. ഹരിദ്വാറിലെ കാൽപ്പാടുകൾ പതിയാത്ത പൊന്തക്കാടുകളിൽ വച്ച് സുജയുടെ അചുംബിതങ്ങളെ ചുംബിച്ച രമേശനും സുജയും, മുതൽ ഡീഗോ ഗാർഷ്യയിൽ കാണാതായ അന്ത്രപ്പേർ വരെ അരൂപികളായി ഇവിടെ അലയും.
#പുസ്തകച്ചന്ത#ഭാഗം4
* * * * * * * * * * * * * * * *
ഇന്റർനാഷ്ണൻ ബുക്ക് ഫെയറിന്റെ ഒന്നാം ദിവസം പര്യവസാനിച്ചു രാത്രി നന്നേ വൈകിയാണ് കനകക്കുന്ന് വിട്ടത്. നഗരത്തിലെ ഹോട്ടലിൽ തങ്ങൾക്കായ് അനുവദിക്കപ്പെട്ട മുറികളിൽ ചേക്കേറി, കുളിച്ച് വന്നപ്പോഴേക്കും റൂമിൽ മുഴുവൻ കാന്താരിമുളകിന്റെ മണമായിരുന്നു. ഒന്നുമറിയാത്തവനെപ്പോലെ ഒരു വിൽസിന്റെ തുമ്പത്ത് തീ പടർത്തി ഡാനി ഇരിപ്പുണ്ട് ടീപ്പോയിലെ ഒഴിഞ്ഞ ഗ്ലാസ് മണത്തിന്റെ ഉറവിടം കണ്ടെത്തി തന്നു സ്മിർണോഫ് ചില്ലി ആദ്യ പെഗ്ഗ് തീർത്തുള്ള ഇരിപ്പാണ്. അവിനാശ്മുടി ചീകി വന്ന് ഗ്ലാസിൽ കുറച്ചെടുത്ത് തണുത്ത വെള്ളമൊഴിച്ച് ബാൽക്കണിയിൽ പോയി നിന്ന് ഒരു സിപ്പെടുത്തു ലഹരിയുടെ കാന്താരി മണം ,തിരിഞ്ഞ് ഡാനിയെ നോക്കി ജയമോഹനെ വിളിക്കണ്ടേ,
'വിളിച്ചു അവൻ കുളി കഴിഞ്ഞെത്തും.
ഡാനി തന്ന സിഗരറ്റ് ചുണ്ടു ചേർത്ത് അയാൾ നഗര കാഴ്ചകളിലേയ്ക്കു മിഴിനട്ടു നിന്നു.
രാത്രി തെരുവോരത്ത് രണ്ട് നായ്ക്കൾ ഇണചേർന്നു നിൽക്കുന്നു. എതിർവശത്തുള്ള ലോക്കൽ ബാറിന്റെ പായൽ പിടിച്ച ബോർഡിൽ മങ്ങി കത്തിയ വെളിച്ചത്തിന് താഴെ ഒരുവൻ നിലയുറയ്ക്കാതെ എന്തോ തിരയുന്നു.
കള്ളു കുടിച്ച് റോഡിലിറങ്ങിയാൽ ദാ ഇതുപോലിരിക്കും അവിനാശ് താഴെക്ക് നോക്കി പറഞ്ഞു.
എന്നാ ഒന്നു നോക്കണമല്ലോ രണ്ടാമത്തെ പെഗ്ഗ് തീർന്ന ആവേശത്തിൽ ഡാനി പറയുമ്പോഴേയ്ക്കും ജയമോഹനെത്തി. എന്താടേയ് തീർത്തോ ..?
ഏയ് താൻ ഒന്നൊഴിച്ചെട് കഴിഞ്ഞിട്ട് നമുക്ക് ബുഹാരിയിൽ പോകാം ഡാനി വിടുന്നമട്ടില്ല. ലഹരി കേറിയാൽ അപ്പോ വണ്ടിയെടുക്കണം എന്നൊരു ദുർവാശി അയാൾക്കുള്ളതായി അവിനാശിന് തോന്നിയിട്ടുണ്ട്.
ജയമോഹൻ ലഹരിക്ക് പിടികൊടുക്കാതെ ചിന്താമഗ്നനായിരുന്നു. കമ്പനിക്കാര്യമാണെന്ന് ഊഹിച്ചതിനാൽ അവിനാശ് കാരണം തിരക്കാതെ ചർച്ച വഴിതിരിച്ച് വിടാൻ നോക്കി .ഡാനിയുടെ പീരുമേട്ടിലെ കോട്ടേജും അവിടുത്തെ മഞ്ഞു പെയ്യുന്ന രാത്രിയിലെ കള്ളുകുടി ഓർമ്മകളും അയവിറക്കി കുപ്പി തീരാറായപ്പോ വാതിലിൽ മുട്ടുകേട്ടു അമലും രാഗേഷുമാണ് ജയമോഹന്റെ ശിഷ്യന്മാർ. കയറി വരാൻ മടിച്ച് നിന്നവരെ അവിനാശ് അകത്തേയ്ക്ക് വിളിച്ചു. ബാക്കിയിരുന്ന ഓരോ പെഗ്ഗ് അവർക്കായി നീക്കി.
ബുഹാരിയിലെത്തുമ്പോൾ ബാക്കി കമ്പനി സ്റ്റാഫുകൾ ഒട്ടുമിക്കവരും അവിടുണ്ട്. വൈകിട്ടത്തെ ഈ സന്തോഷം മാത്രമാണ് ഒരോ ബുക്ക് ഫെയറുകളും അവർക്ക് ലാഭത്തിന്റെ പട്ടികയിൽ പെടുത്താൻ കാണൂ. ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ വാളി എന്ന വിളിപ്പേരുള്ള സന്തോഷിന് ഡാനിയുടെ കൂടെ ഒരു പെഗ്ഗടിക്കണമെന്ന നിർബന്ധത്തിൽ വീണ്ടും അടുത്തുള്ള ബാറിലേയ്ക്ക്, അടി കഴിഞ്ഞപ്പോൾ വാളി കൈമലർത്തി ജയമോഹൻ ബില്ല് കൊടുത്ത് അവരിറങ്ങി .റൂമിലെത്തി റമ്മികളി ആരംഭിച്ചു ഇനി എപ്പോ ഉറങ്ങുമെന്ന് അറിയില്ല . ചീട്ട് കളിക്ക് നിൽക്കാതെ അവിനാശ് ബാൽക്കണിയിൽ വന്ന് നഗരത്തെ നോക്കി നിന്നു. താഴെ നിരത്തിലൂടെ കടന്നു പോയ റിക്ഷയ്ക്കുള്ളിലിരുന്ന പെണ്ണിന്റെ മുടിയിൽ നിന്നും മുല്ലപ്പൂമാലയുടെ അറ്റം കാറ്റിൽ പുറത്തേക്ക് പറന്നു നിന്ന് ഇരുളിൽ അപ്രത്യക്ഷമായി.അവിടമാകെ കാന്താരി മണങ്ങൾക്കു മേൽ മുല്ലപ്പൂമണം നിറയുന്നതായി അയാൾക്ക് തോന്നി.
രാവിലെ ഉണരാൻ വൈകി 8മണിക്ക് കനകക്കുന്നിലെത്തണം. രണ്ടാം ശനിയാഴ്ചയാണ് ആളുകൾ കൂടുതൽ എത്തും. അവിനാശ് ചെല്ലുമ്പോൾ സ്റ്റാഫ് എല്ലാവരും എത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവർ ജോഗിങ്ങ് വേഷത്തിൽ എക്സിബിഷൻ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മലയാള വിഭാഗത്തിൽ ചെന്നപ്പോൾ ദൃശ്യചാനലിലെ ന്യൂസ് റീഡർ വേണുവുണ്ട് , ചുവന്ന ടീഷർട്ടിട്ട് ആറ് വയസുകാരി മകളുമൊത്ത് നടക്കാനിറങ്ങിയപ്പോൾ കയറിയതാണ്.അവിനാശ് അയാളുടെ അടുത്ത് ചെന്ന് കുശലം പറഞ്ഞു നിൽക്കുമ്പോഴാണ് സ്റ്റാഫിലുള്ള രാഗേഷ് സെലിബ്രറ്റിയെ കണ്ട സന്തോഷത്തിൽ തന്റെ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയത് .ഫ്ലാഷ് മിന്നിയതും ന്യൂസ് റീഡർ തന്റെ മകളുടെ മുഖം മറച്ച് രാഗേഷിനെ കുപിതനായി നോക്കി. എന്താണ് എന്ന പരുഷമായ ചോദ്യവും. അവിനാശ് വേഗം ഇടപെട്ടു സാർ അത് നമ്മുടെ സ്റ്റാഫാണ്..
അതിന് ..?
അയാൾ വല്ലാത്ത ദേഷ്യത്തിലാണ്.
മറ്റുള്ളവരുടെ സ്വകാര്യതകളിൽ പോലും കടന്നുകയറി അന്തി ചർച്ച നടത്തുന്നവനാണ് . എന്നിട്ടും നിർദ്ദോഷകരമായ ഒരു മൊബൈൽ ക്യാമറ ഫ്ലാഷ് പോലും സഹിക്കുന്നില്ല ഇവനൊന്നും. അയാൾ പോയപ്പോൾ രാഗേഷ് മുറുമുറുത്തു.
അവരൊക്കെ സെലിബ്രറ്റികളല്ലേ രാഗേഷേ നീ കാര്യമാക്കണ്ട. ആ സ്വരഭേദങ്ങൾ ഒരു കെട്ടെടുത്ത് വയ്ക്ക്. പുറത്ത് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ആത്മകഥയുടെ പ്രമോഷൻ ഓഡിയോ കേൾക്കാം സ്വരഭേദങ്ങൾ.. അവരുടെ ശബ്ദം കേട്ടവർ ആ പുസ്തകം വാങ്ങിക്കും മലയാള നായികമാർ ആ ശബ്ദത്തിലാണ് നമ്മെ കീഴടക്കിയതത്രയും. ശബ്ദം പോലെ സുന്ദരിയായ ഒരുവളുടെ ആത്മകഥ. അയാൾ പുസ്തകങ്ങൾക്കിടയിലൂടെ നടന്നു.
#പുസ്തകച്ചന്ത #ഭാഗം5
* * * * * * * * * * * * * * * *
തിരുവനന്തപുരത്തെ പത്ത് ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ ഡാനിയുടെ കാറിൽ അവർക്കിടയിൽ വല്ലാത്ത നിശബ്ദത കനം വച്ചിരുന്നു. ഇടയ്ക്ക് കണ്ട ഒരു കടയ്ക്ക് മുൻപിൽ വണ്ടി നിർത്തി പുറത്തിറങ്ങി ഡാനീഷ് ജോർജ് ഒരു സിഗരറ്റിന് തീ കൊടുത്തു. അവിനാശ് വഴിയോരക്കടക്കാരനെ നോക്കി ചേട്ടാ രണ്ട് ചായ കടുപ്പത്തിൽ എന്ന് പറഞ്ഞ് കടയിലേക്ക് കയറി ആവി പറക്കുന്ന ചായയിലൊന്ന് സഹപ്രവർത്തകന് നീട്ടി മൗനം മുറിച്ചു. എന്താ പ്ലാൻ നാളെ എം ഡി വക മീറ്റിങ്ങുണ്ടാവും .
ഡാനി ചായ വാങ്ങി ഒന്നുമൊത്തി വലിച്ചെടുത്ത പുക പാതി പുറത്തുമകത്തുമായി നിർത്തി അമർത്തി മൂളി... നോക്കാം എന്ന് മാത്രം പറഞ്ഞു
ഫെയറിൽ വച്ച് ഉണ്ടായ ചിലതർക്കങ്ങൾ കമ്പനിയിൽ ചർച്ചയാവുകയും എം ഡിക്ക് അനിഷ്ടമായിട്ടുണ്ടെന്നറിയുകയും ചെയ്തിരുന്നു.
അന്ന് ഗവർണ്ണർ കനക്കുന്നിലെ എക്സിബിഷൻ സന്ദർശിച്ച ദിവസമായിരുന്നു. സ്റ്റാളുകളിൽ പഠനത്തിന്റെ ഭാഗമായി പ്രൊജക്ട് വർക്കിന് എം ബി എ മാർക്കറ്റിങ്ങിന് പഠിക്കുന്ന കുട്ടികളുമുണ്ട് . അവർ സ്റ്റാഫിനൊപ്പം സ്റ്റാളുകളിൽ പുസ്തകവാങ്ങലുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗവർണ്ണർ വന്ന് പോയ തിരക്ക് കഴിഞ്ഞ് അവിനാശ് ചിൽഡ്രൻസ് സെക്ഷനിലെ സ്റ്റാളുകൾക്ക് മുൻപിലൂടെ നടന്നു വരുമ്പോഴാണ് അപ്രതീക്ഷിതമായി പല്ലവിയെ കണ്ടത്. പുസ്തകങ്ങൾ പെറുക്കിയെടുക്കുന്ന ബാസ്കറ്റ് കയ്യിലുണ്ട്. സാരിയുടുത്ത് ആദ്യമായാവും കാണുന്നത് ,അതിലവൾ കൂടുതൽ സുന്ദരിയായിട്ടുണ്ട് പതിനഞ്ച് വർഷങ്ങൾ വരുത്തിയ മാറ്റമെന്നത് മുഖത്തൊരു കറുത്ത ഫ്രെയിമുള്ള കണ്ണടയുണ്ട് എന്നത് മാത്രം. ദൂരനിന്ന് പുസ്തകങ്ങൾ നോക്കി അവൾ പതിയെ നടന്നു വരുന്നത് അയാൾ നോക്കി നിന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് പല്ലവി അയാളെ കാണുന്നത്. അവിനാശ് എന്ന വിളി പുറത്ത് വരാതെ ഉള്ളിലെവിടെയോ ഉടക്കി നിശബ്ദമായി, കുറച്ച് നേരം അയാളെ നോക്കി നിന്നു. അവിനാശാണ് സംസാരിച്ച് തുടങ്ങിയത്... എന്താ ഇവിടെ..?
ഇവിടെയോ ബുക്സ് വാങ്ങാൻ... കണ്ണുകളിൽ പഴയ കുസൃതി നിറഞ്ഞിരുന്നു മറുപടിയിൽ
ഐ മീൻ ട്രിവാഡ്രത്ത്.. അവിനാശ് തിരുത്തി.
ഞാനിപ്പോൾ ഇവിടെയാണ് അവിനാശ് സെക്രട്ടറിയേറ്റിൽ ജോലി
നീ എന്നെ പിന്നെ തിരക്കിയതേയില്ലേ അവിനാശ്... ഞാനെവിടാണെന്ന് പോലും..? അവൾ കയ്യിലിരുന്ന - ഖാലിദ് ഹുസൈനിയുടെ 'ദ കൈറ്റ് റണ്ണർ' വെറുതേ വിടർത്തി മറിച്ച് അയാളോട് ചോദിച്ചു ..
അവളുടെ കയ്യിലിരിക്കുന്ന ബുക്കിന്റെ പുറംചട്ടയിലെ പറക്കുന്ന പട്ടത്തിന്റെ ചിത്രം നോക്കി അയാൾക്കിങ്ങനെ പറയാനാണ് തോന്നിയത് ... ഞാനെന്നേ പൊട്ടിപ്പോയ പട്ടമാണ് പല്ലവി.
അവിനാശിന്റെ മറുപടിയോടെ പരിസര മറിഞ്ഞ് പല്ലവി ഇടപെട്ടു.
അത് പോട്ടെ നീ ഇപ്പോ എന്ത് ചെയ്യുന്നു അവിനാശ് .കുടുംബം, കുട്ടികൾ ?
ഇപ്പോ തല്ക്കാലം ഇതാണ് ജോലി - പുസ്തക കച്ചവടം അയാൾ കണ്ണുകൾ ചെറുതാക്കി ചിരിച്ചു.
കുടുംബം നിനക്കറിയാത്തവരായി ഭാര്യയും ഒരു മകളും
വാട്ട് എബൗട്ട് യു..?
രമേശ് നേവിയിലാണ് ഇവിടെ തന്നെ ക്വാർട്ടേഴ്സിൽ താമസം
കുട്ടികൾ....?
ഇതുവരെയില്ല.
സംസാരം എവിടയോ തടഞ്ഞു നിന്നു, അപ്പോഴാണ് എം ബി എ സ്റ്റുഡൻസിൽ പരിചിതരായ രണ്ട് പെൺകുട്ടികൾ അവർക്കരികിലേയ്ക്ക് വന്നത്
അവർ നല്ല ഉല്ലാസവതികളായി കണ്ടു
സാർ ഒന്ന് ചോദിക്കട്ടെ..?
അയ്യോ സോറി നിങ്ങൾ സംസാരിക്കുകയായിരുന്നോ
എന്താണ് ആരതീ ചോദിക്കൂ.. കുഴപ്പമില്ല അയാൾ പറഞ്ഞു.
ദേ ഇവൾക്ക് ചേതൻ ഭഗത്തിനേം,രവീന്ദ്രസിങ്ങിനേം ഒക്കെയാണിഷ്ടം ഞാൻ പറഞ്ഞു ഡാൻ ബ്രൗണാണ് നല്ല എഴുത്തുകാരനെന്ന് എന്താ സാറിന്റെ ഒപ്പീനിയൻ.?
അയാൾ പല്ലവിയെ നോക്കി അവൾ തിരിച്ചും
ഞാൻ ആദ്യമായി മുഴുവൻ വായിച്ച ഇംഗ്ലീഷ് നോവൽ ഒരു പക്ഷേ ചേതന്റെ റവല്യൂഷൻ 2020 ആവും. ആംഗലേയ വായന അത്ര കാര്യമായില്ല എങ്കിലും ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡിന് ശേഷം ഏഞ്ചല്‍സ് ആന്റ് ഡെമണ്‍സും ,ഡിസെപ്ഷന്‍ പോയിന്റും കുറച്ചൊക്കെ ഒന്നോടിച്ച് വായിച്ചിട്ടുണ്ട് അത്രമാത്രം. ദാ ഈ മാഡത്തോട് ചോദിക്ക് ഒരു നല്ല റീഡറാണ്.
ആ പിന്നെ ചേതൻ ഭഗത്തും, രവീന്ദ്ര സിംങ്ങും ഇംഗ്ലീഷിലെ മുട്ടത്തിവർക്കി മാരാണ് കേട്ടോ ആരതീ.. അവരിലൂടെയാവും വലിയ വായനക്കാർ ജനിക്കുക അത് പറഞ്ഞ് അയാൾ ചിരിക്കുമ്പോഴാണ് ടോമിയുടെ രംഗപ്രവേശം വന്നപാടെ കുട്ടികളോടായി അധികാര ഭാവത്തിൽ എന്താ ഇവിടെ ..?
പിന്നെ അവിനാശിന് നേരെ തനിക്ക് നാണമില്ലേ പെൺപിള്ളേരോട് സെള്ളി നിൽക്കാൻ .
ഭാഗ്യത്തിന് പല്ലവി അടുത്ത സ്റ്റാളിലെ പുസ്തകങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചിരുന്നു.
അവിനാശിന് താൻ ഭൂമി പിളർന്ന് പോകുന്നതു പോലെ തോന്നി.
പെൺകുട്ടികൾ ഒന്നും മനസ്സിലാവാതെ പതറി നിന്നു
നിങ്ങൾക്കിത് എന്തിന്റെ കേടാണ് മാഷേ അവിനാശ് അല്പം ശബ്ദത്തിലാണ് ചോദിച്ചത്
പല്ലവി അത് കേട്ട് പെട്ടന്ന് തിരിഞ്ഞു നോക്കി
അയാളുടെ അടുത്തേക്ക് വന്നു
അവിനാശ് എന്തുപറ്റി..?
ഇല്ല ഒന്നുമില്ല പല്ലവി നീ ബുക്സ് എടുത്ത് തിരികെ വരു ഞാൻ മുൻവശത്തുണ്ടാവും.
ടോമി സിസ്റ്റം കൺട്രോൾ സ്റ്റാളിന് മുൻപിൽ നിന്ന് കൊണ്ട് മറ്റ് സ്റ്റാഫിനോട് തന്നെപ്പറ്റിപ്പറയുന്നത് കേട്ടുകൊണ്ടാണ് അവിനാശ് അവിടെയ്ക്ക് വരുന്നത് അയാളെ കണ്ട് ടോമി വേഗം സംസാരം നിർത്തി.
ഇരച്ച് വന്ന ദേഷ്യത്തിൽ താനാരാ ഡോ
പ്രായം തെറ്റിയതിന്റെ കേട് എന്റടുത്തിറക്കരുത് പറഞ്ഞേക്കാം അവിനാശ് വിരൽ ചൂണ്ടി ടോമിക്കരികിലേയ്ക്ക് ചെന്നു . അപ്പോഴേയ്ക്കും ഡാനി വന്ന് അവിനാശിനെ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി.
ആളുകൾ ശ്രദ്ധിക്കുന്നു നീ വാ
അവർ പുറത്തിറങ്ങി ഒരു സിഗരറ്റ് വലിച്ച് മരത്തണലിൽ നിൽക്കുമ്പോൾ പല്ലവി ഇറങ്ങി വന്നു അവൾ അടുത്തെത്തുമ്പോഴേയ്ക്കും ഒരു ചുവന്ന ഹോണ്ട സിറ്റി പതിയെ വന്ന് നിന്നു അവൾ അതിലേയ്ക്ക് കയറും വഴി കൈ വീശി കാട്ടി അതിൽ കയറി കാറ് അവരുടെ അടുത്തെത്തി നിന്നു വിൻഡോ താഴ്ത്തി പല്ലവി പറഞ്ഞു രമേശ് ഇത് അവിനാശ് കേളേജ് മേറ്റ്
അവർ പരസ്പരം ഹായ് പറഞ്ഞു കാർ പതിയെ മുന്നോട്ട് നീങ്ങി.
ആ തർക്കത്തിന് ശേഷം അന്ന് രാത്രി ഹോട്ടലിൽ വച്ച് ഡാനിയും ടോമിയുമായി വാക്കുതർക്കം നടന്നു കയ്യാങ്കളിയിലേക്ക് കടക്കും മുൻപ് ജയമോഹനും മറ്റുമിടപെട്ട് രംഗം ശാന്തമാക്കിയിരുന്നു.
ഡാ വാ മതി വണ്ടിയിൽ കേറ് ഡാനി ചായയുടെ പണം കൊടുത്ത് കാറിൽ കയറി അവിനാശ് ആലോചനകളി നിന്നുണർന്ന് പാതി കുടിച്ച ചായ ബാക്കി വച്ച് തിരികെ എത്തി.
നാളെ മീറ്റിങ്ങിൽ രണ്ട് സംഭവങ്ങളും ചർച്ചയാവും, അയാൾ എം ഡി യോട് എന്തൊക്കെ നുണയാണ് പടച്ചിട്ടുണ്ടാവുക.
ആത്മാഭിമാനം പണയം വച്ച് അവിടെ തുടരില്ല എന്ന് ഇരുവരും ഉറച്ചിരുന്നു. ഡാനി അന്ന് പതിയെയാണ് ഡ്രൈവ് ചെയ്തത് പ്രത്യേകിച്ച് പണിയൊന്നുമില്ലാ എന്ന തോന്നലിലേയ്ക്ക് എത്തിപ്പെട്ട പോലെ. പൊട്ടിപ്പോയ പട്ടങ്ങളുടെയാകാശം അവർക്കു മുകളിൽ വെയിൽ വിരിച്ചു നിന്നു.
#പുസ്തകച്ചന്ത #ഭാഗം6
* * * * * * * * * * * * * * * *
ഉച്ചഭക്ഷണം കഴിഞ്ഞ് വരും വഴി ജയമോഹൻ പറഞ്ഞാണ് അജ്മലിന്റെ രോഗവിവരമറിഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിൽ അവധിയിൽ പോയിരുന്ന അജ്മൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ടുണ്ട് വയറിലെ രക്തസ്രാവം കരൾ രോഗബാധയാണെന്ന് സംശയവും ജയമോഹൻ പ്രകടിപ്പിച്ചു. രണ്ടാം നിലയിലെ സഹപ്രവർത്തകരിൽ ഏറ്റവും പ്രായം കുറഞ്ഞ പയ്യനാണ് എന്നിട്ടും. അത് ചിന്തിച്ച് എക്സൽ ഷീറ്റിലെ കണക്കുകൾ പൊരുത്തമാവാതെ ഇരിക്കുമ്പോഴാണ് കമ്പനി ഫോൺ ബെല്ലടിച്ചത് മറുതലയ്ക്കൽ സ്ത്രീ ശബ്ദമാണ് ,മറ്റേതോ സെക് ഷനിൽ നിന്നുള്ളതാണ്.
യെസ് അവിനാശ് ഹിയർ
ഡോ തന്റെ കീഴിലുള്ള ഒരു ബ്രാഞ്ചിൽ നിന്ന് കസ്റ്റമർ കംപ്ലയിന്റുണ്ട്
ഡോ എന്ന ആ സംബോധനയും സംസാരവും അയാൾക്ക് തീരെ പിടിച്ചില്ല എന്ന് മാത്രമല്ല വിളിച്ചവൾ ശകുന്തളയാണെന്നറിഞ്ഞപ്പോൾ കാലിൽ നിന്ന് ഒരു പെരിപ്പ് കയറി നാവിൽ സരസ്വതി വന്നതാണ്. ടോമിയുടെ ടീമിലെ പെൺകുട്ടിയാണ് ,പൊരുമാറ്റത്തിലെ അമാന്യത പിന്നെ പറയണ്ട. അത് മാത്രമല്ല മാനേജർ ലെവലിൽ ഉള്ള തന്നോട് കല്പിക്കാൻ അവളാര് .ഇരച്ച് വന്ന ദേഷ്യത്തിൽ ഫോൺ ശക്തിയായി വച്ച് ഡാനിയുടെ ക്യാബിനിലെത്തി
അവിനാശ് എന്തൊക്കയോ പറഞ്ഞു
ദേ ഇയാടെ ആ മറ്റവളോട് ആളും തരോം കണ്ട് ഇടപെടാൻ പറയണം
എന്റെ മറ്റവളോ അതാര ഡാ ? ഡാനി ചോദ്യമിട്ട് സംശയിച്ചു നിന്നു.
'ശകുന്തള '
ഇങ്ങേരുടെ വല്ല്യ സുഹൃത്തല്ലേ,
കമ്പനീലെ മറ്റുള്ളവരുടെ മുൻപിലൂടെ കുലുക്കി നടന്ന് ഷോ കാണിക്കുന്നത് പോലെയല്ല ഞാൻ
തികച്ചും സ്ത്രീവിരുദ്ധ പരാമർശമാണെന്നറിഞ്ഞിട്ടും അങ്ങനെ പറയാനാണ് അവിനാശിന് തോന്നിയത്.
അത് പറഞ്ഞ് അയാൾ പുറത്തിറങ്ങി പോയി.
ബൈക്കെടുത്ത് ചിറയ്ക്കൽ ബസാറിലേയ്ക്ക് വിട്ടു നില തെറ്റുമ്പോൾ അല്പം നെഗറ്റീവ് കേൾക്കാം അതിന് പുരുഷു ആണ് ബസ്റ്റ്. വളക്കടകളുടെ ഡി ഡി റ്റി മണത്തിനിടയിൽ മൂക്കിപ്പൊടി തിരുകി തുമ്മി പുരുഷു ഡിക്ഷണറി കെട്ടുകൾക്ക് മുകളിൽ പതിവ് ഇരുത്തത്തിലാണ്.
ചേട്ടാ പുസ്തകങ്ങൾക്ക് മേൽ ഇരിക്കാതെ
കസേരയില്ലേ ഇവിടെ
ഓ... യെന്റെ സാറെ പത്ത് നാപ്പത് വർഷമായ ശീലമാ
മൂക്കിപ്പൊടി അയാളുടെ മുഖത്തെ രോമങ്ങളിലും, ഷർട്ടിലും പറ്റിപ്പിടിച്ചിരുന്നു
പുരുഷുവിന്റെ കയ്യാൾ രാഗേഷ് അകത്ത് റാക്കുകളിലെ പൊടിതട്ടുന്നുണ്ട്.
രാഗേഷേ തന്നെ കാണാനില്ലല്ലോ അവിനാശ് അകത്തേയ്ക്ക നോക്കി ചോദിച്ചു
ജോബിച്ചേട്ടന്റെ കൂടെ പാലായിൽ സ്കൂൾ ഫെയറിന് പോയതാ സാറെ കച്ചോടം നടക്കണ്ടേ.
ഉം വേണം ,എന്നിട്ടെന്തായി ജോബി കടം വല്ലതും തീർത്തോ അതോ അടുത്ത കേസിന് വകയാക്കിയോ, മുതലാളി അറിയണ്ട എന്നോട് പറഞ്ഞതിരിക്കട്ടെ .
അവിനാശ് ഫാനിന്റെ കാറ്റ് കിട്ടുന്നിടത്തേക്ക് കസേര നീക്കിയിട്ടിരുന്നു.
സാറേ അജ്മലിന് ഓപ്പറേഷൻ വേണമെന്ന് പറയുന്നു, രാഗേഷ് റാക്കുകൾക്ക് മുകളിലേയ്ക്ക് ആയുന്നതിനിടയിൽ പറഞ്ഞു.
കരൾ മാറ്റിവയ്ക്കൽ ഈ പ്രായത്തിൽ കാലക്കേട് തന്നെ ,ഒന്ന് പോയി കാണണം അതും പറഞ്ഞ് അവിനാശ് പുരുഷുവിനോട് കസ്റ്റമർ കംപ്ലയിന്റ് തിരക്കി.
പുരുഷു തലചൊറിഞ്ഞ് ഒരു നുണ തപ്പിയെടുക്കുമ്പോഴേക്കും അവിനാശ് വിഷയം വിട്ട് സംസാരിച്ചു തുടങ്ങി
ചേട്ടാ ലൈബ്രറി കൗൺസിൽ ബുക്ക്ഫെയർ വരുന്നു, നല്ല സ്റ്റോക്ക് എടുത്ത് വയ്ക്കണം. അവസാനം ബുക്കില്ലാതാവരുത്
ബുക്ക്മാർക്കിനെ വെട്ടണം കച്ചോടത്തിൽ
നമുക്ക് തന്നെ കൂടുതൽ സ്ഥലം കയ്യടക്കണം
എന്നിങ്ങനെ ഒരോന്നു പറഞ്ഞ് ഇരുന്നപ്പോൾ സൈക്കിളിൽ ചായക്കാരനെത്തി
പുരുഷു മൂന്ന് കാപ്പി പറഞ്ഞു
വായ കഴുകാൻ അകത്ത് പോയി
എന്താടാ രാഗേഷേ നിന്റെ മാനേജർക്കിന്ന് ഒരു കാപ്പി സൽക്കാരം അവിനാശ് തമാശ രൂപത്തിൽ ചോദിച്ചു.
ഉവ്വ... സാറ് പോയി കഴിയുമ്പോളത്തെ ഡയലോഗ് ഇതാവും..
എന്ത്?
ചായക്ക് നേരമാവുമ്പോൾ ഒരോരുത്തന്മാർ വന്നോളും എന്ന്
ഒരു കവിൾ എടുത്ത കാപ്പി അയാളുടെ തൊണ്ടയിൽ കുടുങ്ങി ഇറക്കണോ വേണ്ടയോ..
കപ്പ് താഴെ വച്ച് അയാൾ എഴുന്നേറ്റ് പുറത്തിറങ്ങി ശരി ഞാനിറങ്ങുന്നു
ആ ഞാൻ വെറുതേ പറഞ്ഞതാ കാപ്പി കുടി സാറേ...
ആ നീ കുടിച്ചാ മതി.
നാളെ അജ്മലിന് സർജറിയാണ്
അവിനാശടക്കം കുറച്ച് പേർ രക്തം കൊടുക്കാൻ എറണാകുളത്ത് ആശുപത്രിയിൽ പോയിരുന്നു. സ്ഥിതി അത്ര ശുഭമല്ല . തിരിച്ച് ട്രെയിനിലിരിക്കുമ്പോൾ അജ്മലായിരുന്നു മനസ്സിൽ . തിരുവനന്തപുരത്തെ രാത്രി സഭകളിൽ സജീവമായിരുന്നവൻ. ഇക്ക ഒരു കവിത കൂടി എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ചൊല്ലിക്കുന്ന സഹൃദയൻ.
അവിനാശിന്റെ ചിന്തകൾ മുറിച്ചു കൊണ്ട് ട്രെയിൻ ടൈം ടേബിൾ വിൽപ്പനക്കാരന്റെ ശബ്ദം കമ്പാർട്ട്മെന്റിൽ മുഴങ്ങി. തന്റെ ഡെമോയ്ക്ക് ശേഷം ' ആരോടു പറയാൻ ' എന്ന ഡയലോഗ് അയാൾ ആവർത്തിക്കാറുണ്ട് അതാവും അയാളുടെ വില്പന തന്ത്രവും. ജീവിതം അങ്ങനെ ഒരോ ചെറു ഘടകങ്ങളിലൂടെയാണ് രൂപപ്പെടുന്നതെന്ന് അയാൾക്ക് തോന്നി.
പിന്നാലെ വന്ന കടല മിഠായിക്കാരന്റെ കയ്യിൽ നിന്ന് വാങ്ങിയതിൽ ഒന്ന് ബാഗിൽ മകൾക്ക് മാറ്റി അയാൾ മറ്റുള്ളവർക്കൊപ്പം ചേർന്നു.അവരപ്പോഴും ടാർഗറ്റുകളെക്കുറിച്ചും, എം.ഡിയുടെ മീറ്റിങ്ങുകളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നത് യാത്രയുടെ സുഖം കെടുത്തുന്നുണ്ട്.
അവിനാശ് ജനാലയ്ക്കലേക്ക് കൂടുതൽ ചേർന്നിരുന്നു ലോഹ പാളങ്ങളുടെ ഉരഞ്ഞ് പുളിക്കുന്ന ശബ്ദത്തിൽ മുഴുകി കണ്ണുകളടച്ചു.
യാത്രാക്ഷീണത്താൽ അത്താഴം കഴിഞ്ഞതേ ഉറങ്ങിപ്പോയി രാത്രി ഫോൺ അടിച്ചു കൊണ്ടിരുന്നു ഭാര്യ ഇടയ്ക്ക് കുലുക്കിവിളിച്ചുണർത്തുമ്പോൾ ആരോ ആറ് തവണ വിളിച്ചിട്ടുണ്ട്
തിരിച്ച് വിളിക്കാൻ തുടങ്ങുമ്പോൾ വീണ്ടും ഫോൺ ബെല്ലടിച്ചു
രാഗേഷാണ്
എന്താ ഡാ ഈ നേരത്ത്
സാറെ അജ്മൽ പോയി അത് പറഞ്ഞ് കരഞ്ഞ് അവൻ ഫോൺ വച്ചു
സമയം പുലർച്ചെ മൂന്ന് മണി
വല്ലാത്ത മരവിപ്പിൽ അയാൾ കുറച്ചു നേരമിരുന്നു
ഡാനിയെ വിളിച്ചു അയാളും അറിഞ്ഞതേയുള്ളു
രാവിലെ പോവണ്ടേ അവിനാശ് ചോദിച്ചു.
പോണം
എം ഡി യെ വിളിക്കട്ടെ എന്നിട്ട് തീരുമാനിക്കാം.
അന്ന് ട്രെയിനിൽ സ്ഥിരം ബഹളങ്ങളില്ലാതെ എല്ലാവരും നിശബ്ദരായിരുന്നു കൂട്ടത്തിൽ ഒരാൾ കുറഞ്ഞിരിക്കുന്നു.
അജ്മലിനെ സംസ്കാര ചടങ്ങ് നാളെയാണ് ഞായറാഴ്ചയായതിനാൽ എല്ലാവർക്കും പങ്കെടുക്കാം. സ്റ്റാഫിൽ ഒരാൾ മരിച്ചതിനാൽ അവധിയാവും എന്ന് കരുതിയത് വെറുതേയായി എന്ന് മാത്രമല്ല എം ഡി വന്നപ്പോൾ തന്നെ മീറ്റിങ്ങ് വിളിച്ചു. മീറ്റിങ്ങിൽ വച്ച് ഒരറിയിപ്പുമുണ്ടായി നാളെ ഫിനാൻസ് ,സെയിൽസ്, പബ്ളിക്കേഷൻ ജോയിന്റ് മീറ്റിങ്ങുണ്ട്. ഞായറാഴ്ചയോ എന്ന് എല്ലാവരും ആശ്ചര്യത്തോടെ പരസ്പരം നോക്കി.
'അജ്മലിനെ കാണാൻ ഇന്നോ കഴിയില്ല നാളെയും '
സഹപ്രവർത്തകന്റെ മരണാനന്തര ചടങ്ങി ആരെയും പങ്കെടുപ്പിക്കാതിരിക്കുന്ന ആ സാഡിസ്റ്റ് മനോഭാവത്തെ എങ്ങനെ നീതീകരിക്കാനാവും
എം ഡിയുടെ കസേരയിൽ ഒരു ഫ്യൂഡൽ ഇരുന്ന് അടിയാൻ ഉടയോൻ ശൈലികളുടെ തിരിച്ചു വരവ് സാധ്യമാക്കുന്നതായി അവിനാശിന് തോന്നി. എത്രയും വേഗം ഇവിടം വിടണമെന്ന ചിന്ത അയാളിലുറച്ചത് അന്നായിരുന്നു.
ഞായർ മീറ്റിങ്ങ് രാത്രിയേ തീർക്കു എന്നതിനാൽ ശനിയാഴ്ച വൈകിയാണെങ്കിലും അജ്മലിനെ പോയി കണ്ടു. പ്രതീക്ഷ തെറ്റാതെ
അവന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ അനാവശ്യമായി വിളിച്ചു ചേർത്ത ആ മീറ്റിങ്ങ് രാത്രി വരെ നീണ്ടു .ശേഷം എല്ലാവരും ആ വീട്ടിലെത്തുമ്പോൾ വലിച്ചു കെട്ടിയ പടുതയ്ക്കടിയിൽ ആളുകളൊഴിഞ്ഞ ഫൈബർ ചെയറുകൾ മാത്രമായിരുന്നു .അകത്ത് പുത്ര ദുഖത്താൽ തളർന്ന മാതാവിന്റെ വിതുമ്പലുകൾ സമയം തെറ്റിയോടിയ രാത്രി തീവണ്ടിയുടെ ഇരമ്പലിൽ മുങ്ങി നേർത്തു.
#പുസ്തകച്ചന്ത #ഭാഗം7
* * * * * * * * * * * * * * * *
അക്ഷര നഗരിയുടെ ഹൃദയഭാഗത്തെ മുൻസിപ്പൽ മൈതാനത്ത് ലൈബ്രറി കൗൺസിൽ ബുക്ക് ഫെയർ ആരംഭിച്ചിരിക്കുന്നു. മലയാളത്തിലെ വലുതും ചെറുതുമായ പ്രസാധകർ അവരുടെ സ്റ്റാളുകളുമായി സന്നിഹിതരാണ്. അവിടമാകെ ചുറ്റിനടന്നു കാണുമ്പോൾ ഒരു സർക്കസ് കൂടാരം പോലെ തോന്നി അവിനാശിന്. തന്റെ ഐറ്റം മനോഹരമാക്കി കയ്യടി വാങ്ങുന്ന കോമാളികളെ പോലെ. ഒരോ സ്റ്റാളുകളും നിവർത്തികേടുകളുടെ കഥ പറയും. ചെറിയ പ്രസാധകർ അഷ്ടിയ്ക്ക് വക തേടുമ്പോൾ വലിയ പ്രസാധകരുടെ കൂലിക്കാർ ടാർഗറ്റ് തികയ്ക്കാൻ നെട്ടോട്ടമോടുന്നു. അക്ഷരം അന്നമാക്കുന്ന ജീവിതങ്ങൾ. തമ്മിൽ തല്ലിയും കലഹിച്ചും ആർക്കോ വേണ്ടി പണിയെടുക്കുന്നവരും അല്ലാത്തവരും നിലനില്പിന്റെ സമരം നടത്തുകയാണ് അവിനാശിന് മനം പുരട്ടുന്നതായി തോന്നി തന്റെ പുസ്തകമണങ്ങളാക്കെ പച്ചക്കറിക്കുപ്പയിലെ അഴുകിയ ക്യാബേജ് കണക്കേ ഓരോ താളും മനംപുരട്ടി നിന്നു. പുറത്ത് സ്റ്റേജിൽ കലാസന്ധ്യ .എസ് ജോസഫ് കവിത ചൊല്ലുന്നു , കുറച്ച് നേരം കേട്ടിരുന്നു കവികൾ ,കവിതകൾ മാറി മാറി വന്നു അകത്തെ ജീവിതങ്ങളുടെ കവിത മാത്രം ആരും കണ്ടില്ല എഴുതിയതുമില്ല.
തലേന്ന് രാത്രി വെളുക്കുവോളം കമ്പനി സ്റ്റാഫുകളുടെ കൂടെ പുസ്തക കെട്ടുകൾ ചുമന്നതിനാൽ അയാൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു . കൂടാരത്തിലെ തിരക്കുകൾ കഴിഞ്ഞ് മൈതാനത്തിന്റെ കോണിലെ ഞാവൽ മരച്ചുവടിന്റെ തറയിൽ അയാൾ നീണ്ട് നിവർന്നു കിടന്നു. ഇലകൾക്കിടയിലൂടെ ആകാശം രാത്രിയറിയിച്ചു. നഗരം ദീപാലംകൃതമായ് തിരക്കിയൊഴുകുന്നു. ഇരുണ്ട് തുടങ്ങിയ രാവിന്റെ തുണ്ടുപറ്റി ഒരു നിഴൽ തന്നെ നോക്കി നിൽക്കുന്നതായി അയാൾക്ക് തോന്നി ഒരുൾഭയത്തിൽ ചാടി എഴുന്നേറ്റപ്പോൾ മുഷിഞ്ഞ വസ്ത്രവും മുഖത്ത് നീണ്ട താടിരോമങ്ങളുമായി ഒരു വൃദ്ധൻ വെളിച്ചത്തേക്ക് നീങ്ങി നിന്നു. തന്റെ രാത്രിയിടത്തിൽ മറ്റൊരുവനെ കണ്ട നിസഹായതയുണ്ട് കണ്ണുകളിൽ അവിനാശ് പതിയെ എഴുന്നേറ്റ് നടന്നു .വൃദ്ധന്റെ ഒറ്റയാക്കപ്പെട്ട സംവൽസരങ്ങളുടെ വിഷാദമുറഞ്ഞ കണ്ണുകളിൽ ഒരു ചിരി പടർന്നിരുന്നു. അവിനാശിന് ജോബിയെ ഓർമ്മ വന്നു വാടക വീടുകൾ വാതിലടയ്ക്കപ്പെട്ട വാർദ്ധക്യത്തിൽ ഒറ്റയാന്മാർ ഞാവൽ മരച്ചുവടുകൾ അഭയമാകും പോലെ ജോബിയുമൊരിക്കൽ .കുടുംബം സുരക്ഷിതത്വത്തിന്റെ പ്രതീക്ഷ മാത്രമാണെന്ന് അവിനാശിന് തോന്നി. അവിവാഹിതനായിരിക്കണമെന്ന് പണ്ടേ ഉറച്ചതായിരുന്നു പല്ലവിയെ മറന്നതോടെ ഒരിണമനസ്സാഗ്രഹിച്ചിരുന്നില്ല. കുടുംബ ബാധ്യതകളിൽ നിന്നു കൊടുക്കപ്പെട്ടതാണ്. അരുന്ധതി തന്റെ ചുറ്റുപാടുകളിൽ സംതൃപ്തയല്ല എന്നയാൾക്കറിയാം. ക്യാനഡയിലെ സഹോദരങ്ങളുടെ അടുത്തേക്ക് ചേക്കേറണമെന്ന് അവൾ വല്ലാതാഗ്രഹിക്കുന്നുണ്ട് .ആ മാറ്റത്തോടെ താൻ അന്യനാവുമെന്ന സത്യം അവിനാശിന് നന്നായറിയാം. മകൾ എന്ന ഒറ്റ തുരുത്തിന്റെ അടുപ്പമാണ് തങ്ങൾക്കിടയിലെന്നും. എന്നെങ്കിലുമൊരിക്കൽ മരച്ചുവടുകളുടെ അന്യഥാത്വത്തിൽ അന്തിയുറങ്ങുന്ന വൃദ്ധനെ പ്പോലെ താനും . അവിനാശ് ചിന്തകൾ മുറിച്ച് കൂടാരത്തിനുള്ളിലേക്ക് കയറി ,സ്റ്റാളുകൾ കച്ചവടമവസാനിപ്പിച്ചിരിക്കുന്നു. കണക്ക് നോക്കി ഇന്നത്തെ വിവരങ്ങൾ എം.ഡിയെ വിളിച്ച് പറയണം.പുരുഷു താടി ചൊറിഞ്ഞു നിൽക്കുന്നു കാര്യം പന്തിയല്ല ഇന്നത്ര കച്ചവടം നടന്നിട്ടുണ്ടാവില്ല. കണക്കുകൾ മെസേജ് ചെയ്ത് ഇറങ്ങുമ്പോൾ കവാടത്തിൽ രാഗേഷുണ്ട് .
എന്താടാ ?
സാർ എനിക്കൊരു കാര്യം പറയാനുണ്ട്
അവിനാശ് ചോദ്യഭാവത്തിൽ അവനെ നോക്കി.
എനിക്ക് ഗൾഫിൽ ഒരു ജോലി ശരിയായിട്ടുണ്ട് പോവുന്ന കാര്യം കമ്പനിയിൽ പറഞ്ഞാൽ ഈ മാസത്തെ ശമ്പളം തരില്ല. അതു കൊണ്ട് എന്നെ ഇക്കാര്യത്തിൽ സഹായിക്കണം.
അവിനാശ് ആകെ കുഴങ്ങി
തന്നോട് പറഞ്ഞിട്ട് കമ്പനിയിൽ അറിയിച്ചില്ലയെങ്കിൽ അത് ചോദ്യമാവും
പറഞ്ഞാൽ ആ പാവം ചെറുക്കന്റെ ശമ്പളം മുടങ്ങും.
കുറച്ച് നേരം ചിന്തിച്ച് നിന്നിട്ട് അവിനാശ് ഒന്ന് മൂളി നീ പോയി രക്ഷപെട് എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു.
എല്ലാവരും ലോകം വിശാലമാക്കുകയാണ് താൻ ചെറുതായി ചെറുതായി സന്തോഷങ്ങളുടെ അർദ്ധവിരാമത്തിന്റെ കറുത്ത പൊട്ടായിമാറുന്നതായി അയാളറിഞ്ഞു.
#പുസ്തകച്ചന്ത #ഭാഗം8
* * * * * * * * * * * * * * * *
രണ്ട് ദിവസമായി വീട്ടിൽ പോയിട്ട് ഇന്ന് പോകാമെന്ന് കരുതിയിരുന്നു. വൈകിട്ട് എം ഡി യുടെ മീറ്റിങ്ങ് കഴിഞ്ഞപ്പോഴാണ് കൊച്ചിയിൽ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിന്റെ പണികൾ നോക്കാൻ പുറപ്പെടാൻ അറിയിച്ചത്. ഉദ്ഘാടത്തിന് മൂന്ന് ദിവസമേ ഉള്ളു അവിടെ നിന്ന് ഇനി അതു കഴിഞ്ഞ് മാത്രം മടങ്ങാനാവൂ . കമ്പനി വക പ്രസ്സിന്റെ പുറകിലെ താല്കാലിക താമസ സൗകര്യമൊരുക്കിയിരിക്കുന്ന മുറിയിൽ നിന്നും ബാഗെടുത്തിറങ്ങി അവിനാശ് ഒരു ഓട്ടോ പിടിച്ച് റയിൽവേ സ്റ്റേഷനിലെത്തി. ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോഴേക്കും ഒരു ട്രെയിൻ പുറപ്പെട്ടു തുടങ്ങിയിരുന്നു. അടുത്തത് പാസഞ്ചർ ട്രെയിനാണ് ഒരു ഉദാസീന യാത്രയ്ക്ക് അയാൾ മനസിനെ പാകപ്പെടുത്തി ടിക്കറ്റെടുത്ത് രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ലോക്കൽ ട്രെയിന്റെ നടുവിലായുള്ള കമ്പാർട്ടുമെൻറുകളിലൊന്നിൽ ഇരിപ്പിടം കണ്ടെത്തി.
പ്ലാറ്റ് ഫോമിൽ നല്ല തിരക്കുണ്ട് ട്രെയിനുകൾ വന്ന് പോകുന്നു. ജോലി കഴിഞ്ഞ് വീടണയാനുള്ള തിടുക്കത്തിൽ ഓടിയെത്തുന്നവരുടെ മുഖങ്ങളിൽ ജീവിതത്തിന്റെ വ്യഗ്രത വല്ലാതെ അടയാളമിട്ടു നിന്നു. അവിനാശ് ഒരു കുപ്പി വെള്ളം വാങ്ങി ബാഗിന്റെ സൈഡിൽ വച്ചു പാസഞ്ചറാണ് ഇടയ്ക്ക് വാങ്ങാൻ കിട്ടില്ല. ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി മുൻപേ ഒരു വണ്ടി പോയതിനാൽ അയാളല്ലാതെ മറ്റാരും ആ ബോഗിയിൽ ഉണ്ടായിരുന്നില്ല.
തൃപ്പൂണിത്തുറ ഇറങ്ങി ഒരു ഓട്ടോറിക്ഷ പിടിച്ച് കമ്പനി വക താമസ്ഥലത്തെത്താം . ഓട്ടോയിൽ കയറും മുൻപ് സ്റ്റേഷന് മുൻപിലെ തട്ടുകടയിൽ നിന്ന് ദോശയും ചമ്മന്തിയും കഴിച്ചു. റൂമിലെത്തുമ്പോൾ ബ്രാഞ്ച് മാനേജർ രാജീവ് ഒരു മെഴുകുതിരിയും കത്തിച്ച് വരാന്തയിലുണ്ട്, കറണ്ട് പോയി സാറെ
അവിനാശ് ബാഗ് തിണ്ണയിൽ വച്ച് അവിടെ കിടന്ന ഒരു ചെയറിൽ ഇരുന്നു.
കറണ്ട് വരട്ടെ രാജീവ് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ഒന്ന് അവിനാശിന് നീട്ടി അയാൾ അത് വാങ്ങി ചുണ്ടിൽ വച്ച് കത്തിച്ചു ഒന്ന് വലിച്ച് പുക മുകളിലേയ്ക്കൂതി കാറ്റത്തണഞ്ഞ മെഴുകു തിരിയുടെ തുമ്പ് മിന്നി നിന്നു അവരുടെ ചുണ്ടുകളിലും, പുക ഇരുട്ടിലലിഞ്ഞു കറുത്തു.
രാവിലെ ഷോപ്പിങ്ങ് മാളിന്റെ രണ്ടാം നിലയിലെ പുതിയ ഷോപ്പിലെത്തുമ്പോൾ അകത്ത് കാർപ്പെന്റർ ജോലി ആരംഭിച്ചിരുന്നു. മരത്തിന്റെയും ഫ്ലൈവുഡിന്റെയും പൊടി അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. വാൾ റാക്കുകൾ മിനുക്കുന്ന തിരക്കിലാണ് രണ്ടു പേർ. ഷോപ്പിന് നടുവിൽ വയ്ക്കുന്ന ബുക്ക് റാക്കുകളുടെ പണി നടക്കുന്നു, രാത്രിയും പണി തുടരണം. അവിനാശിന് കലശലായ തുമ്മൽ തുടങ്ങിയിരുന്നു ഡസ്റ്റ് അലർജി. കോൺട്രാക്ടറെ വിളിച്ച് വിവരം തിരക്കി നാളെ രാത്രി കൊണ്ട് പണി തീർക്കണമെന്ന് പറഞ്ഞു പിന്നെ ഒരു ദിവസം ഡിസ്പ്ലേയ്ക്കു വേണ്ടി വരും. അയാൾ പുറത്തിറങ്ങി നിന്നു മാളിൽ ആളുകൾ എസ്കലേറ്റർ വഴി ഒഴുകി നീങ്ങുന്നു. താഴെ ഒരു കുട്ടി കിഡ്സ് കാറിൽ കയറാൻ വാശി പിടിച്ച് കരയുന്നു അവിനാശ് മകളെ ഓർത്തുനിൽക്കുമ്പോൾ ഫോൺ ബെല്ലടിച്ചു അരുന്ധതിയാണ്.
നിങ്ങൾ ഇന്നു വൈകിട്ട് വരില്ലേ ..?
ഇന്ന് കഴിയില്ല അരുന്ധതി മറ്റന്നാൾ വൈകിട്ട് എത്താം അയാൾ പറഞ്ഞു.
എന്റെ വീട്ടിൽ നിന്ന് എല്ലാവരും വരുന്നുണ്ട് നിങ്ങളോട് ചിലത് സംസാരിക്കാനാണ്, ചേച്ചിക്ക് ഈ ആഴ്ച തിരിച്ച് പോവേണ്ടതാണ് അരുന്ധതി അല്പം ദേഷ്യത്തിൽ പറഞ്ഞു നിർത്തി.
'ജോലിയല്ലേ അരുന്ധതി ജീവിക്കണ്ടേ ' അവിനാശ് സൗമ്യനായി പറയുമ്പോഴേയ്ക്കും മറുതലയ്ക്കൽ ശബ്ദം വല്ലാതുയർന്നിരുന്നു
നിങ്ങൾ ജീവിക്കൂ എന്നെ നോക്കണ്ട..
ഫോൺ കട്ടായി.
മകളോട് ഒന്ന് സംസാരിക്കണമെന്ന് അയാൾക്കുണ്ടായിരുന്നു.
അരുന്ധതിയുടെ ആ വിളി അയാളെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. തന്റെ വീട്ടുകാരുമായി അരുന്ധതി അത്ര നല്ല ബന്ധത്തിലല്ല, ഇരുകൂട്ടർക്കുമിടയിൽ ശ്വാസം മുട്ടി അയാൾ മടുത്തിരുന്നു.
ഫോൺ വീണ്ടും ബെല്ലടിച്ചു. അരുന്ധതിയാവും എന്നു കരുതി മറുതലയ്ക്കൽ പുരുഷ ശബ്ദം
അളിയാ എവിടാ..?
പരിചയമില്ലാത്ത നമ്പർ
ആരാണ്..? അവിനാശ് ചോദിച്ചു
ഡാ അജ്ഫാനാണ്
അളിയാ ഒരു രണ്ടായിരം രൂപാ അത്യാവശ്യമാണ് ഞാൻ അക്കൗണ്ട് നമ്പർ വാട്സപ്പ് ചെയ്തിട്ടുണ്ട് ഒന്നിട്
അവിനാശ് എന്തെങ്കിലും പറയും മുൻപ് അപ്പുറത്തു നിന്നും വീണ്ടും ...
ഇല്ലന്ന് പറയരുത് അത്രയ്ക്ക് ആവശ്യമുണ്ട്.
നീ ഒന്നിട് മെസേജ് കിട്ടിയിട്ട് ഞാൻ വിളിക്കാം
ഫോൺ കട്ടായി.
കാഞ്ഞിരപ്പള്ളിയിൽ എം എ പഠിക്കുമ്പോഴുള്ള സഹപാഠിയാണ്. കൊച്ചിയിൽ ചില ബിസ്നസ്സും സിനിമയെന്നുമൊക്കെപ്പറഞ്ഞ് നടക്കുന്നു. പ്രണയ വിവാഹമായിരുന്നു അജ്ഫാന്റെ ഭാര്യ വീട്ടിൽ തരക്കേടില്ലാത്ത കാശുണ്ട് ഒറ്റ മകൾ കുട്ടികളുമൊത്ത് അവളുടെ വീട്ടിൽ തന്നെ താമസം , അവൻ കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ. കാശ് വേണ്ടി വരുമ്പോൾ നൂറ് സുഹൃത്തുക്കളുടെ ലിസ്റ്റ് എഴുതി ഇതു പോലെ വിളിക്കും രണ്ടായിരം, ആയിരം എന്നിങ്ങനെ തിരിച്ചു കൊടുക്കണ്ടാത്ത സംഖ്യ കടം വാങ്ങും . പകുതി പേർ കൊടുത്താലും വൈകിട്ടത്തേക്ക് ഒരു ലക്ഷം ബാങ്കിൽ എത്തും. സൗഹൃദത്തിന്റെ പേരിൽ ഉള്ള ഒരു ചെറിയ സാമ്പത്തികത്തിട്ടപ്പായിട്ട് അവിനാശിന് തോന്നിയിട്ടുണ്ട്. എങ്കിലും ഉള്ളപ്പോൾ കൊടുക്കും.
ആരോടും ഒന്നിനോടും ആത്മാർത്ഥത ഉണ്ടാവരുത്, കാലം അവരുടേതാണ്.
ആലോചിച്ച് നിൽക്കുമ്പോൾ ഡാനിഷ് താഴെ നിന്നും വരുന്നത് കണ്ടു. അവിനാശ് മുകളിൽ നിന്ന് കൈവീശി.ഡാനീഷ് മുകളിലെത്തി ഇരുവരും ഷോപ്പിനുള്ളിൽ കയറി ഡാനിഷ് പണികൾ നോക്കിയ ശേഷം അവിനാശിനെയും വിളിച്ച് പുറത്തിറങ്ങി. മാളിന് എതിർവശമുള്ള മിൽമ ബൂത്തിൽ കയറി രണ്ട് ചായ പറഞ്ഞ് പതിവ് പോലെ ഒരു വിൽസിന്റെ തുമ്പിൽ തീ പടർത്തി.
മറ്റന്നാളത്തെ ഉത്ഘാടനം വരെയേ ഞാനുള്ളു ഞാൻ ഇവിടം വിടുകയാണ് അവിനാശ്. ദുബായ് ഒരു ജോലി റെഡിയാണ് അടുത്ത മാസം ജോയിൻ ചെയ്യണം. അയാൾ പറഞ്ഞു നിർത്തി.
കടയിലെ വൃദ്ധൻ അവർക്ക് നേരെ ചായ നീട്ടി, സാർ കടി വല്ലതും?
വേണ്ട അവിനാശാണ് പറഞ്ഞത്
എന്താ നിന്റെ ഭാവി പ്ലാൻ ഇവിടെ തുടരാനോ ഡാനി വീണ്ടും ചോദിച്ചു.
തല്ക്കാലം മറ്റൊന്ന് ശരിയാവും വരെ അയാൾ നിർവികാരനായി ദൂരെയ്ക്ക് നോക്കി ചായ മൊത്തി നിന്നു.
എന്തായാലും നളെ രാത്രി എന്റെ ആലുവായിലെ ഫ്ലാറ്റിൽ ഒരു സെൻഡ് ഓഫ് പാർട്ടിയാവട്ടെ നീ പണി തീർത്ത് വാ എന്ന് പറഞ്ഞ് ഡാനി യാത്ര പറഞ്ഞു.
ഒരോരുത്തരും പുതിയ താവളങ്ങളിൽ സുരക്ഷിതരാവുന്നു. വക്കുടഞ്ഞ പമ്പരം പോലെ താളം തെറ്റിക്കറങ്ങുകയാണ് താൻ. നിരാശാ ബോധത്തിൽ അലക്ഷ്യമായി റോഡ് മുറിച്ചുകടന്ന് അയാൾ ഷോപ്പിലേക്ക് കയറി.
രാത്രി വൈകിയും ജോലികൾ ഷോപ്പിൽ പുരോഗമിക്കുകയാണ് . അവിനാശ് മുലയിൽ ഇട്ടിരുന്ന കസേരയിൽ ചാരിയിരുന്നു മയങ്ങുമ്പോഴാണ് അച്ഛൻ വിളിക്കുന്നത്. എടാ അരുന്ധതി മോളെയും കൊണ്ട് വീട്ടുകാർക്കൊപ്പം പോയി, അവിടെ ചെന്നതിന് ശേഷം അവളുടെ അച്ഛൻ വിളിച്ചിരുന്നു. ഇനി ഇവിടേയ്ക്ക് വിടുന്നില്ലത്രേ. അവിനാശിന് ശബ്ദിക്കാൻ തോന്നിയില്ല. പൊടി മുറ്റിയ ആ മുറിയിൽ തന്റെ ചിതയെരിയുന്നതായി അയാൾക്ക് തോന്നി. ഉള്ള് വല്ലാതെ പൊള്ളി, കണ്ണുകളടച്ച് അയാൾ അവിടെ നിശ്ചലമിരുന്നു. ഇരുളിൽ മകളുടെ മുഖം മാത്രം തെളിഞ്ഞു വന്നു.
#പുസ്തകച്ചന്ത #ഭാഗം9
* * * * * * * * * * * * * * * *
ഷോപ്പിന്റെ ഇന്റീരിയർ വർക്ക് കഴിഞ്ഞ് ജോലിക്കാർ താക്കോൽ തരുമ്പോൾ രാത്രി എട്ടായിരുന്നു.രണ്ട് ദിവസമായി പൊടിയിൽ നിന്ന് തുമ്മി അയാളുടെ മൂക്കിൽ നിന്ന് ചോര വന്നു തുടങ്ങിയിരുന്നു. അരുന്ധതിയെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിലും മകളെയും കൊണ്ട് അവളുടെ പോക്ക് അയാളെ വല്ലാതെ തളർത്തിയിരുന്നു. ഷോപ്പിങ്ങ് മാളിൽ നിന്നിറങ്ങി നേരെ പോയത് ഡാനിഷിന്റെ ഫ്ലാറ്റിലേയ്ക്കായിരുന്നു.പ്രവേശന കവാടത്തിൽ മീശ പിരിച്ച് നിന്ന് സെക്യൂരിറ്റി പണ്ട് ഇന്ത്യ പാക്ക് ബോർഡറിലെ സൈനികനായിരുന്നുവെന്ന് തോന്നിപ്പിച്ചു ചോദ്യങ്ങളാൽ. ആ പാർപ്പിട സമുച്ഛയത്തിന്റെ മൂന്നാം നിലയിലാണ് ഡാനിഷിന്റെ ഫ്ലാറ്റ് ആലുവാപ്പുഴയിലേക്ക് മിഴിതുറക്കുന്ന ബാൽക്കണിയുണ്ടതിന്. അവിനാശ് ചെന്നപാടെ ബാഗ് സോഫയിലിട്ട് ടൗവൽ എടുത്ത് ബാത്ത് റൂമിൽ പോകാനൊരുങ്ങി. കുളിച്ചു വന്നപ്പോൾ ഡാനിഷ് രണ്ട് പേർക്ക് ഡ്രിങ്ക് മികസ് ചെയ്ത് വച്ചിട്ടുണ്ട്. ഗ്ലാസിൽ കിടന്ന പച്ചമുളക് ഇളക്കി സിപ്പാറുള്ള പതിവ് ശൈലി വിട്ട് ഒറ്റവലി .
എന്താടാ ഒരു കലിപ്പ് അവിനാശിനെ നോക്കി ഡാനീഷ് തിരക്കി. പറയാം ഒന്നൂടൊഴി
നിറഞ്ഞ ഗ്ലാസുമായി അയാൾ പുഴക്കാഴ്ചയിലേയ്ക്ക് പോയി.
ഡാനിഷ് ബാൽക്കണിയിൽ വന്നു. ചോദ്യഭാവത്തിൽ അയാളെ നോക്കി.
'ആം പ്ലാനിങ്ങ് ടു ക്വിറ്റ് '
എങ്ങോട്ട് ഡാനീഷ് തിരക്കി
എല്ലാറ്റിൽ നിന്നും..
മടുത്തു... ഇപ്പോൾ സ്വതന്ത്രനാണ് ഭാര്യയില്ല മകളില്ല
അതിനിപ്പോ എന്തുണ്ടായി
അരുന്ധതി പോയി അവൾക്ക് മടുത്തത്രേ
നീ സംസാരിച്ചില്ലേ അവിനാശ്
ഇല്ല
വാടക വീട്ടിലെ ജീവിതം മടുത്തു കാണും
പോയി രക്ഷപെടട്ടെ. എത്ര കാലം ഇങ്ങനെ
ങ്ഹാ നമുക്കാ വിഷയം വിടാം
എന്താ ഫുഡ്, പുറത്ത് പോണോ
ഫുഡ് വരും വിളിച്ച് പറഞ്ഞിട്ടുണ്ട്.
അപ്പോ തന്റെ കാര്യം പറ ദുബായ് ?
അടുത്ത മാസം പോവും
ഉം
പരിചിതമായതൊക്കെ ദൂരങ്ങൾ തേടി അന്യമാവുന്ന തുരുത്തായി താൻ മാറുകയാണെന്ന് അവിനാശിന് തോന്നി.
താഴെ ഇരുളിൽ ആലുവാപ്പുഴ നിശ്ബദമായി അയാളുടെ ചിന്തകൾക്ക് ഐക്യപ്പെട്ട് ആഴങ്ങൾക്ക് മുകളിൽ നിശബ്ദത ചാലിച്ചു കിടന്നു
അയാൾ ഫോണിൽ അരുന്ധതിയെ രണ്ടുവട്ടം ട്രൈ ചെയ്തെങ്കിലും മറുതലയ്ക്കൽ പ്രതികരണം ഉണ്ടായില്ല.
ഭക്ഷണം കഴിഞ്ഞ് ലഹരി കുടിച്ചു വറ്റിച്ചിട്ടും അല്പം പോലും ഇടറാതെ നിർവികാരമായശിലാരൂപനായി മാറിയിരുന്നു അയാൾ.
പിറ്റേന്ന് തിരിച്ച് ഡാനിഷിന്റെ കൂടെ പോകാമെന്നാണ് കരുതിയിരുന്നത്. അയാൾ ആ ജോലി വിട്ട സ്ഥിതിക്ക് യാത്ര ട്രെയിനിലാക്കി. ആലുവയിൽ നിന്ന് എറണാകുളത്ത് എത്തിയപ്പോൾ കുറച്ച് പേരിറങ്ങി അയാൾക്ക് ഒരു സീറ്റ് തരപ്പെട്ടു. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ബ്ലാഗ്ലൂർ ഐലന്റ് എക്സപ്രസ് വന്ന് നിന്നു.പ്ലാറ്റ് ഫോമിൽ തിരക്കിനിടയിൽ കൂളിങ്ങ് ഗ്ലസ് വച്ച് നിൽക്കുന്ന ഒരാൾ നല്ല പരിചിതനായി അവിനാശിന് തോന്നി. ട്രെയിനിൽ നിന്നിറങ്ങിയ സുന്ദരിയായ യുവതിയിൽ നിന്നും നാല് വയസ് പ്രായം വരുന്ന ആൺ കുട്ടിയെ വാങ്ങി അയാൾ മുന്നേ നടന്നു.
കനകക്കുന്നിൽ വച്ച് പല്ലവിയെ കൂട്ടാൻ വന്നപ്പോൾ രമേശിനെ താൻ കണ്ടതാണ് അയാൾ തന്നെയാണ് അത് ആ സ്ത്രീയും കുട്ടിയുമാരാവും, അയാളെന്താണ് കൊച്ചിയിൽ. ട്രെയിൻ മൂവ് ചെയ്തു അവരെയും കടന്ന് മുന്നോട്ട്...
വീട്ടിലെത്തുമ്പോൾ എന്താവും മധുരം പ്രതീക്ഷിച്ച് മകളില്ല .മാതാപിതാക്കളുടെ ആശങ്കകൾ തന്നെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നുറപ്പാണ് ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ അയാൾ കണ്ണുകളടച്ച് സീറ്റിൽ ചാഞ്ഞിരുന്നു.