Sunday, November 10, 2013



സഹധര്‍മ്മിണി 
...................................
ആവലാതികള്‍ നിറച്ച ഒരു ചായക്കോപ്പ
പോലെയാണിന്നു നീ ...
എന്‍റെ കുപ്പായത്തിനോപ്പം 
നീ എന്നെയും 
ഇസ്തിരിയിട്ട് വടിവാക്കിയിരുന്നോ 

സ്നേഹത്തിന്റെ ഗോതമ്പുമണികള്‍ 
എനിക്കായ് നീ ചുട്ടെടുത്തുവോ
മകളെ നീ ശാസിച്ചത് എന്നോടുള്ള
ദേഷ്യമാണോ ....
പാതിരാമഴയില്‍ കരിമ്പടമായ്
എന്നെമൂടുമ്പോളും നിനക്ക്
തണുത്തിരുന്നുവോ ..

കവിതകള്‍ വിരിയുന്ന
നിലാവുകളായിരുന്നു നിന്റെ
സ്വപ്നങ്ങളിലോക്കെയും
എന്നിട്ടും സമയ സൂചിക പോലെ
ആവര്‍ത്തനവിരസമായി ഞാന്‍
ചിന്തകളുടെ ദുര്‍മേദസ്സുകളില്‍
മനസ്സ് ചാരി പുരുഷസഹചം
ഞാനിരിക്കെ പകലന്തിയില്‍
മുനിഞ്ഞുകത്തിയൊരു
വിളക്ക് പോല്‍ നീ

ചോദ്യങ്ങള്‍ പുകഞ്ഞു
സങ്കടമാളി കരിന്തിരിയായി
സ്നേഹവും കരുതലും
പരാതിയും ചേര്‍ത്ത് നീ
നിനക്കിട്ടതാണീ പേര്
സഹധര്‍മിണി (സഹിക്കുന്നവള്‍)
എങ്കിലും ഈ ആവലാതികളുടെ
ചായക്കോപ്പയില്ലാതെ
പുലരികളില്ലെനിക്ക് ...


                                   നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Saturday, September 21, 2013



       ഇടുക്കി ഡാം 
.....................................

പാണ്ഡവശാപത്തിനറുതി പോല്‍ 
ജലബന്ധം നിറച്ചു നില്‍പ്പൂ 
കുറവനും കുറത്തിയും 
ജലമേളങ്ങളില്‍ ഓളങ്ങളില്‍ 
മൃദു ചുംബനങ്ങളില്‍ 
മിഴിചിമ്മാതെ ഇരുപുറവും 
വിരഹത്തിന്റെ സംവത്സരങ്ങള്‍

ഏറെ ദൂരേ ആ
കുന്നിന്നു ചാരെ
പൂത്തു നില്‍ക്കും
കാട്ടു ചെമ്പകചോട്ടിലായ്
കുടിയിരിപ്പുണ്ടൊരു രക്തസാക്ഷി
പുനസമാഗമാനത്തിലിന്നലെ
കാരണഭൂതന്‍ കാടിന്‍റെ
പുത്രന്‍ കൊലുമ്പന്‍
മര്‍ത്യ സ്വാര്‍ത്ഥത കുടിച്ചു -
വറ്റിച്ചൊരാ നഷ്ട ജീവന്നു
പ്രതീകമായ്

ഒട്ടുമെലെയായ്
കാലപ്പഴക്കത്തില്‍
ഭിത്തികള്‍ വിണ്ടൊരു
തോഴിയുണ്ട്
അതിരു തര്‍ക്കങ്ങളില്‍
വ്യവഹാര പാത്രമായ്
പട്ടിണി സമരങ്ങള്‍ക്ക്
മുദ്രാ ഗീതമായ്
മുല്ലപ്പെരിയാര്‍

                നിഷാദ് തങ്കപ്പന്‍ (തിരുവല്ല)


Saturday, September 14, 2013



     ഉത്രാട മഴ 
...................................

ഉത്രാട പുലരി മഴകുളിച്ച് 
ചെളികുഴഞ്ഞു നടപ്പാതകളില്‍
ഭൂപടം തീരത്ത് 

ഉമ്മറത്തിണ്ണയിലെ 
അത്തക്കളങ്ങള്‍ തിന്നു 
മഴച്ചാലുകള്‍ 

ഓണത്തപ്പന്റെ
കളിമണ്‍ പ്രതിമ
മഴയില്‍ മുഖമൊലിച്ച്
അന്ധനായി

മുറതെറ്റിയ പെണ് പോലെ
അസ്വസ്തയായ് ഭൂമി

ദ്രവ്യ ശൂന്യമായ കീശ
ഉത്രാടപ്പാച്ചില്‍

താനറിയാതെ നാടിനൊപ്പം
പണയപ്പെട്ടു പോയ ജനം

തകര്‍ന്ന പാതകള്‍ക്കുമേല്‍
വമാനന്മാരുമായ്
ശരവേഗം പായും
കൊടിവച്ച കാറുകള്‍

ബീവരേജില്‍ ക്യൂവിലായ്
ഒന്നാം വരിക്കാരന്റെ
കുപ്പായത്തിലിരുന്ന്‍
ചേ ഗുവേര
പിന്‍ നിരക്കാരന്‍
മാവേലിക്ക് വഴിമാറി

ഉത്രടപാച്ചിലില്‍
ട്രാഫിക് ബ്ലോക്കുകള്‍ക്ക്
മുകളില്‍ ഇപ്പോഴും
പെയ്യുകയാണ് മഴ .....

നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Saturday, September 7, 2013



വാര്‍ത്തയിലെ ചോദ്യങ്ങള്‍ 
...................................................

ജീവിതത്തിന്റെ തിരക്കായിരുന്നോ
വളയം പിടിച്ചവന്‍ അവരെ 
മരണത്തിലെത്തിച്ചത് ?

രൂപയും ഡോളറും മത്സരിക്കേ 
കുഞ്ഞിരാമേട്ടന്റെ കുടുംബം 
വിഷചോറുണ്ട് മരിച്ചതെന്തേ ?

കറന്‍സിയിലെ പുതിയ
അമേരിക്കന്‍ ഒപ്പുകാരന്‍
ഗാന്ധിയെ പുറത്താക്കുമോ?

അത്തം കറുത്താലും
ഓണം വെളുത്താലും
പാസ്സായ പെന്‍ഷന്‍ ബില്‍
എന്തായിടും ?

അരവണയിലെ പല്ലി
അടപ്രഥമനിലും വീണീടുമോ ?

ഓണത്തിനിടക്കും
ആരുടെയൊക്കെ ഫോണ്‍
ചോര്‍ത്തപ്പെടും?

പോലീസിനെ പേടിച്ചു
മാവേലി കൌപീനത്തിനു
നീളം കൂട്ടുമോ?

(നിഷാദ് തങ്കപ്പന്‍ -തിരുവല്ല)

Tuesday, August 27, 2013

വരള്‍വരകള്‍
.................
മുറിഞ്ഞു പോകയാണ് പുഴ
എനിക്കും നിനക്കുമിടയില്‍ ,
മണ്‍തിട്ടകള്‍ക്കിടയില്‍
ജലദൂരം വറ്റി
ഒന്നാകുമ്പോള്‍
ദാഹങ്ങളില്‍
മുങ്ങി നിവരാന്‍
മരുഭൂമി മാത്രം

നേര്‍ നിലാവിന്റെ
മഞ്ഞില്‍ പൊതിഞ്ഞു
കാതങ്ങള്‍ കാത്ത
രാഗങ്ങളോക്കെയും
വരണ്ട മണ്‍കട്ടകളായി-
മടിശീലക്കുടുമയില്‍

നമുക്കിടയിലെ പുഴ
ഹൃദയ രക്തം
പെറിയിരുന്നോ
വരണ്ടുപോയതത്ത്രയും
സ്നേഹമായിരുന്നോ
ഇനിയൊരു പുഴ
ജനിക്കാന്‍ ഏതു
കലപ്പയേന്തണം ഞാന്‍

നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Sunday, August 18, 2013

മഴ നനഞ്ഞു ഈറനുറ്റിയ മരച്ചില്ലയിലിരുന്നു 
പൊന്നുറുമ്പുകള്‍ക്കും മരം കൊത്തികള്‍ക്കും 
പറയുവനോന്നു മാത്രം 
ഭൂമി ഋതുമതിയായത് 
അവളുടെ തിരണ്ടലൊരു 
പ്രളയമായത് രുധിരമിറ്റി 
ചെളികുഴഞ്ഞു മഴയായ് 
മരണമായ്‌ ....
മണ്ണിന്‍റെ മനമറിയാതെ മാനവന്‍ 
എല്ലാമറിഞ്ഞുള്ളാല്‍ ചിരിച്ചീ -
യുറുമ്പുകള്‍ ഇലക്കീഴിലീല്ലങ്ങള്‍ 
തീരത്ത് ....

       ഹാലൂസിനെഷന്‍സ്
.................................................

നിനക്കും എനിക്കുമിടയില്‍
സൗഹൃദം ചാലിച്ച വരയില്‍
ഇരു പുറം നില്‍ക്കെ
നമുക്കിടയില്‍ ഒരു വാക്കിന്‍ ദൂരം
വ്യഥ മുറ്റിയ ചിന്തകള്‍ സമ്മാനിച്ച്‌
ബന്ധങ്ങള്‍
ചിന്താഭാരമില്ലാത്ത ബന്ധങ്ങളില്‍
ബന്ധമില്ലാത്ത ചിന്തകളില്‍
ജീവിച്ചു മരിക്കാന്‍
എന്‍റെ തോന്നലുകളില്‍
ഒരു പട്ടമായി
ആകാശത്തൊരു മുറി
വാടകക്കെടുക്കും ഞാന്‍
വാതിലില്ല മുറികളില്‍
 മതിലില്ല മുറ്റത്ത്
എന്‍റെ ചിന്തകള്‍ ചിതറിയ
മേഘത്തറകളില്‍
നിഴല്‍ച്ചിത്രം ചേര്‍ക്കാന്‍
നീയുണ്ടെന്ന് തോന്നല്‍
എല്ലാം തോന്നലാവാം
ഹാലൂസിനെഷന്‍ .....

Monday, July 15, 2013



ഭിക്ഷ 
..................

വഴി മദ്ധ്യേ തെരുവിലെവിടെയോ
പിച്ച തെണ്ടിയ കുരുന്നു കൈകളില്‍
ചളുങ്ങിയ പിച്ചള പാത്രത്തില്‍
നാണയത്തുട്ടുകളില്‍ മിഴിയുടക്കെ 
ഭിക്ഷാടനം ,മാഫിയ മനസിന്റെ
ഒര്മപെടുത്തല്‍ 

കുരുന്നു കണ്ണിലെ ദൈന്യം
മറന്നു ഞാന്‍

വീടണയെ ഉമ്മറപ്പടിയില്‍
അച്ഛനെ കാത്ത് ഉള്ളില്‍
മധുരം കൊതിച്ച് മകള്‍

നേര്‍ക്ക്‌ നീണ്ട കുരുന്നു കൈകള്‍
വഴിയിലും പടിക്കലും

മനസിലെ മുറിപ്പാടിലെവിടെയോ
ഒരു നാണയത്തുട്ടിപ്പോളും
ഉത്തരം കിട്ടാതുരുളുന്നു....


      നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Sunday, July 14, 2013



ജലസമാധി 
.....................
നിത്യം തുഴയെറിഞ്ഞു നീ 
മുറിപ്പെടുത്തിയ പുഴയില്‍ 
ഒരു കര്‍ക്കിടക പെയ്ത്തില്‍ 
ഉണങ്ങാത്ത മുറിവായി 
ഓര്‍മയായ്‌ വിതുമ്പലായ് നീ ...

Saturday, April 13, 2013

  • മരിക്കാത്ത പരേതന്‍
    ...............................................
    നീ വരച്ച വരകളില്‍ വര്‍ണമേളങ്ങളില്‍
    നിറം മങ്ങിയോരെടായി ഞാന്‍
    എന്റെ ചിതലെറിയ അസ്ഥികൂടം
    പഴമയുടെ പ്രൌടിയില്‍ പ്രദര്‍ശന ഹാളില്‍
    പൊടിതട്ടി വെയ്ക്ക നീ
    എന്റെ തലയോട് പിളര്‍ന്നു ഹൃദയം
    തകര്‍ത്ത് എന്നിലെ എന്നെ
    നിന്‍ സ്വാര്‍ഥതയുടെ കരിമ്പാറമേല്‍
    തീ വെയിലില്‍ പോള്ളിചെടുക്കുക
    ചായം തേച്ച നിന്റെ ചിരികള്‍ക്ക്
    എന്റെ തകര്‍ച്ചയെ ഇത്ര കണ്ടു
    ആഘോഷിക്കാനാവുമോ അത്രമേല്‍
    കരുതുക നാളെ ഞാന്‍ നിനക്കുള്ള
    ഒര്മപ്പെടുത്തല്ലാണ്.

Thursday, April 4, 2013

ഇന്നലകളുടെ അക്ഷര മുറ്റത്ത്
നിലാവില്‍ തനിയെ നടന്നവന്‍
നിഴലില്‍ ആണി തറച്ച് ഒറ്റയാക്കപ്പെട്ടവന്‍
ഞാന്‍‍
കനലോഴിച്ചു ഞാന്‍ നട്ടതൊക്കെ
കടമെടുത്ത് പിരിഞ്ഞു പോയവര്‍
നിസ്സങ്കതകളുടെ കിളിക്കൂട്ടില്‍
പാഴ്നാരുപോലെ ഞാന്‍....
ഭൂതകാലത്തിന്റെ
ചെതുംപലുകളും പേറി
കൂനനുറുംപുകള്‍ പോലെ
ഓര്‍മ്മകള്‍
ഇട വിട്ടു തെളിയുന്ന തൂലിക
പോലെ ബന്ധങ്ങള്‍

Monday, March 18, 2013


                             
                                     ഹാങ്ങ്‌ ഓവര്‍

പാറപ്പുറത്ത് പുഴ വക്കില്‍
മഴനനഞ്ഞ് അങ്ങനെ കിടക്കാന്‍ തോന്നുന്നു ....
എന്നിലെ മാലിന്യങ്ങളെ മഴത്തുള്ളികള്‍
പുഴയില്‍ ലയിപ്പിച്ച്
ജ്ഞാനസ്നാനം ചെയപ്പെട്ട് ഞാന്.....
ചിന്തകള്‍ ഘനീഭവിച്ച് അര്ദ്ധ ബോധത്തില്‍ മനസിലെ നിലാവില്‍ ആടിയുലഞ്ഞു അങ്ങനെ നടക്കാം ..........
ആരുമറിയാതെ തന്നെത്തന്നെഅറിയാതെ....
ഉഷസില്‍ വീര്ത്ത കണ്പോളകളില്‍
നിദ്രാവിഹീന  രാവിന്റെ സാക്ഷ്യമായി ...
ഹാങ്ങ്‌ ഓവര്‍ ...............

Thursday, February 28, 2013

ഭരിച്ചു സേവിച്ച് ജനങ്ങള്‍ക്ക്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചാല് കേസെടുക്കുന്ന കാലമാണിപ്പോള്‍ ....എടുക്കുന്നെങ്കില്‍ എടുക്കട്ടെ എങ്കിലും പറയാതെ വയ്യ ...........
വര്‍മ്മ കമ്മിറ്റി ‍ റിപ്പോര്‍ട്ട്‌ ചര്‍ച്ചക്ക് വരുമ്പോള്‍
കൌരവ സഭയിലെ ദുശാസന രൂപം പൂണ്ട് പാര്‍ലമെന്റിന്റെ ഉപാധ്യക്ഷ പദവിയില്‍ പി ജെ കുര്യന്‍ ഇരിക്കുക എന്നാല്‍ ....
മൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡിന് പിന്നില്‍ സിംഹം തന്റെ ഇരക്കായി കാത്തിരുന്നു
എന്നതിന് തുല്യമാണ് .

Tuesday, February 19, 2013

ഓര്‍മകളുടെ വേനലില്‍ പുതുമഴപെയ്ത്
 ഈറനുറ്റി ഉമ്മറപ്പടിയിളിരുന്ന മനസിനോട്
 ഒന്നും ഉരിയാടാതെ ഞാന്‍ പടിയിറങ്ങി
നിത്യമുള്ള തിരക്കുകളിലേക്ക്
ബിസ്സ്നെസ്സ് ടാര്‍ഗെട്ടുകളിലെക്ക് .....
പിരി മുരുകുന്നതാണ് പിരിമുറുക്കം എങ്കില്‍
ലൂസ്സാക്കാമായിരുന്നു
,പിരിലൂസ്സയാല്‍ എല്ലാവരും പറയും അവനു വട്ടാണെന്ന്...
മുറ്റത്ത് കളിക്കുന്ന മകളുടെ കയ്യിലെ പട്ടമാവാന്
 ‍ഉമ്മറപ്പടിയിലിരുന്ന്‍ മനസിപ്പോള്‍ കൊതിക്കുന്നുണ്ടാവും,
പക്ഷെ ഞാനില്ലാതെ ....
അച്ചന്റെ മനസ് കൂട്ടായി നിനക്കുണ്ട് അച്ഛനോ ..?

Tuesday, January 8, 2013

  വഴിയേറെ പോകവേ ഞാനറിഞ്ഞു ...
പടിച്ചതോക്കെയും കളവാണെന്ന്
പിന്തിരിഞ്ഞെരെയുണ്ടിനിയും നേരിലെക്ക്
കളവുകളിലൂടെ ഇനിയും തിരിച്ചുപോക്ക്
വയ്യ .... പാതിവഴിയില്‍ നിര്‍ത്തട്ടെ ഞാന്‍ .....

Friday, January 4, 2013

പുരുഷ കേന്ത്രീകൃത സമൂഹം എന്നാ കേവല സ്ത്രീ പക്ഷ പ്രയോഗത്തിനപ്പുരം

 മൂലധന കേന്ത്രീകൃത സമൂഹം പ്രദാനം ചെയ്യുന്ന ആസക്തികളില്‍ അന്ധമായി

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വര്‍ത്തമാന

കാല ചിത്രം ഇത്ര വികൃതമയത്തില്‍ അദ്ഭുതപ്പെടാനില്ല ... പണആധിപത്യം

നമുക്ക് സമ്മാനിച്ച മൂല്യശോഷനതിന്റെ ധുര്‍മെധസ്സുകളില്‍ ... സ്ത്രീ എന്നത്

ഒരു ആസ്വാദന ഉപകരണം മാത്രമായിമാരുന്നുണ്ട്, മലാലെമാരും ഇറോം

ശര്മിലമാരും... പോരാട്ടത്തിന്റെ, പ്രതികരണത്തിന്റെയും മാലാഖമാരായി

നമുക്ക് മുന്‍പിലുണ്ട്,എങ്കിലും ഭരണകൂടം നോക്കുകുത്തികള്‍ ആവുകയും

അതിനു വെട്ടയാടപ്പെടുന്നവന്റെ സംരക്ഷകന്‍ ആവാന്‍ കഴിയാതെ വരികയും

ചെയ്യുമ്പോള്‍ .... ഇരകള്‍ ആക്കപ്പെടുന്നവര്‍ക്കായി ചെറുത്തുനില്‍പ്പിന്റെ

കോട്ടകള്‍ തീര്‍ക്കാന്‍ നമുക്കാവണം.