Thursday, December 11, 2014


ചുടലപ്പനി
....................
ദേശാടനക്കിളികളെ 
ചുംബിക്കരുത്‌ 
ഇത് പക്ഷിപ്പനിക്കാലം 
ചുംബിച്ചവര്‍ ചുംബിച്ചവര്‍
തീപ്പെട്ടു പോകുന്നു
കൂട്ടമായി
H-നും N-നും നമ്പരറിട്ടാല്‍
ആര്‍ക്കും ആരെയും
ചുട്ടുകൊല്ലാം
ചുട്ടുകൊല്ലികള്‍ വാഴും
കാലമിത് കലികാലം
പിതൃ നാമം നോക്കി
എന്നാണോ കൂട്ടച്ചുടല്‍
എന്‍റെ രാമാ ....

Thursday, November 27, 2014




വീട്ടിലേക്കുള്ള വഴി
****************************************
വീടിനു ചുറ്റും വഴികളായിരുന്നു
കര്‍ക്കിടകപെയ്ത്തില്‍
ജല ഞരമ്പുകളായി 
കടലാസ് തോണിക്ക്
കടലാഴമായി
ബാല്യത്തിനു കളിക്കളം
തീര്‍ത്ത
കൌമാരവും യവ്വനവും
പ്രണയവും കവിതയും
കാല്‍ നീട്ടി നടന്ന
ചെമ്മണ്ണ്‍ ചുവന്ന്
ഹൃദയ വിശാലതകളുടെ
നട വഴികള്‍
ആ വഴി കടലെടുത്താലും
നോവില്ലായിരുന്നു
എന്നിട്ടും ...
ഓര്‍മ്മകള്‍ക്ക് മുകളില്‍
കരിങ്കല്‍ ചീളുകള്‍ വിതറി
തിളച്ച ടാറില്‍ പൊള്ളിച്ച്
അപകട കുരുക്കിന്‍റെ
പച്ചകുത്തല്‍ "NH-47"
Adv Nishad Thankappan നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Tuesday, November 4, 2014

            രുചി ഭേദങ്ങള്‍
        .....................................
നീ പ്രാതലൊരുക്കുമ്പോള്‍
എന്നില്‍ അസ്തമയത്തിന്‍റെ
ചുവപ്പായിരുന്നു
നിന്‍റെ ഉച്ചകളില്‍ ഞാന്‍
നിശാജീവിയും
സായന്തനത്തില്‍ നീ
നിഴല്‍ കുറുകി ചുവന്നപ്പോള്‍
ഞാന്‍ പുലര്‍മഞ്ഞിലുറഞ്ഞ്
നിന്നില്‍ നിശാഗന്ധികള്‍ പൂക്കെ
എന്നില്‍ ഉച്ചവെയിലിന്‍റെ മൌനം
കൂട്ടി മുട്ടാതൊഴുകുന്ന
ജലരേഖകള്‍ പോലെ നാം
**********************************************
 നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
            അമ്മ മലയാളം
.................................................
പച്ചിലപ്പാതിയാം ഹരിതരൂപം
വിന്ധ്യനും സഹ്യനും കോട്ടയായുള്ളോരു 
ഗിരിശൃംഗമാലയ സന്നിധാനം
മാവേലിനാട്, മലയാളിനാട്
കേരത്തിന്‍ കേരളം
ചേരന്‍റെ ചേരളം
നാമങ്ങള്‍ മാറിയ
നല്ലനാട്
പൂണൂല്‍ പൊട്ടിച്ച നമ്പൂരിയാദ്യം
ബാലറ്റിലൂടെ ജയിച്ച നാട്
ദ്രാവിഡ ഗോത്രത്തില്‍
ഇത്തിരിയിലയിടം
ഭാഷയാല്‍ പകുത്ത്
അന്‍പത്തോന്നിന്‍
അക്ഷര കൂട്ടങ്ങള്‍
അര്‍ഥം ഭേദി-
ച്ചാവര്‍ത്തിച്ചെമകവും,
സാദൃശ്യം ചൊന്നുപമയും
കേക ,കാകളി ,രണ്ടക്ഷരം
കുറഞ്ഞത് മഞ്ജരി
ലഘുക്കള്‍ ഗുരുക്കള്‍
വര്‍ണ്ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷ അലങ്കാര
മേളങ്ങള്‍ അഹങ്കാരമില്ലാതെ
ശ്രേഷ്ഠ ഭാഷ
******************************************
Adv Nishad Thankappan നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
                 ചുംബനം
               ..................
മുപ്പത്തൊന്നു വെള്ളിക്കാശിനു
ചുംബിച്ചാണ് ഒറ്റിയത്
ചുംബിച്ചടക്കിയ ചോദ്യങ്ങളാണ് 
ഉത്തരങ്ങളേക്കാള്‍ ചരിത്രത്തില്‍....
കൊടുക്കല്‍ വാങ്ങലിലെ -
ആദ്യ ബാര്‍ട്ടര്‍
അധിനിവേശത്തിനൊപ്പം
കപ്പലിറങ്ങിയ ഫ്രഞ്ച്
ചാതുര്‍വര്‍ണ്യമേല്‍ക്കാത്ത
രാസ ക്രീടകളില്‍
പിറവിയുടെ നൊമ്പരക്കണ്ണീരില്‍
മരണത്തിന്‍റെ യാത്രമോഴിയില്‍
മഴയുടെ മഞ്ഞിന്‍റെ
ഭൂമീ ചുംബനങ്ങളില്‍ നീ ....
ഓടുന്ന ബസ്സിനുള്ളില്‍
ആളൊഴിഞ്ഞ ലേഡീസ് കമ്പാര്‍ട്ട്മെന്റ്റില്‍
റെയില്‍വേ ട്രാക്കില്‍ എന്നേ ...
നീ ചോര ചുവച്ചതാണ്
കടിച്ചു കീറപ്പെട്ടതാണ്
എന്നിട്ടും കന്നി മാസം
കഴിഞ്ഞപ്പോള്‍ ഒരു -
സദാചാരം .....
വ്യഥ മുറ്റിയ എന്‍റെ തൂലിക -
ത്തുമ്പില്‍ നിനക്കെന്തു സദാചാരം....... !
****************************************************
നിഷാദ് തങ്കപ്പന്‍ (തിരുവല്ല )

Sunday, October 19, 2014




തുലാ മഴ ചിന്തകള്‍ 
..................................
അന്തിയിലെ മഴ നീണ്ട് 
പുലര്‍മഴയായിരുന്നു 
ചിന്തകളില്‍ കനല്‍ കോരിയിട്ടാണ് 
നീ പോയത് 
എന്നില്‍ നിന്നടര്‍ന്ന്‍ 
പൊടിപിടിച്ച ചുവരില്‍ 
ഒരു കുഞ്ഞന്‍ തവള പോലെ 
പറ്റിപ്പിടിച്ച മനസ്സ്
പ്രതീക്ഷയുടെ തുരുത്തുകള്‍ 
ഉള്‍ത്തിരകളില്‍ ഉപ്പുരസമിറ്റി
ഭാവിയും വര്‍ത്തമാനവും 
കലഹിച്ച് 
മുഖപ്പച്ച വെളുത്ത് ഞാന്‍
ചെളി വെള്ളത്തില്‍ നീന്തി 
നിറം മാറാതെ നിഴല്‍
ക്ലാവെടുത്ത ഒട്ടുകിണ്ടി പോലെ 
പുളിയിട്ടുകുളിക്കാന്‍ 
നരപടം ഉരതിപ്പോളിക്കും 
നാഗമാകാന്‍ 
വെമ്പി മനം
ചേതന ഗൃദ്ധമല്ലിക്ക് 
നീട്ടിയ കുരുക്ക് എന്നില്‍ മുറുകുകയാണ് 
ആരാച്ചാരുടെ കുരുക്ക് . 


*************************
                             നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Thursday, September 4, 2014

ഓണക്കാഴ്ചകള്‍ 
.......................................
വൃത്താകാരത്തില്‍ 
പൂവിതളുകള്‍ പേറി 
ജ്യാമിതീയ കണക്കുകള്‍ 

ജീവിതക്കളത്തില്‍ 
സങ്കല്‍പ്പവും അനുമാനവും
മാറി അളവുകള്‍ തെറ്റി 
കളത്തിനു ചുറ്റുമായ്
പൈതഗോറസ്സും
ഐന്‍സ്ടീനും, ന്യൂട്ടനും
പ്രഖ്യാപിതര്‍ ബുജികള്‍
കാഴ്ചക്കാര്‍ .....

കസവിട്ട മേനികള്‍
കിലോബൈറ്റില്‍
കവര്‍ന്നെടുത്ത് വീര്‍ത്ത്
മെമ്മറി കാര്‍ഡുകള്‍

പൂട്ടിയ ബാറില്‍
അവസാന തുള്ളിയില്‍
സങ്കടക്കടല്‍ നീന്തി
വാസ്കോഡഗാമ

തീ പടര്‍ന്ന വിലയും
സ്റ്റോക്കില്ല ബോര്‍ഡും
പേറി സപ്ലേ കോ

മൂന്നടി കേസ്സില്‍
വര്‍ഷ പരോളില്‍
ഇനിയെന്ത് കാഴ്ചകള്‍

നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Sunday, August 17, 2014

ഒന്ന് ഒന്ന്‍ =രണ്ട് ( 1-1=2)
......................................

1. ബാഗ്ദാദ് :-
ഇന്ധനക്കിണറുകള്‍ 
വറ്റാതുറവകള്‍
അത്തര്‍ മണം പൂക്കും 
പ്രവാസ മരുപ്പച്ച 
നിസ്കാരപ്പായയില്‍ ഇടം 
പകുത്തവര്‍ 

ഇന്നലെ അസ്സലാമു ചൊല്ലിപിരിഞ്ഞവര്‍
സുന്നിയായ് ഷിയയായ്

മത വെറി മണല്‍ കത്തി
മൃത്യു കരിമ്പടം ചാര്‍ത്തും
മണല്‍ക്കാടുകള്‍
കാബൂളില്‍ ഗാസയില്‍
ബാഗ്ദാദില്‍ ഇറാക്കില്‍
ഇസ്ലാം ഇടിഞ്ഞൊരു
മണല്‍ക്കൂനയാകവേ
വിശുദ്ധ കാലത്തിന്നു
കുരുതിമണക്കുന്നു
പലായനം ചെയ്തു
പ്രവാചകന്മക്കള്‍

നിസ്കാരത്തഴമ്പില്‍ തോക്കിന്‍
കുഴല്‍ പൊട്ടി
ചൊല്ലുവാനുള്ളതോ
അള്ളാഹു അക്ബര്‍
ചന്ദ്ര ബിംബങ്ങള്‍ക്ക് മാറ്റു പോരാ

ഒരു മതം അന്ന്യോന്ന്യം ,അപരര്‍ക്കു
ആപത്തു വിതറുമോ !

2. ഗാസ :-
ജൂതനായ് ഇസ്ലാമായ്
ഒരു നാണയത്തിന്നിര്
പുറം ചേര്‍ത്തവര്‍
വേദപുസ്തകം പകുത്ത്
ഉറവിടം പക്കുത്ത്
ഇരുപുറം നില്‍പ്പവര്‍

ജൂതന്‍റെ ശിശുഹത്യ
യേശു നാമത്തിലോ
ഇടയന്‍റെ കുരുശേറല്‍
വ്യര്‍ഥമാകുന്നുവോ
മണ്ണും മതവും
മരണമാകുന്നു

നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
അല്‍ഷിമേഴ്സ്
........................................
മറവിയിലാണ് ഞാന്‍ 

പകല്‍ കീറിയുടുത്ത
പാല്‍ തെളിവാര്‍ന്ന 
ബാല്യത്തെ 

പകലിനെ പാതി 
നിലാവിനെ പാതി 

പ്രണയം നടിച്ച
കൌമാരത്തെ

സൂര്യനില്‍ വിരല്‍ തൊട്ടു
തീക്കനല്‍ കോരി
ചിന്തകള്‍ ചുവപ്പിച്ച
സര്‍ഗയൌവനത്തെ

ചതുരങ്കപ്പലകയില്‍
കറുപ്പില്‍ വെളുപ്പില്‍
കണ്ണിന്‍ വെളുപ്പില്‍
വെളുപ്പിലെക്കറുപ്പില്‍
അറിയാചൂതിലെ
കാണാച്ചതികളെ

നഷ്ടവര്‍ണങ്ങളെ
ഇടനെഞ്ചു പകുത്തു
ലോഹമുനകോര്‍ത്തു
എന്നെ പ്രോമിത്യൂസാക്കിയ
നിന്നെ
എല്ലാമറിഞ്ഞ എന്നെ

കരിപുരണ്ട ഇന്നലകളെ
ഇന്നിന്‍റെ ശൂന്യതയെ
ഓര്‍മകളുടെ അന്ധകാരത്തില്‍
ഞാന്‍ ...
 

നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
ഏറെയായി ഈ വഴി വന്നിട്ട് 
വഴി മറന്നതോ
മുടക്കിയതോ അല്ല
വിരസതകളുടെ 
വീര്‍പ്പുമുട്ടലുകളില്‍ നിന്നു
ഒളിച്ചോടി 
മൌനത്തിന്‍റെ ചിന്തയുടെ 
ദീര്‍ഘമായ ഇടവേള 
ഇനി പുതു വഴികള്‍ ..

Friday, April 18, 2014

          വിശുദ്ധ വാരം 
................................................
1: നിന്‍റെ തിരുമുറുവിന്‍
ചുടു രക്തം വീണു ചുവന്ന 
കലണ്ടറിന്‍ ചുവര്‍ക്കഴ്ചയില്‍
ക്രൂശിത വെള്ളിയുടെ 
മൂകതയ്ക്കുമപ്പുറം
ഒഴിവു ദിനത്തിന്‍റെ
തുടിക്കുന്ന പ്രതീക്ഷ

2: ആഴ്ച തന്‍ ആദ്യദിനം
നീ ഉയിര്‍ക്കുന്നതും കാത്ത്
നുരയടക്കി വീഞ്ഞിന്‍ കുടങ്ങള്‍
നിറയാന്‍ വെമ്പി കാസകള്‍
നോമ്പ് മുറിക്കാന്‍ വിശ്വാസി
അറവുശാലകളില്‍ നിന്‍
പിറവിക്കിടമെകിയോര്‍-
ക്കന്ത്യ കൂദാശ 

3: തിരുസഭ : തിരു ശരീരം
ആതുര സേവനത്തിന്‍
ലാഭേച്ഛകളില്‍
ബിരുദ ബിരുദാനന്തര
വിപണിയില്‍
വിലപേശലില്‍
സഭാ തര്‍ക്കങ്ങളില്‍
നിന്‍ തിരുശരീരം
പകുത്ത് ,കല്പനകള്‍
കരിച്ച് വിഭൂതിയണിഞ്ഞ്
പൌരോഹിത്ത്യത്താല്‍
വീണ്ടും വീണ്ടും
ക്രൂശിക്കപ്പെട്ടു നീ ...

നിത്യം മരണപ്പെടുന്നവന്
ഉയിര്‍പ്പിന് ദിനമെവിടെ .?

നിഷാദ് തങ്കപ്പന്‍ (തിരുവല്ല)
          നീ 
...............................
എന്നില്‍ കവിത തുടിച്ചത്‌ നീ
വളര്‍ന്നു വഴി പിരിഞ്ഞിട്ടും 
തണ്ണീര്‍ കുടിയനെ പോലെ 
എന്‍റെ വക്ക് പൊട്ടിയ സ്ലേറ്റില്‍ 
നനവായ് ...
വിളര്‍ത്ത കടലാസില്‍ തെളിയാക്ഷരങ്ങളില്‍ 
വര്‍ണ്ണമായ് നീ 
നിന്നിലാരംഭിച്ച് വഴിയവസാനിച്ച 
നേര്‍ത്ത വരപോലെ ചിന്തകള്‍
നമുക്ക് പിറന്നതത്ത്രയും
ഉണ്ണികളായിരുന്നില്ല
ചിന്തകള്‍ ഗര്‍ഭം ധരിച്ച
കവിതകള്‍ മാത്രം .

Thursday, February 27, 2014

അ ... മ്മ 
................................
ആദ്യാക്ഷരമറിയും മുന്‍പ് 
നീ പഠിപ്പിച്ചതും ഞാന്‍ പഠിച്ചതും 
അമ്മിഞ്ഞപ്പാല്‍ പോല്‍ 
നേര് ചുവച്ചെന്നില്‍
മധുരമായി ഗന്ധമായ് 
വിശ്വാസമായി 
നീ എന്നില്‍ നിറച്ചതും 
നിന്നെത്തന്നെ ആയിരുന്നു 
അമ്മ .....

അമ്മ തന്‍ തൊഴുകയ്യില്‍
ഉണ്ണിക്കൈ ചേര്‍ത്ത്
അമ്മ കാട്ടിത്തന്ന ആ....
അമ്മ ...

ഇന്നലെ അമ്മതന്‍ വിശുദ്ധ നരകം
കാട്ടി ഒരു ദേശാടനക്കിളി
എന്തോപറഞ്ഞു പൊയ്

ഉടഞ്ഞു വീണ രണ്ടക്ഷരങ്ങള്‍
പെറുക്കവേ, അ.. യ്ക്ക്
മുന്‍പില്‍ ആദ്യാക്ഷരം പെറ്റ്
അ...,ആഭിചാരം ,അശ്ലീലം
'വെട്ടു'വഴികളില്‍ വിരുന്നുണ്ടവര്‍
..........................................................
അവന്‍റെ രക്തസാക്ഷിത്വവും 
നിന്‍റെ വൈധവ്യവും 
നൊമ്പരങ്ങള്‍ക്കപ്പുറം
ആഘോഷമായിരുന്നോ..?
ചാനല്‍ ചര്‍ച്ചകളില്‍ 
മുതലക്കണ്ണീര്‍ കയങ്ങളില്‍ 
മുക്കിയും 
ലാഭത്തിന്റെ തുലാസില്‍ 

പങ്കുവച്ചും
പരേതന്‍ വീണ്ടും വീണ്ടും
കൊല്ലപ്പെട്ടിരുന്നുവോ ..
302,ഉം 120ബി യും
ബാധിക്കാത്ത കൊലകള്‍

തെക്കുള്ളോരു കുലം കുത്തിക്കു-
ജയമുറപ്പിക്കാന്‍
വടക്കെന്നോ കൂറുമാറിയവന്‍റെ
ബലിക്ക് വിലയിട്ടു വിറ്റവര്‍
വെട്ടുവഴികളില്‍ കവിതകള്‍
രചിച്ചവര്‍
വാക്കുകളില്‍ കൊലക്കു
ലാക്കുകാണുന്നവര്‍
പണ്ഡിതര്‍.., പരേതന്‍റെ
പിണ്ഡച്ചോറും മൃഷ്ടാനം
കഴിപ്പവര്‍
നിങ്ങള്‍ 'വെട്ട്'വഴികളില്‍
വിരുന്നൂണുകാര്‍
ഇലയിട്ടിരുന്നവരില്‍
നീയും....(രമേ )
ഒക്കെയുമോടുവിലായ്
എന്തിനീ നിരാഹാരം ..?

(നിഷാദ് തങ്കപ്പന്‍ ,തിരുവല്ല
)
കാലിഡോസ്കോപ് 
................................................
മഷി വറ്റി വരണ്ടു ചിന്തകള്‍ 
നാരായമുനയൊടിഞ് അപൂര്‍ണമാം
ഈ താളിയോലയില്‍ 
ജീവിതം പകര്‍ത്തവേ 
മഞ്ഞു പൂത്ത സന്ധ്യകള്‍ 
കൊതിച്ചമനമിന്നു 
സ്വപ്‌നങ്ങള്‍ കത്തിയ 
വിഭൂതിയില്‍ പുതഞ്ഞു 
യോഗികണക്കെ
എന്നില്‍ നിന്നേറെയകലെ...
കറുത്ത ചിത്രങ്ങള്‍ മാത്രം
കാട്ടുന്ന കാലിഡോസ്കോപ്
പോല്‍ കാലം
ശീര്‍ഷകമില്ലാത്ത കവ്യമായ്
ഞാന്‍..
വര്‍ണചിത്രങ്ങള്‍ തേടി
ജീവിതക്കുഴലില്‍
ഏതു പുറം തിരിക്കെണ്ടൂ...?

(നിഷാദ് തങ്കപ്പന്‍,തിരുവല്ല)