Saturday, September 21, 2013



       ഇടുക്കി ഡാം 
.....................................

പാണ്ഡവശാപത്തിനറുതി പോല്‍ 
ജലബന്ധം നിറച്ചു നില്‍പ്പൂ 
കുറവനും കുറത്തിയും 
ജലമേളങ്ങളില്‍ ഓളങ്ങളില്‍ 
മൃദു ചുംബനങ്ങളില്‍ 
മിഴിചിമ്മാതെ ഇരുപുറവും 
വിരഹത്തിന്റെ സംവത്സരങ്ങള്‍

ഏറെ ദൂരേ ആ
കുന്നിന്നു ചാരെ
പൂത്തു നില്‍ക്കും
കാട്ടു ചെമ്പകചോട്ടിലായ്
കുടിയിരിപ്പുണ്ടൊരു രക്തസാക്ഷി
പുനസമാഗമാനത്തിലിന്നലെ
കാരണഭൂതന്‍ കാടിന്‍റെ
പുത്രന്‍ കൊലുമ്പന്‍
മര്‍ത്യ സ്വാര്‍ത്ഥത കുടിച്ചു -
വറ്റിച്ചൊരാ നഷ്ട ജീവന്നു
പ്രതീകമായ്

ഒട്ടുമെലെയായ്
കാലപ്പഴക്കത്തില്‍
ഭിത്തികള്‍ വിണ്ടൊരു
തോഴിയുണ്ട്
അതിരു തര്‍ക്കങ്ങളില്‍
വ്യവഹാര പാത്രമായ്
പട്ടിണി സമരങ്ങള്‍ക്ക്
മുദ്രാ ഗീതമായ്
മുല്ലപ്പെരിയാര്‍

                നിഷാദ് തങ്കപ്പന്‍ (തിരുവല്ല)


Saturday, September 14, 2013



     ഉത്രാട മഴ 
...................................

ഉത്രാട പുലരി മഴകുളിച്ച് 
ചെളികുഴഞ്ഞു നടപ്പാതകളില്‍
ഭൂപടം തീരത്ത് 

ഉമ്മറത്തിണ്ണയിലെ 
അത്തക്കളങ്ങള്‍ തിന്നു 
മഴച്ചാലുകള്‍ 

ഓണത്തപ്പന്റെ
കളിമണ്‍ പ്രതിമ
മഴയില്‍ മുഖമൊലിച്ച്
അന്ധനായി

മുറതെറ്റിയ പെണ് പോലെ
അസ്വസ്തയായ് ഭൂമി

ദ്രവ്യ ശൂന്യമായ കീശ
ഉത്രാടപ്പാച്ചില്‍

താനറിയാതെ നാടിനൊപ്പം
പണയപ്പെട്ടു പോയ ജനം

തകര്‍ന്ന പാതകള്‍ക്കുമേല്‍
വമാനന്മാരുമായ്
ശരവേഗം പായും
കൊടിവച്ച കാറുകള്‍

ബീവരേജില്‍ ക്യൂവിലായ്
ഒന്നാം വരിക്കാരന്റെ
കുപ്പായത്തിലിരുന്ന്‍
ചേ ഗുവേര
പിന്‍ നിരക്കാരന്‍
മാവേലിക്ക് വഴിമാറി

ഉത്രടപാച്ചിലില്‍
ട്രാഫിക് ബ്ലോക്കുകള്‍ക്ക്
മുകളില്‍ ഇപ്പോഴും
പെയ്യുകയാണ് മഴ .....

നിഷാദ് തങ്കപ്പന്‍ (തിരുവല്ല)

Saturday, September 7, 2013



വാര്‍ത്തയിലെ ചോദ്യങ്ങള്‍ 
...................................................

ജീവിതത്തിന്റെ തിരക്കായിരുന്നോ
വളയം പിടിച്ചവന്‍ അവരെ 
മരണത്തിലെത്തിച്ചത് ?

രൂപയും ഡോളറും മത്സരിക്കേ 
കുഞ്ഞിരാമേട്ടന്റെ കുടുംബം 
വിഷചോറുണ്ട് മരിച്ചതെന്തേ ?

കറന്‍സിയിലെ പുതിയ
അമേരിക്കന്‍ ഒപ്പുകാരന്‍
ഗാന്ധിയെ പുറത്താക്കുമോ?

അത്തം കറുത്താലും
ഓണം വെളുത്താലും
പാസ്സായ പെന്‍ഷന്‍ ബില്‍
എന്തായിടും ?

അരവണയിലെ പല്ലി
അടപ്രഥമനിലും വീണീടുമോ ?

ഓണത്തിനിടക്കും
ആരുടെയൊക്കെ ഫോണ്‍
ചോര്‍ത്തപ്പെടും?

പോലീസിനെ പേടിച്ചു
മാവേലി കൌപീനത്തിനു
നീളം കൂട്ടുമോ?

(നിഷാദ് തങ്കപ്പന്‍ -തിരുവല്ല)