Tuesday, December 1, 2020

ജണ്ടർ ക്വിർ

 ജണ്ടർ ക്വിർ

* * * * * * * * 

ഈശാന കോണിലെ

ഇല്ലത്തും കരി തട്ടിയിട്ടപ്പോഴാണ്

പടർന്ന കൺമഷിക്കണ്ണിൽ

പൊടിയൂതിയ ഓർമ്മ

ചിലന്തി വല പൊട്ടിച്ച് വന്നത്


അടുക്കളപ്പാതിയിൽ വരച്ചകളം

ചോന്ന് പടർന്ന്

കണ്ണു നീരിറ്റി കഴുകിയതിന്റെ ശോകം പിന്നെയങ്ങ് വെന്ത ഓരോ വറ്റിലും

കറപിടിച്ച് കിടന്നു


ഉടയോന്റെ ഉടലാധിപത്യമായിരുന്നു

ഇഴയടുപ്പത്തിനപ്പുറം

നേരം നോക്കിയെത്തിയ വേട്ടയും


വഴങ്ങലുകളുടെ കാലത്തു നട്ട മരങ്ങളിൽ

പ്രതിരോധത്തിന്റെ വിത്തുകൾ

മുളയ്ക്കുന്നുണ്ട്

അവയുടെ തണലുകളിലിരുന്ന് 

ഹുക്ക വലിച്ച് പരസ്പരം ചുംബിച്ച്

അവർ വിളിച്ചു പറയും

പോളിയാൻട്രീ... പോളിയമോറി


ആണാധിപത്യത്തിന്റെ കഴുത്തിൽ

ഫ്രില്ലുള്ള ബ്രായുടെ

ബാന്റ് കെട്ടി കണക്കു പറയും

ഫെമിനിസം


ചിലന്തിവലകൾക്ക് മുകളിലെ

പെണ്ണടയാളങ്ങളെ നോക്കി

നേടുവീർപ്പിടുന്ന

ആൺകോയ്മയുടെ

അസ്ഥികൂടങ്ങളാവും

അടുക്കളക്കാഴ്ചകളിൽ.

 

                         അഡ്വ: നിഷാദ് തങ്കപ്പൻ

പുഷ്പക്കണ്ടത്തെ വീട്

 പുഷ്പക്കണ്ടത്തെ വീട്

* * * * * * * * * * * * * * *

സ്നേക്ക് പ്ലാന്റുകൾ

വേലിയിട്ട മൺ വഴികൾക്കപ്പുറം

കൊങ്ങിണി പൂത്ത്, കായ്ച്ച് ,പഴുത്ത്


മുള്ളു മരം കടന്ന് മൺതിട്ടയിറങ്ങി

അകം ചുവന്ന പേരയ്ക്കാമരമുള്ള

മുറ്റം ,വീട്

ചണച്ചാക്കുകളിൽ ഒളിപ്പിക്കാനാവാതെ

ഗന്ധം പുറത്ത് ചാടി

കുരുമുളകും കാപ്പിയുമുണങ്ങിയുണങ്ങി


തെറുത്ത് വച്ച് കെട്ടിയ പരമ്പുകളിറയത്ത്

പൂച്ചകൾക്ക് ഒളിയിടങ്ങൾ


ഇല്ലത്തും കരിമുറ്റിയ ഈറ്റ മച്ചിലെ കയറിൽ

പഴുത്താടുന്ന ഞാലിപ്പൂവൻ


കാനത്തിലെ ഭൂമിയലിഞ്ഞ് കലങ്ങിയ

വെളളത്തിന്റെ തണുപ്പിൽ വിറച്ച്

അലുമിനിയം കുടം തുളുമ്പി

നനവ് പടർന്ന ചാണകത്തറ


അച്ഛൻ പെങ്ങടെ മകന് മാത്രം പ്രവേശന പാസുള്ള മുറിയിലിരുന്ന് മഴക്കണക്ക് നോക്കി മണ്ണഴകിന്റെ മൂല്യമെണ്ണി തെറുപ്പ് ബീഡി കെട്ടി പുകച്ച് വല്ല്യപ്പൻ


അടുക്കളപ്പടിയിൽ പത്ത് പത്ത്മാസങ്ങളുടെ

കരുത്തിൽ കരുത്തു കെട്ട് വെറ്റില മുറുക്കിലാകെ കൊതികളടക്കി

വല്ല്യമ്മ


ചന്ത ദിവസത്തെ മലയിറക്കത്തിലെ 

അര സഞ്ചി കുരുമുളകിൻ കരുത്തിൽ

ഉപ്പു കർപ്പൂരാതി ചുമടാക്കിയ മലകയറ്റത്തിന്

ചന്തക്കവലയിലെ ഷാപ്പിന്റെ ഗന്ധം

താളം


ബിസ്കറ്റുപാട്ട ഒരു വശം ചില്ലിട്ടകം 

കാണുന്ന നിലക്കടലയുടെ മണവുമായ്

മമ്മൂഞ്ഞണ്ണന്റെ പാറക്കട


പിങ്ക് ജുബ്ബയും കാപ്പിക്കളർ നിക്കറുമിട്ട്

അച്ഛൻവീട്ടിൽ പോണ കാലത്ത്

ഇതൊക്കെയങ്ങനെയാരുന്നു


കാറ്റാടിയന്ത്രം വന്നപ്പോഴേയ്ക്ക്

കാപ്പിക്കുരുമണക്കുന്ന കാറ്റിൽ

കറണ്ടുണ്ടായ കാലത്ത്

ക്യാൻസറ് വന്ന് രണ്ട് മൺകൂനകളിൽ

കാരണവന്മാർ അടയാളപ്പെട്ടു കിടന്നു


അതിര് തർക്കിച്ച് വെളുത്ത തങ്കൻ

കറുത്ത തങ്കനെ വിളിച്ച തെറികൾ

ചിറ്റീന്ത് പടർന്ന ചരുവുകളിലെ

കരിമ്പാറകളിൽ വെളുത്ത പായലായി ഉണങ്ങിപ്പിടിച്ച്


കർക്കിടക വറുതിയിൽ ചെമ്പെടുക്കുന്ന

വില്പനക്കാരൻ ചെമ്പ് കനിയും

പുല്ല് വാറ്റുന്ന പുല്ല് കാക്കായും

പ്രത്യേകിച്ചൊന്നും ചെയ്യാത്ത ശേഖരൻ ചേട്ടനും മലമണ്ണിലലിഞ്ഞു ചേർന്നിരുന്നു


കോമ്പയാറിലപ്പന്റെ പഴയ ചായക്കടയുടെ

തട്ട് വാതിലിപ്പോഴും നീല നിറമുണ്ട്

ബാല്യ മിത്രങ്ങളിലൊരു ബ്ലസൻ മാത്രം പേരിനാൽ ഓർമ്മയിലടയാളം


ടാർ റോഡ് വന്ന കൂടെ പുഷ്പക്കണ്ടത്തെ

കളിസ്ഥലത്ത് പള്ളിയും പള്ളിക്കാരുമായ്

മതവും മതിലും വന്നു വഴിക്കാഴ്ചകൾ

മൗനം തല കുമ്പിട്ടു നടന്നു


എങ്കിലും ഞാനെത്തുമ്പോളിപ്പോഴും 

മുള്ളുമരം കായ്ക്കുകയും

ചുറ്റീന്തിൻ കാടുകൾക്കിടയിൽ നിന്ന്

പൊക്കിൾകൊടി പൊട്ടിയൊരു കാറ്റ്

മുടി പാറിയെത്തുകയുമുണ്ട്


പറിച്ചു നടപ്പെട്ടവന്റെ

തായ്വേരോർമ്മകൾ ബബ്ലൂസ് നാരകത്തിന്റെ മധുരിക്കുന്ന പുളി പോലെ

പല്ലു കോച്ചുന്നു

കൊങ്ങിണിപ്പടർപ്പുപോലെ മുള്ളുകളിലും

പുഷ്പിച്ച് പടർന്ന് പടർന്ന്.


          അഡ്വ.നിഷാദ് തങ്കപ്പൻ

രാത്രി വണ്ടി

 രാത്രിവണ്ടി

* * * * * * * 

ഏറെ നേരം പോയൊരു 

രാത്രി തൻ ഓരം പറ്റി

ഒറ്റയാൾ മാത്രമായൊരു 

നിശബ്ദതയും പേറി

ആത്മഹത്യാമുനമ്പിലേയ്ക്കൊരു വണ്ടി

ചുരം കയറുന്നു


അയാൾ അവസാനമെഴുതിയ

കവിതയിൽ മരിച്ചൊരാത്മാവ്

പിൻസീറ്റിലിരുന്ന്

പാറുന്ന മുടിയിഴകളുടെ

ഈണമളക്കുന്നു


പിൻതിരിയപ്പെടാനിടം കൊടുക്കാതെ

ചന്ദ്രിക കണ്ണിറുകെപ്പൂട്ടി

കറുത്തെരു തുണ്ടിൻ പിന്നിൽ

ശ്വാസമടക്കുന്നു


അറുത്തുമാറ്റപ്പെട്ട വേരുകളുടെയറ്റം

നീലിച്ച് നീലിച്ച് കുറ്റപത്രം കുറിക്കുന്നു


ഒച്ചയുണ്ടാക്കാതെ ഓടാമ്പലെടുത്തിറങ്ങുമ്പോൾ

നിദ്രപുൽകിക്കിടന്ന ജന്മകർമ്മങ്ങളുടെ

കിനാക്കളിൽ കരിന്തേൾ കുത്തുന്നു


സംഘർഷങ്ങളുടെ തുരുത്തുകൾ പൊട്ടിച്ച്

ഉറച്ച് പോയ വഴിനിശ്ചയത്തിന്റെ കരുത്തിൽ

നിശബ്ദത വീണ്ടും വീണ്ടും

ഇരുട്ട് ചവയ്ക്കുന്നു


വഴിവക്കുകളിൽ വിധിയുറച്ചവന്റെ

യാത്രയ്ക്ക് ദുരാത്മാക്കളുടെ നിഴലാട്ടം

കണ്ണാടിയിലെ പിൻകാഴ്ചയിൽ

പിൻതുടരുന്നുണ്ട്

സമയമുറപ്പിച്ചൊരു കുരുക്ക്


ഒറ്റ വണ്ടി മാത്രം പോകാൻ പാകമിടുങ്ങി -

യൊരു വഴി 

മടക്കമില്ലാത്തവരുടെ വണ്ടികളെ കാത്ത്

രാത്രി കറുപ്പിച്ച് വിശന്നു കിടക്കുന്നു


പുറപ്പെടും മുൻപേ മരണപ്പെട്ടൊരു

കവിതയിലയാൾ

നഖം കടിക്കുന്നു നഗ്നമാവുന്നു....! 


                     അഡ്വ: നിഷാദ് തങ്കപ്പൻ