നിന്റെ പെയ്ത്തുകൾ
......................................
സന്ധ്യയിങ്ങനെ കുതിർന്നു പെയ്യട്ടെ
ഞാൻ വരണ്ട മൺകട്ടകൾക്കിടയിൽ
നിന്റെ ദാഹമായ് കാത്തിരിപ്പുണ്ട്
ഓരോ കാലവും തെറ്റി ...
മോഹങ്ങളിങ്ങനെ പെയ്തിറങ്ങട്ടെ
ഞാൻ കലാന്തരങ്ങളുടെ
പുസ്തകത്താളുകളിൽ
ചിതലരിച്ച ഏടിന്റെയറ്റത്ത്
അർദ്ധവിരാമത്തിന്റെ കറുത്തപൊട്ടിൽ
കുരുങ്ങിക്കിടപ്പുണ്ട്
നിന്റെ മുഴക്കങ്ങളുടെ വെളിച്ചമിങ്ങനെ
ഇരുൾ തുരന്നുവരട്ടെ
ഞാൻ ആൽപ്സിന്റെ താഴ്‌വരയിൽ
ആരോ കുഴിച്ചിട്ട ദ്രവിച്ച
സംസ്കൃതികളുടെ അന്ധതകൾക്ക്
കൂട്ടിരിപ്പുണ്ട്
നീ കലങ്ങിയൊഴുകി
ആമസോണിനെയാവാഹിച്ച്
ഭൂഖണ്ഡങ്ങളിൽ പരന്ന്
എന്നിലേയ്ക്ക് നീളുക
കടലുപ്പേൽക്കാതെ കരൾ നിറയെ
മരുഭൂമികളുടെ
മൺകൂനച്ചാർത്തുകളുമായ്
ആകാശച്ചുവട്ടിൽ ഞാനുണ്ട്
ഓരോ പെയ്യലുകളും ചെന്നെത്തുന്നത്
മോഹങ്ങളുടെ നയാഗ്രകളിലേയ്ക്കാണ് പെണ്ണേ...
അഡ്വ: നിഷാദ് തങ്കപ്പൻ