അതിരു വറ്റാത്തുരുത്തുകൾ
.................................................
നാളുകളേറെ കഴിഞ്ഞു പോയീ
വഴികളോ മാറിപ്പതിഞ്ഞു പോയീ
ഒട്ടുമേ യോർക്കാതിരുന്ന
നേരംകൊത്തു
പാട്ടു പോൽ നീ
യെന്നിലൂളിയിട്ടു
ചെപ്പൊഴിഞ്ഞെന്നോ അടർന്നുപോയാ
സിന്ധൂര സന്ധ്യ നീ ചായമിട്ടു
ചേമന്തിയായ് നീ വിരിഞ്ഞ
നേരം ഞാനാ ചക്രവാളത്തിലെങ്ങോ
കൊരുത്തു വീണു
പിന്നെ ഉണരാതിരുന്ന നാദങ്ങളെ
ചുറ്റിവരിഞ്ഞുടുത്തിത്രയെത്തി
എന്നിട്ടുമെന്തേ കറുക്കുന്നതിങ്ങിനെ
കന്മദം പോൽ കടുക്കുന്നതിങ്ങനെ
കാത്തിരിപ്പോരോ രാകിമിനുക്കീയ
കാടന്റെയസ്ത്രമായ് നോവു തേടെ
പാട്ടും പ്രണയവും പകുത്ത് നൽകാൻ
പാരായ പാരിൽ നീ മാത്രമെന്ന്
ഒന്നുറക്കെ ഉച്ചത്തിലൊരു
മാത്ര ചൊല്ലിടാൻ
എന്റെയൂഴമടുക്കാത്ത
തോണിയില്ലാക്കടവിലായൊറ്റയ്ക്ക്
നീർ മഴുവെട്ടേറ്റ് നിർലജ്ജ
നിരാലമ്പ സ്വപ്ന മുറിവുകൾ
ചോര ചാലിട്ടീപുഴയിലലിഞ്ഞ്
ഒഴുകി ചക്രവാളം പൂകി
ചുവപ്പിച്ച് ഞാൻ
ഉറക്കെ ഓതിടാം
കാത്തിരിപ്പിന്റെ രക്തഗീതം
അപ്പോഴും നേരമാവാതെ
പറയാതെ മറയാതെ
മൗനം കൂർപ്പിച്ച നോട്ടമായ്
നീയതിരു കാക്കുക
കടലുമാകാശവും പുണരാതിരിക്കട്ടെ.
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment