Saturday, November 12, 2022

 കളവുകളുടെ ഭ്രമണം

* * * * * * * * * * * .* *

രണ്ട് കളവുകളുടെ പ്രഭാതസവാരി 

നിത്യം കാണുന്ന ഒരുവന്റെ

പകൽ നടത്തമാകെ താളം തെറ്റുന്നുണ്ട്


നടപ്പ് നിർത്തിപ്പോയ പല മൗനങ്ങളും

കളവുകളെ കണ്ടില്ലാ എന്നു നടിച്ചിരുന്നെങ്കിൽ ഇന്നും വാചാലമായേനെ


കളവുകൾ പായലുകൾ പോലെ പറ്റിപ്പിടിച്ച് പടർന്ന് വഴുക്കുന്ന വഴികൾ തീർക്കുന്നുണ്ട്

ഇടയിരിപ്പിടങ്ങൾ കൂടി കയ്യടക്കി

പരന്ന് പരന്ന് പകലുകളാകെ മുറിയുന്നുണ്ട്


നട്ടുച്ചകളുടെ തുറിച്ച കണ്ണുകളിൽ

കളവുകൾ മേലങ്കിയിട്ട് അടക്കം പറഞ്ഞ്

തീൻമേശകളിൽ വിഷം തളിക്കുന്നു


ഇടയ്ക്ക് പരസ്പരം ചെളി തെറിപ്പിച്ച്

ശരിയെന്ന് ആർത്ത് വിളിച്ച് സത്യത്തെ

ഊതി ഊതി കെടുത്തുന്നു


വഴിമുറിച്ചുകടക്കുന്ന ഏതൊരുവനെയും

പച്ചകാട്ടി അപകടപ്പെടുത്തുന്നു

ആർത്തു ചിരിക്കുന്നു


കുമ്പസാരക്കൂടുകളിൽ പോലും

അസത്യം വിളമ്പി തിരുശരീരത്തിനായ്

നാവ് നീട്ടുന്നു

സ്നാനപ്പെട്ട് പൂണൂലഴിച്ചതിൽ ഊറ്റം കൊള്ളുന്നു


അസത്യത്തിന്റെ പക്ഷം മറച്ച് 

ശരിയുടെ തുലാസിൽ തൂങ്ങി

സമയ ഘടികാരത്തെയാകെ

തെറ്റിച്ച് ധൂമകേതുക്കളെയാവാഹിക്കുന്നു

അച്ചുതണ്ടാവാൻ കലഹിക്കുന്നു


അന്തിച്ചർച്ചക്കാരുടെ സംഘത്തെ കണ്ട് കണ്ട്

ചാനൽ പരിപാടി നിർത്തി വൈകിട്ട് നടക്കാനിറങ്ങുമ്പോൾ

കളവുകൾ നിഴൽ രൂപം പൂണ്ട് തന്നെയാകെ കറുപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ്

പ്രഭാതവും, ഉച്ചകളും, സന്ധ്യയും നഷ്ടപ്പെട്ട്

അയാൾ ഇരുളായി മാറുന്നു കണ്ണുകൾ ഇറുകെയടയ്ക്കുന്നു.


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment