Saturday, November 12, 2022

 വിഷാദത്തിന്റെ മുഖപ്പച്ചകൾ 

ചുംബിച്ചടർത്തണമെന്ന്

ഒരോ നോട്ടത്തിലും

നീ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു

കടം പറ്റിയ ജീവിതങ്ങളുടെ

നിഴലുകളിൽ ചാഞ്ഞ് പതിക്കുന്ന

വെയിൽ തുണ്ടുകളാണ് നമ്മളെന്ന്

ഓരോ നെടുവീർപ്പിലും ഓർമ്മിപ്പിച്ച്

കാത്തിരിപ്പുകളുടെ

ദൈർഘ്യങ്ങളിൽ പരിതപിച്ച് 

ഓരോ തിടുക്കവും

ആഴങ്ങളിൽ കോർത്ത്

നീ ഒരു ഒറ്റാലാവുന്നുണ്ട്


രാത്രി കവിതയായ്

നിലാനൂലാൽ കോർത്ത 

മുത്തു പോലെ രഹസ്യമായ്

മിന്നി മിന്നി നീയെന്ന 

ഇടനാഴിയിലേയ്ക്ക്

വലിച്ചു കൊണ്ട് പോകുന്നുണ്ട്


ഹിമാവരണങ്ങളിൽ

ഇഴയലുകളുടെ ഭൂപടം തീർത്ത്

നിന്റെ കാലം കൊത്തിവച്ച

മാർബിൾ പാളിയിൽ

ഋതു ഭേദങ്ങളില്ലാതെ 

ഞാൻ തനിച്ചാണെന്നതറിയാതെ

വീണ്ടും വീണ്ടും...!

                        അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment