Saturday, November 12, 2022

 കരുതലുകളുടെ അശ്ലീലം

.............................................

പഴകിയടർന്ന ക്ലാസ് ഫോട്ടോയിൽ 

കണ്ണട വച്ച കനം കുറഞ്ഞ

മുഖം കാട്ടി ചോദ്യം

അറിയുമോ..?

മനസ്സ് തേഞ്ഞ റബ്ബർ ചെരുപ്പിന്റെ

ഭൂപടം പോലെ തിരഞ്ഞ്

പച്ച കത്തിക്കിടന്ന 

ഡോളർ സൗന്ദര്യത്തിന്റെ

ഇൻബോക്സിൽ ചങ്കേന്ന് വിളിച്ച് 

പ്രണമിച്ചു


അപരിചിതമിത്ര വിളക്കിച്ചേർത്ത്

കനപ്പെടുമെന്നത്

തെളിയിച്ച് ചാറ്റ് ബോക്സ്


അസൂയ കണ്ണുകൾ

അപസർപ്പകങ്ങളായി തികട്ടി

സൈബർ ഉമ്മറത്ത് 

ദഹനമറ്റ് കിടപ്പുണ്ട്

അപ്പോഴും ഞാനും അവളും

മഴയെക്കുറിച്ചും 

അഗ്നിപർവ്വത ലാവകളിലെ

തിളയ്ക്കുന്ന ഭൂമിവേവിനെക്കുറിച്ചും

സംസാരിച്ചു കൊണ്ടേയിരുന്നു


ഇടയ്ക്ക് അവൾ ഞെട്ടലോടെ

ഞങ്ങളുടെ ലോകം ഭേദിച്ച്

 പിറുപിറുത്തു 

അവർ...അവർ


സദാചാരക്കരുതലുകളിൽ

മനം പുരട്ടി പുറത്തുചാടിയപ്പോൾ

അവൾ കവിതയുടെ മരവുരിചുറ്റി

നിലാവിന്റെ ആൽമരത്തണലിൽ

ഇലക്കീറും നാരായവും

നീട്ടി പ്രകൃതിയായി നിന്നു

പ്രണയം ഒന്നിന്നോട് മാത്രം

അത് പ്രകൃതിയോട്

ഭക്തിയും...

ഇവയുടെ സന്തതികൾ

നമ്മൾ...


ഞാനവളോടും അവൾ എന്നോടും

പറഞ്ഞു കൊണ്ടേയിരുന്നു


വിഷദംശനങ്ങൾ സൗഹൃദപ്പടർപ്പുകൾ

തുരന്ന് കാത്തിരിക്കുന്നത്

വിലക്കപ്പെട്ട ഗ്രഹണങ്ങളുടെ

ഓർമ്മകൾ പുതുക്കാൻ


ലിവിംങ്ങ് ടുഗതർ കാലത്തെ

സദാചാര മിണ്ടാവിലക്കുകൾ

കപീഷിന്റെ വാലു പോലെ

ജീവിതത്തിന്റെ കലണ്ടർ

കോളങ്ങളെ ഭയപ്പെടുത്തരുത്


സതീർഥ്യരോ സമകാലികരോ

എന്നതിനപ്പുറം

ഐക്യപ്പെട്ടവർ നാം 


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment