ഒരുച്ച മോഹം
.......................
ഒരു മത്സ്യമാവണം
അരുവികളിൽ നിന്ന് പുഴയും നദിയും തീണ്ടി
ആഴങ്ങളിലടയിരിക്കുന്ന ആത്മാക്കളോട്
അഹിതങ്ങളുടെ ഭൂതകാലം തിരഞ്ഞ്
രാമസേതുവും ലങ്കയും താണ്ടി
ഗാമയും മഗല്ലുനും വന്ന ദിക്കളന്ന്
ജന്മാന്തരങ്ങളിലൂടൂളിയിട്ട് എനിക്കാ
പഴയ കൃഷ്ണാവതാരമാകണം
പിന്നെ ഒരു മണ്ണിരയായ്
സിന്ധു മുതൽ
മെസോപ്പൊട്ടോമിയ വരെ
സംസ്കാര സ്ഥലികളിലിഴഞ്ഞ്
തിരുത്തപ്പെടാത്ത ചരിത്രങ്ങളിലൂടെ തലമുറകളെ അടയാളപ്പെടുത്തി...
ഒരു പരുന്തായിപ്പിറന്ന്
തീക്കനൽക്കളളന്റെ നെഞ്ചിലെ
വജ്രകീചം കൊത്തിപ്പറന്ന്
മാനവരാശിയുടെ
കടം വീട്ടണം
പിന്നെ സ്പാർട്ടക്കസിനെയോർത്ത്
റോമിനെ നോക്കി കണ്ണുരുട്ടണം
സോക്രട്ടീസിന്റെ കുഴിമാടത്തിൽ
ഒരു തൂവൽ പൊഴിക്കണം
തിരികെപ്പറന്ന്
എന്റെ നാടിന്റെ ദുരാഗ്രഹ കണ്ണുകളെ കൊത്തിയുടയ്ക്കണം
ഒന്നുമവശേഷിപ്പിക്കാതെ
വെറും ചരിത്ര മാവണം..
✍️ അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment