എന്റെ വീട്
..................
ആറ്റുവക്കിലെ ഇടിഞ്ഞ ചരിവ്
പറ്റിപ്പിടിച്ച് കിടന്ന മരയോന്ത് പോലെ
എന്റെ വീട്
ആറ്റുവക്കിടിഞ്ഞ് അടുപ്പുകല്ല്
മലവെളളമെടുത്ത്
അടുക്കള തുരന്നെത്തിയ
പകലിന്റെ വെട്ടമായിരുന്നു
എന്റെ ബാല്യം
തകരപ്പെട്ടിയിലെ
കറുത്ത പിഞ്ഞാണത്തിലെ
നാണയത്തിന് പനിമണമായിരുന്നു
മച്ചില്ലാത്ത പുരയിൽ
അച്ഛന്റെ ശിരോലിഖിതങ്ങളുടെ
ആധാരത്തിൽ എലിപെറ്റിട്ട
ചോരക്കുഞ്ഞുങ്ങൾ
അവ്യക്തതകളുടെ ഭൂപടമായി
ഓല മേഞ്ഞ മേൽക്കൂര
വക്കൊന്നു പൊട്ടിയാലും
അല്പം ഗർവ്വിലിരുന്ന ഒന്ന്
അച്ചാർ ഭരണി
മുളന്തൂണുകൾ തുരന്ന്
കുടിയേറ്റക്കാരായ കരിവണ്ടുകളായിരുന്നു
എന്നിലെ ആദ്യ വേട്ടക്കാരനെ കണ്ടെത്തിയത്
ഒരു തുള്ളി പോലും
കളയാതെ മഴയെ തോല്പിച്ച്
മേൽക്കൂര ...
താഴെ എന്റെ ഉറക്കംമുടിച്ച്
കീറക്കുട
നനയാതെ പോയ മഴയെക്കാൾ
നനഞ്ഞ മഴകൾ കോർത്ത
രാത്രികൾ
ഇതെല്ലാമുണ്ടായിട്ടും
അതൊരു വാടക വീടായിരുന്നു
മുകളിൽ ആകാശം മാത്രമുള്ളവന്റെ പുര
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment