Saturday, November 12, 2022

 നീയും ഞാനും തമ്മിൽ

........................................

ചില അനിവാര്യതകൾ കാലം 

മൗനത്തിൽ പൊതിഞ്ഞ്

ഓർമ്മയുടെ താഴ്‌വരകളെ

മറച്ച് പുഷ്പിക്കും

എല്ലാ മണങ്ങളും കട്ടെടുക്കുന്ന 

മണമില്ലാത്ത പൂക്കൾ

യാഥാർത്ഥ്യങ്ങൾ അങ്ങനെയാണ്

മണമില്ലാതെ

നീറലുകളായി

നാസികത്തുമ്പു

ചുവപ്പിച്ച്

ഹൃദയ ഭിത്തികളെ കോറി

തുരന്നു പറക്കും


അന്യതകൾ

അക്കമിടാതെ

അപൂർണ്ണമാവുന്ന

ചിത്രങ്ങളിൽ

പിരിഞ്ഞകലുന്ന

നിഴലുകളാവട്ടെയെന്ന്

നീ ആഗ്രഹിക്കുന്നിടം

വരെ ഞാൻ നിന്നെ

തേടിയിരുന്നു

ഒടുക്കം

വസന്തത്തിനും

എനിക്കുമിടയിൽ

നീണ്ട കറുത്ത തുരുത്തിന്

നിന്റെ നിഴൽ നീളം


കരുതലുകളുടെ ചിരാതുകൾ 

കാറ്റണച്ച് കണ്ണടയ്ക്കുമ്പോൾ

ഒറ്റയായവന്റെ രക്ഷയേതാണ്


അഡ്വ. നിഷാദ് തങ്കപ്പൻ

No comments:

Post a Comment