Saturday, November 12, 2022

 വൈരുദ്ധ്യങ്ങൾ / ജനറേഷൻ ഗ്യാപ്പ്

............................................................

ഒന്നാംതരം മുതൽ പത്ത് വരെ

പുസ്തകമേറ്റാൻ അപ്പൻ 

തവണയിൽ

വാങ്ങിയതാണ് 

കൊല്ലം തോറും പുതുക്കാൻ

വകയില്ലാത്തതിന്റെ വിവേകം

ഒട്ടു പോറിയും ചളുങ്ങിയും

ഉള്ളിൽ വർണ്ണചിത്രം വെട്ടിയൊട്ടിച്ചും

പ്രൗഡിയിൽ എട്ടാം തരംവരെ

എത്തിച്ചു

പരിഷ്കൃത ഭാണ്ഡങ്ങൾക്കിടയിൽ

പരിഹാസ്യനായി 

വസ്ത്രാലയ കവറുകളിൽ 

ചുവടുമാറ്റി ദാരിദ്ര്യത്തിന്

പ്ലാസ്റ്റിക് കവറിട്ടു

എങ്കിലും കാലദേശങ്ങൾ താണ്ടി

തലമുറയും കടന്ന്

മകളുടെ ക്രയോൺ ശേഖരമായി

പള്ള നിറച്ചിരുന്ന്

എന്നെ നോക്കി അർത്ഥഗർഭമായി

ചിരിക്കും 

അലുമിനിയം പെട്ടി 

പഴയ ഗർവ്വിൽ തന്നെ


കാൽ നീളാത്ത 

നിക്കറിറുകിപ്പിടിച്ച് 

നഗ്നമായ തുടകളുടെ

അപകർഷത

ശ്വാസം മുട്ടിച്ചത് കുറച്ചൊന്നുമല്ല

പാന്റിന്റെ പകിട്ട് തേടിവന്ന 

കാലത്ത്

തുന്നൽ കടകളിൽ

ഒളികണ്ണിട്ട കൊതിനോട്ടങ്ങൾ

തയ്പ് കൂലിയിലുടക്കി

ഉടഞ്ഞ് പോവാറാണ്


നാലാം ക്ലാസുകാരി മകൾ

ഷോട്ട് ട്രൗസർ ട്രന്റിൽ

കോൺഫിഡന്റാവുമ്പോൾ

എന്റെ നിക്കർ കാലത്തെ 

അപകർഷത വല്ലാതെ 

 തികട്ടുന്നുണ്ട്

ചാക്രിക മാറ്റങ്ങളുടെ

വൈരുദ്ധ്യങ്ങൾ അഥവാ

ജനറേഷൻ ഗ്യാപ്പ്.


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment