Saturday, November 12, 2022

 ചുംബിച്ചും പ്രണയിച്ചും

ഇന്നിന്റെ കലണ്ടറാകെ

കറുപ്പകന്ന് കളറാവുന്നുണ്ട്

പണ്ടേ ചോന്ന് കിടന്ന ഗുരുവും

ഗാന്ധിയും ദുഖ: വെളളിയും

വർണ്ണമേളങ്ങളിൽ അപ്രസക്തം

അങ്ങനെയൊക്കെയാണെങ്കിലും

ചുംബിതമാവുകയെന്നത്

പറഞ്ഞാൽ പോളണ്ടിനെക്കുറിച്ചാവും


രണ്ടാം മാസത്തിന്റെ

നട്ടുച്ചവെയിലിൽ വരണ്ട് പോയ 

ഇരിപ്പിടങ്ങളിൽ വിണ്ട് കീറി

വറ്റിപ്പോയേക്കാവുന്ന കുറേ 

ഉമ്മകളുടെ മൊഴിമാറ്റം നടത്തണമെന്നും

തർജ്ജിമപ്പിഴവുകളാവർത്തിച്ച് വീണ്ടും വീണ്ടും തിരുത്തലുകളുടെ സാധ്യത നിലനിർത്തണമെന്നും കണ്ട 

പുലർകാല സ്വപ്നത്തെ സ്വപ്നമായി തന്നെ നിലനിർത്തേണ്ടി വരും

ഉമ്മകൾ വെയിൽ കൊണ്ട് വറ്റും

വിണ്ട് കീറിയടരുമ്പോൾ

മനസ്സാൽ കൊതിക്കുകയും 

ഒപ്പം പ്രാകുകയും ചെയ്യും

ഒരു നാളിലും ചുംബന പുഷ്പങ്ങൾ വിടരാത്ത കലണ്ടറുകളിൽ അടയാളപ്പെടട്ടെയെന്ന്

ആവർത്തിച്ചു ശപിക്കും

ഏകപത്നീ വ്രതക്കാരായി പരിണമിച്ച കാമുകന്മാരുടെ ഓൺലൈൻ സ്വപ്നങ്ങളിൽ

ഇന്ന് എന്നത് പൂർവ്വാശ്രമത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമാണെന്ന്

പറയാതെ പറഞ്ഞ് 

സ്വന്തം ''നാടൻ കിച്ചണിൽ '' നിന്ന് 

ഉണർത്തുവിളി വരുന്നുണ്ട്

തേങ്ങ ചിരവിത്തന്നാൽ 

പുട്ട് തിന്നാമെന്ന ഓർമ്മപ്പെടുത്തൽ


NB : പുട്ടിന് തേങ്ങാ വയ്ക്കണം എന്ന് കണ്ട് പിടിച്ചവനെ കൊല്ലണം.

അഡ്വ.നിഷാദ് തങ്കപ്പൻ

No comments:

Post a Comment