Saturday, November 12, 2022

 അപ്രഖ്യാപിത കവിത

* * * * * * * * * * * * *

ആഴ്ചപ്പതിപ്പിലേയ്ക്ക്

വണ്ടി കിട്ടാതെ പോയ കവിതകളുടെ

മൗനജാഥ കടന്നു പോവുമ്പോൾ

പുരസ്കൃതർക്കൊപ്പം

കാടുതെണ്ടിയും കള്ളുകുടിച്ചും മുറുക്കിത്തുപ്പിയും ചളി പുരണ്ട

നീളൻ കുപ്പായത്തിന്റെ ഗർവ്വിൽ

സാഹിത്യ ഗ്രൂപ്പിലെ

പരുദൂഷണക്കോലായിരുന്ന്

നീട്ടി തുപ്പുന്നുണ്ടൊരു പ്രഖ്യാപിത

കവിത


പാതവക്കിലെ വയൽവരമ്പിലിരുന്ന്

ഫോട്ടോഷൂട്ടുനിടയിൽ

ചിറി കോട്ടുന്നു ചില പെൺകവിതകൾ


സൈബർ വീമ്പുകളുടെ

വേലിയേറ്റത്തിൽ

തിട്ടയിടിഞ്ഞ് പോയ അടുക്കള ചായ്പിലിരുന്ന് ബീഡി പുകച്ച്

അപ്രസക്തമായൊരു കവിത

ജാഥയിലേയ്ക്ക് ആരുമറിയാതെ

നിശബ്ദം നൂണ്ട് കയറുന്നു


കവല പിന്നിട്ട് ഇടത്തേയ്ക്ക് 

തിരിയുമ്പോൾ

വഴിമുടക്കി വന്ന കാറിലിരുന്ന്

സാഹിത്യ അക്കാദമിയിലേയ്ക്കുള്ള

വഴി തിരക്കുന്നൊരു കവിക്കൂട്ടം


തിരസ്കൃതരും പുരസ്കൃതരും

കൂട്ടിമുട്ടുന്ന മൗനത്തിന്റെ

വഴിമുടക്കത്തിനിടെ

പെൺ കവിതകളില്ലാത്തതിനാൽ

സ്ത്രീവിരുദ്ധമായി പോയേക്കാവുന്ന

ജാഥയിലേയ്ക്കൊരുവൾ കരിവളയിട്ട് 

കയറി നിൽക്കുന്നു


കരിവള കിലുക്കത്തിൽ

സഡൻ ബ്രേക്കിട്ട ശകടം വിട്ട്

കവികൾ ജാഥയിലേറുന്നു

മൗനം മുറിക്കുന്നു.


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment