കുഴിയാന സ്വപ്നങ്ങൾ
.......................................
ഓരോ പിൻ നടത്തങ്ങളും
മണൽ വരകളിലൂടെ
എത്തപ്പെട്ടത്
വിശപ്പൊളിച്ച ഗർത്ത -
ങ്ങളിലത്രേ
മുൻകരുതലുകൾക്ക്
കാത്തു നിൽക്കാതെ
കൗതുകം വലിച്ചിട്ടതാണ്
നിന്നെയും എന്നെയും
ഇനി മൺകൂനക്കുഴിയിൽ
കൺപാർത്തിരുന്ന്
നമുക്ക് നക്ഷത്രങ്ങളെ
എറ്റാം
നമ്മുടെ മരുഭൂമികൾക്ക്
നിലാവിന്റെ കുളിർ -
കാഴ്ചകളുണ്ടെന്നും
വറ്റിയ കടലിന്റെ ഉപ്പാണ്
നിനക്കെന്നും
ഓരോ വേലിയേറ്റത്തിലും
മന്ത്രിച്ച് നീ
ഏകാഗ്രതയെ മുറിപ്പെടുത്തുന്നു
വലിയ മിന്നാമിനുങ്ങുകളെപ്പോലെ
നക്ഷത്രക്കുട്ടന്മാർ
എന്റെ കൗതുക സഞ്ചിയിലേക്ക്
നിലതെറ്റി വീഴുന്നതും
സ്വപ്നം കണ്ട്
ഇമയിളക്കാതെ ഞാൻ
ക്ലോക്കിന്റെ ഉണർത്തു
പാട്ടിനും എനിക്കും
ഇടയിൽ
ജന്മാന്തരങ്ങളുടെ
ദൈർഘ്യമുണ്ടെന്ന്
ഞെട്ടലോടെ ഓർമ്മിപ്പിച്ച്
പുലരി
എന്നത്തേയും പോലെ
ഇറയത്തെ മൺകുഴികളിൽ
പിൻ നടത്തങ്ങളുമായി
ഇരപാർത്ത് അവരുണ്ട്
എന്റെ ഉപ്പുപ്പായ്ക്കും
എനിക്കും
ഉണ്ടായിരുന്ന അതേ
ആനകൾ
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment