മരണാന്തരം ചിലത്
.................................
ദൂരെ നീ എവിടെയോ പ്രകാശവേഗത്തിൽ ജീവിതം ചേർത്ത് ചവയ്ക്കവേ
ആകാശ ചെരുവിലീ ചതുപ്പിന്റെയറ്റത്ത്
മിന്നലിൽ കിളിർത്ത് കുട ചൂടിയ
കൂണുകൾ വരിയിട്ട
നീയെന്നോ കളഞ്ഞു പോയ
വരമ്പിനുമപ്പുറം പടിപ്പുരയും
കടന്നീ ഉമ്മറത്തൊരു
വിളർത്ത ശീലയാൽ മരണം പുതച്ച് കിടപ്പവൻ
തിരശ്ശീലമുറിഞ്ഞാർത്ത നാദങ്ങൾ
ജനിപ്പിച്ചൊരു ചുവരിലെ
ചതുരവടിവിൽ ചിത്രമായ് മാറുമ്പോൾ....
എന്റെ ഉറഞ്ഞ കണ്ണിലേക്ക്
നീ നിന്റെ വറ്റാത്ത പ്രണയമൊരുപ്പു
തുള്ളിയായ്
ഇറ്റിറക്കീടുക...
അന്നൊരു പകലിൽ എന്റെ
കരതലം ചുവപ്പിച്ച
നിന്റെ ചുംബനാക്ഷരങ്ങൾ...
ഇന്നെനിക്കീയിത്തിരി നെറ്റിയിൽ
അന്ത്യാക്ഷരം കുറിക്കട്ടെ
എന്റെ വരണ്ട ചുണ്ടുകൾക്ക്
മൃതിയുറഞ്ഞു തണുത്ത വിരലുകൾക്ക്
നിന്നിലേക്കെത്തുവാൻ ചാലിച്ച കവിതകൾക്ക്
ഒരു വർണ്ണ മേഘമായ് നീ
തണുത്തുറഞ്ഞെൻ
താഴ് വരകളെ ചുവപ്പിച്ച സന്ധ്യകൾക്ക്
വിട ചെല്ലി
ഞാനൊരു കറുത്ത മേഘമായ് പിരിയട്ടെ
ഹൃദയപക്ഷത്തൊരു മറുകിന്റെ
ഒർമ്മകളലയിടുന്നുണ്ടീ മൃതിയിലും
നീയെരു പുണ്യ പ്രവാഹിനിയായ്
എന്നെയലിയിച്ചോരോ
അലകളിലും ഇണക്കങ്ങൾ
തീർത്തതന്ത്യമായടിഞ്ഞ് ഉറയണമെന്നതാണിന്നെനിക്കെന്ന്
ഒരു ചലന സാധ്യത പോലുമേകാതെ പറയാതെ മറയേണ്ടി വന്നുവോ....
എന്നോ മുറിഞ്ഞു പോയതാണെങ്കിലും
നിന്നിലേയ്ക്കെത്തുവാൻ
ചിന്തകൾ കൂർപ്പിച്ച്
കാത്തിരുന്നൊരേകാകിയാണിവൻ
നിന്റെ ദൂരങ്ങൾ ആകെ ഒരു ചിതയിലെ ചിരിയിലൊളുപ്പിക്കുവാൻ
പുണ്യ മുഹൂർത്തം കാത്ത് കിടപ്പവൻ
ഒരു തിരിയായ് തൊടുക നീ
ഒരു ചന്ദന സുഗന്ധമായ് നിറയനീ...
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment