ശിരോലിഖിതങ്ങൾ
.................................
ആഘോഷങ്ങളിലേയ്ക്കുള്ള
ദൂരമളന്നളന്ന്
തേഞ്ഞതാണെന്റെ ജീവിതം
കണക്കു പുസ്തകത്തിലെ
വഴിയറിയാ കളങ്ങളായിരുന്നു
ജീവിതം സമ്മാനിച്ച ചോദ്യങ്ങളത്രയും
നിരന്തരം പരീക്ഷിക്കപ്പെട്ട്
ശരികൾ തെറ്റി വായിച്ച്
തോല്പിക്കപ്പെട്ടവനാണ് ഞാൻ
ഒരോ ആരവങ്ങളും സന്തോഷത്തിനപ്പുറം
പതിയിരിക്കുന്ന വേദനയുടെ
കരുതലുകളായിരുന്നു
ജീവിതം ചുട്ടെടുത്ത നെരിപ്പോടിന്
എന്നോട് ഇത്ര കണ്ട്
പകയെന്തെന്ന് ഉത്തരമില്ലാത്ത
ചിന്ത
തെറ്റുകൾ പകുക്കാൻ
വഴിതെറ്റി വന്നവരുടെ
കലങ്ങിയ കടൽ ചിന്തകളുടെ
ഉപ്പു കാറ്റ് വല്ലാതെ
പൊള്ളിക്കുന്നുണ്ട്
നിങ്ങളും ഞങ്ങളുമെന്ന്
വേർതിരിക്കപ്പെട്ട തുരുത്തിൽ
ഞാനെന്റെ പരാജയത്തിന്റെ
പതാക നാട്ടട്ടെ
ഇനിയെങ്കിലും എറിയപ്പെടുന്ന
കല്ലുകൾക്കെങ്കിലും
ദയവുണ്ടാവട്ടെ
ഒന്നോർക്കുക ജീവിതമെന്നത്
തേഞ്ഞ ചെരുപ്പിലെ
ഭൂപടമാണ്
മാറ്റി വരയ്ക്കാനറിഞ്ഞിട്ടും
വഴിപിരിയാത്തവന്റെ
ശിരോലിഖിതം
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment