Saturday, November 12, 2022

 പുഷ്പക്കണ്ടത്തെ വീട്

* * * * * * * * * * * * * * *

സ്നേക്ക് പ്ലാന്റുകൾ

വേലിയിട്ട മൺ വഴികൾക്കപ്പുറം

കൊങ്ങിണി പൂത്ത്, കായ്ച്ച് ,പഴുത്ത്


മുള്ളു മരം കടന്ന് മൺതിട്ടയിറങ്ങി

അകം ചുവന്ന പേരയ്ക്കാമരമുള്ള

മുറ്റം ,വീട്

ചണച്ചാക്കുകളിൽ ഒളിപ്പിക്കാനാവാതെ

ഗന്ധം പുറത്ത് ചാടി

കുരുമുളകും കാപ്പിയുമുണങ്ങിയുണങ്ങി


തെറുത്ത് വച്ച് കെട്ടിയ പരമ്പുകളിറയത്ത്

പൂച്ചകൾക്ക് ഒളിയിടങ്ങൾ


ഇല്ലത്തും കരിമുറ്റിയ ഈറ്റ മച്ചിലെ കയറിൽ

പഴുത്താടുന്ന ഞാലിപ്പൂവൻ


കാനത്തിലെ ഭൂമിയലിഞ്ഞ് കലങ്ങിയ

വെളളത്തിന്റെ തണുപ്പിൽ വിറച്ച്

അലുമിനിയം കുടം തുളുമ്പി

നനവ് പടർന്ന ചാണകത്തറ


അച്ഛൻ പെങ്ങടെ മകന് മാത്രം പ്രവേശന പാസുള്ള മുറിയിലിരുന്ന് മഴക്കണക്ക് നോക്കി മണ്ണഴകിന്റെ മൂല്യമെണ്ണി തെറുപ്പ് ബീഡി കെട്ടി പുകച്ച് വല്ല്യപ്പൻ


അടുക്കളപ്പടിയിൽ പത്ത് പത്ത്മാസങ്ങളുടെ

കരുത്തിൽ കരുത്തു കെട്ട് വെറ്റില മുറുക്കിലാകെ കൊതികളടക്കി

വല്ല്യമ്മ


ചന്ത ദിവസത്തെ മലയിറക്കത്തിലെ 

അര സഞ്ചി കുരുമുളകിൻ കരുത്തിൽ

ഉപ്പു കർപ്പൂരാതി ചുമടാക്കിയ മലകയറ്റത്തിന്

ചന്തക്കവലയിലെ ഷാപ്പിന്റെ ഗന്ധം

താളം


ബിസ്കറ്റുപാട്ട ഒരു വശം ചില്ലിട്ടകം 

കാണുന്ന നിലക്കടലയുടെ മണവുമായ്

മമ്മൂഞ്ഞണ്ണന്റെ പാറക്കട


പിങ്ക് ജുബ്ബയും കാപ്പിക്കളർ നിക്കറുമിട്ട്

അച്ഛൻവീട്ടിൽ പോണ കാലത്ത്

ഇതൊക്കെയങ്ങനെയാരുന്നു


കാറ്റാടിയന്ത്രം വന്നപ്പോഴേയ്ക്ക്

കാപ്പിക്കുരുമണക്കുന്ന കാറ്റിൽ

കറണ്ടുണ്ടായ കാലത്ത്

ക്യാൻസറ് വന്ന് രണ്ട് മൺകൂനകളിൽ

കാരണവന്മാർ അടയാളപ്പെട്ടു കിടന്നു


അതിര് തർക്കിച്ച് വെളുത്ത തങ്കൻ

കറുത്ത തങ്കനെ വിളിച്ച തെറികൾ

ചിറ്റീന്ത് പടർന്ന ചരുവുകളിലെ

കരിമ്പാറകളിൽ വെളുത്ത പായലായി ഉണങ്ങിപ്പിടിച്ച്


കർക്കിടക വറുതിയിൽ ചെമ്പെടുക്കുന്ന

വില്പനക്കാരൻ ചെമ്പ് കനിയും

പുല്ല് വാറ്റുന്ന പുല്ല് കാക്കായും

പ്രത്യേകിച്ചൊന്നും ചെയ്യാത്ത ശേഖരൻ ചേട്ടനും മലമണ്ണിലലിഞ്ഞു ചേർന്നിരുന്നു


കോമ്പയാറിലപ്പന്റെ പഴയ ചായക്കടയുടെ

തട്ട് വാതിലിപ്പോഴും നീല നിറമുണ്ട്

ബാല്യ മിത്രങ്ങളിലൊരു ബ്ലസൻ മാത്രം പേരിനാൽ ഓർമ്മയിലടയാളം


ടാർ റോഡ് വന്ന കൂടെ പുഷ്പക്കണ്ടത്തെ

കളിസ്ഥലത്ത് പള്ളിയും പള്ളിക്കാരുമായ്

മതവും മതിലും വന്നു വഴിക്കാഴ്ചകൾ

മൗനം തല കുമ്പിട്ടു നടന്നു


എങ്കിലും ഞാനെത്തുമ്പോളിപ്പോഴും 

മുള്ളുമരം കായ്ക്കുകയും

ചുറ്റീന്തിൻ കാടുകൾക്കിടയിൽ നിന്ന്

പൊക്കിൾകൊടി പൊട്ടിയൊരു കാറ്റ്

മുടി പാറിയെത്തുകയുമുണ്ട്


പറിച്ചു നടപ്പെട്ടവന്റെ

തായ്വേരോർമ്മകൾ ബബ്ലൂസ് നാരകത്തിന്റെ മധുരിക്കുന്ന പുളി പോലെ

പല്ലു കോച്ചുന്നു

കൊങ്ങിണിപ്പടർപ്പുപോലെ മുള്ളുകളിലും

പുഷ്പിച്ച് പടർന്ന് പടർന്ന്.


          അഡ്വ.നിഷാദ് തങ്കപ്പൻ

No comments:

Post a Comment