Saturday, November 12, 2022

 രോഗാതുര സ്വപ്നങ്ങൾ

* * * * * * * * * * * * * * * *

മധ്യവേനലുകളിൽ 

ആശുപത്രിക്കിടക്കകൾ മാത്രം 

സ്വപ്നം കാണുന്ന ഒരുവൻ 

കിടപ്പുമുറിയിലിരുന്ന്

എഴുതിയ കവിതയിൽ നിന്ന്

ഊർന്നുവീണ രണ്ടുവരികൾ

പരസ്പരം കലഹിക്കുകയും

ഒന്ന് മറ്റൊന്നിന്റെ കഴുത്ത് 

കുത്തിപ്പിടിച്ച് ശ്വാസം 

മുട്ടിക്കുകയും ചെയ്യുന്നു

കൂട്ടക്ഷരങ്ങളേറെയുളള ശക്തനായ 

ആ വരിക്കവിതയാൽ

ദുർബലൻ കാല്പനീകൻ ശ്വാസംതടഞ്ഞ്

കവിയുടെ ഉറക്കം മുറിക്കുന്നു

വയറസുകൾ അക്രമിക്കാതെ കാത്ത

ശ്വാസകോശം കഫനൂലുകളുടെ പ്രാകുറുകലുകളിൽ മുഖരിതമാവുന്നു

ഉറക്കമില്ലാത്ത രാത്രികളിൽ തുറക്കപ്പെട്ടേക്കാവുന്ന 

ജനാലയ്ക്ക് പുറത്ത്

കൊതുകുകൾ പതിയിരിക്കുന്നു

പുറത്താര് അകത്താര് 

എന്ന ചോദ്യചിഹ്നമിട്ട്

കവിത മടക്കുന്നു മിഴികളടയ്ക്കുന്നു.


മധ്യവേനലിന് ശേഷം ഇനിയയാൾ പ്രളയം

സ്വപ്നം കാണുകയും

അയാളെഴുതിയ 

അക്വേറിയമെന്ന കവിതയിലെ

രണ്ട് വരികൾ തമ്മിൽ കലഹിക്കുകയും

ശ്വാസം മുട്ടിക്കുകയും ചെയ്യും

അപ്പോളയാൾ മണൽ നിറഞ്ഞിടുങ്ങിയ

പുഴയിൽ ഒരു മണ്ണുമാന്തിയാവാനാഞ്ഞ്

ഗർത്തങ്ങളിലെക്ക് വഴുതി ഞെട്ടിയുണരും

താഴെ വീണുടഞ്ഞ ചില്ല് ഭരണിയിൽ നിന്ന്

ഗപ്പികൾ ശ്വാസം കിട്ടാതെ പിടയും


 അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment