കറുപ്പ്
...........
ചെമ്മൺ നിരത്തിൽ
വികസനം ഉരുകിത്തിളച്ച്
കട്ടപിടിച്ചത് കറുത്താണ്
ഇരുപത്തെട്ടിന്
അരക്കെട്ടാദ്യം
ശൂന്യത വെടിഞ്ഞണിഞ്ഞ
ചരടും കറുപ്പായിരുന്നു
തെക്കോട്ടെടുപ്പിന്
കെട്ടിയ കൊടിയും
കുത്തിയ ബാഡ്ജും
വാർദ്ധക്യം വെളുത്ത്
ചിരിച്ചപ്പോ നര തിന്നതും
കറുപ്പ്
ശ്രാദ്ധമുണ്ണാൻ
വന്ന കാകനും
കറുപ്പ്
പ്രണയം കടൽ മുക്കിയ
പെൺമിഴിയും
കറുത്ത്
പകലിന്റെ തെളിച്ചം
രാത്രി തൻ കറുപ്പ്
ഏഴഴകാണത്രേ
എന്നിട്ടും കറുപ്പ്
കവിതയിൽ മാത്രം
ജാതിയും, രാഷ്ടീയവുമാവുന്നു
വികസനമെന്നാൽ
ശൗചാലയവും
വിശപ്പെന്നാൽ
സൊമാലിയയും
രാജ്യസ്നേഹമെന്നാൽ
സിനിമ കൊട്ടകയിലെ
ദേശിയ ഗാനത്തിലും
ഹിന്ദു എന്നാൽ
നെറ്റിയിലെ സിന്ദൂരത്തിലും
കയ്യിലെ ചരടിലും
കൊരുക്കപ്പടുമ്പോൾ
ചാതുർവർണ്യത്തിലെ
ശിരസ്സും പാദവും
ഫാസിസത്തിന്റെ
പുതിയ കുപ്പായങ്ങൾ
തുന്നുന്ന തിരക്കിലാണ്
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment