തൊണ്ടി
................
കവിതയെഴുതുന്ന പെൺകുട്ടിയെ കണ്ടപ്പോഴൊക്കെ
അവൾ അക്ഷരങ്ങൾ
ചവയ്ക്കുകയും
ചിലത് കടിച്ച് പെട്ടിച്ച്
ഭാഷയോട് കലഹിക്കുകയും
ചിലത് ച്യൂയിംഗം പോലെ
ഊതി വീർപ്പിച്ച്
ശ്രദ്ധയാകർഷിക്കുകയും
ശീർഷകങ്ങൾക്ക്
പാകമായ എഴുത്തിൽ
വ്യാപൃതയാവുകയും
അച്ചടിപ്പുരകളിലേക്ക് ഒളികണ്ണിട്ട്
കൗതുകം കൊള്ളുകയും ചെയ്തിരുന്നു
തന്റെ മാത്രം കവിതകൾ വായിക്കപ്പെടുന്ന ഒരു ലോകത്തേക്ക്
പറിച്ചു നടാൻ കൊതിക്കുകയും
പ്രണയാതുരമാകുമ്പോൾ മാത്രം
കവിത എഴുതാതിരിക്കുകയും
അല്ലാത്തപ്പോൾ ഹൃദയം അണച്ചുവച്ച്
നിർബാധമെഴുതുകയും
ചെയ്തിരുന്നു
ഒരു വരി പോലും വായിക്കപ്പെടാതെയും
ഇത്ര ഹർഷവതിയാവാൻ പഠിക്കുമ്പോഴാണ്
അവൾ ഹാക്ക് ചെയ്യപ്പെട്ടത്
മോഷ്ടാവിന് വേണ്ട തൊണ്ടി
ധാരാളമുണ്ടായിരുന്നത്രേ
അവളുടെ പക്കൽ.
✍️ അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment