മുളപ്പിച്ച ഉമ്മകൾ
* * * * * * * * * * *
നിനക്ക് മാറ്റി വച്ച
കാക്കത്തൊള്ളായിരം ഉമ്മകൾ
മഴയിൽ കുതിർന്ന്
മുളച്ച പയർ പോലെ
കൂമ്പുകൾ ഉദ്ധരിച്ച്
ചോദ്യചിഹ്നങ്ങൾ പോലെ
വളഞ്ഞ് എന്നെ ചക്കകാട്ടുന്നുണ്ട്
നിന്റെ ബാൽക്കണിയിൽ
നീയഴിച്ചിട്ടു പോയ ഷിമ്മീസിലെ
വിയർപ്പ്കട്ട് കാറ്റ്
എന്റെ ബാൽക്കണിയിലും
ജനാലയിലും കൊരുത്തിടുന്നുണ്ട്
നീ കുപ്പിയിൽ നട്ട മണിപ്ലാന്റുകൾ
വെയിലിലും പടർന്ന്
സൺഷേഡുകളിലൂടെ
അപ്പുറത്തെ ടോയ്ലറ്റിൽ എത്തിനോക്കി
കറ്റ് കാട്ടുന്നുണ്ട്
മുകളിൽ നിന്ന് നോക്കുമ്പോൾ
താഴെ നിന്റെ മഞ്ഞ സ്കൂട്ടി
പ്രാവുകൾ കാഷ്ഠിച്ച്
പുള്ളിപ്പുലിയായിട്ടുണ്ട്
തുണി വിരിക്കാനെന്ന വ്യാജേന
നീ ഏതു നേരവുമെത്താമെന്ന
പ്രതീക്ഷയിൽ
ഞാനെരിച്ച സിഗരറ്റുകളുടെ ചാരം
ഓവടച്ച് ചാറ്റൽ വെള്ളം നിറഞ്ഞ്
സമുദ്രമായി മാറിയിട്ടുണ്ട്
വീണ് ചക്രക്കസേരയിലായവനെ
ഈ പന്ത്രണ്ടാം നിലയിൽ
എറ്റിയിട്ട് നീ പോയ പോക്ക്
അപ്പുറത്തെ പെണ്ണ് ചാടിപ്പോയീന്ന്
അടുക്കളക്കാരി പറഞ്ഞപ്പോൾ
ചത്തുപോയ ഇടങ്കാലിൽ നിന്ന്
ഒരു തരിപ്പ് എന്നെയുലച്ച്
സിഗരറ്റിനറ്റം തീ പെള്ളിയ പോലെ
കുടഞ്ഞ്
ഞാനെന്നിൽ നിന്നിറങ്ങി ഓടിയിരുന്നു.
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment