ലാസ്റ്റ് സ്റ്റോപ്പ്
* * * * * * * * *
ആത്മഹത്യ ചെയ്യാന്നുറച്ച
ഒരുവനെഴുതുന്ന കവിതയിൽ
മരണം വിശന്ന് നീരാവിയായി പൊന്തും
വ്യഥകൾ ഘനീഭവിച്ച്
കട്ടപിടിച്ചുറച്ച കരുത്ത്
ലോകത്തെ നോക്കി പുശ്ചത്തോടെ
ചിരിക്കും
ഇതുവരെ എഴുതിയതത്രയും കീറിവച്ച്
കടലാസ് തുണ്ടുകളിൽ പടരുന്ന
രക്തത്തിന്റെ സമ്മർദ്ദമളക്കും
ഉണങ്ങാത്ത മുറിവുകളെപ്പറ്റി
ചിന്തിക്കേണ്ടതില്ലാത്തതിനാൽ
മറന്നുകളയും
പുറത്താക്കപ്പെടലുകൾക്കായി
രണ്ടുവരികൾ മാറ്റിവയ്ക്കും
ഓർമ്മകളുടെ പാദരക്ഷകളഴിച്ച്
നഗ്നമായി നടക്കും
അടർന്നു വീഴുന്ന ഇലയോ
വിടരാൻ പോവുന്ന പൂവോ
പാകമായ ഫലമോ
ശ്രദ്ധിക്കാതെ
അയാൾ തനിക്കനുവദിച്ച
സമയത്തിലേക്ക്
തൂലിക ചലിപ്പിക്കും
ശീർഷകമില്ലാതെ പോയ
എഴുത്തുകളെയാകെ
അവസാന വരിയിലൊതുക്കും
അവസാന സ്റ്റോപ്പിലിറങ്ങിയിരുളിൽ
കടവരാന്തയിലിരിക്കും
ആരോടും ഒന്നും പറയാത്ത മൗനത്തെ
ആത്മഹത്യയെന്ന് വിളിക്കും.
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment