ഇടവഴി
...............
ഈ വഴിയിന്നലെ ചിരിവന്നു
ചിതറിയ മഴയുടെ ഓർമ്മകൾ
നനവാർന്ന കനവുകൾ
ഇടനെഞ്ചിലാദ്യമായ്
പിടയുന്ന നോവായ്
നീ വന്നു തൊട്ടൊരാ
നിറസന്ധ്യയോർമ്മകൾ
നെറ്റിയിൽ കോറിയ
ചന്ദന ചാലു പോൽ
എൻ കാലിണകളിൽ
തണുവായ് തൊട്ടതും
തണലായ് നിന്നതും
പുസ്തക കെട്ടുകൾ
ചേർത്തു നീ മാറത്ത്
യൗവനം മുടിയ
നടവഴിയോർമ്മകൾ
ഒരു മാത്ര കണ്ടിടാൻ
ഇടവഴിയറ്റത്ത്
ഇടനെഞ്ചിടിപ്പുമായ്
ഞാൻ കാത്തു നിന്ന നാൾ
അധരങ്ങൾ ആയിരം കഥകൾ
പകുക്കവേ...
ഇരുപുറം മൂടിയ
കുടയായോരിടവഴി...
ഇടമുറിഞ്ഞെന്നോ
പിരിയവേയിമകളിൽ
ജലമറ ചാലിച്ച
നിഴലാർന്ന കാഴ്ചകൾ...
ഈ വഴിയിന്നലെ ചിരി വന്നു
ചിതറിയ മഴയുടെ ഓർമ്മകൾ
നനവാർന്ന കനവുകൾ...
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment