Saturday, November 12, 2022

 പെറ്റിക്കോട്ടുകൾ

.............................

ഉണങ്ങാനിട്ട പെറ്റിക്കോട്ടിലൊന്ന്

നില തെറ്റി തൂങ്ങിയാടിയപ്പോൾ

ഒറ്റയാക്കപ്പെട്ട നിശബ്ദതയിൽ

ചെറുതൊന്ന് ശ്വാസം തടഞ്ഞ്

പൊരുളറിയാതെ പിടഞ്ഞിരുന്നുവോ


ഉമ്മറക്കഴുക്കോലിലെ ചിലന്തിനൂലുകളിൽ

തൂങ്ങിയാടും മുൻപേ

അവൾ....

അനുജത്തിയെ മനസ്സാൽ അടുക്കിപ്പിടിച്ചിരുന്നുവോ 

പ്രസവിക്കാതെ അമ്മയായിട്ടുണ്ടാവുമോ


കിതപ്പുകൾ തിമിർത്തു പെയ്ത

അമ്ളമഴയിൽ പൊള്ളി

ഊഴം കാത്ത അന്ധകാമനകളെ

വേറിട്ടറിയാതെ

ഹിംസ എന്നത് കാമമാണെന്ന്

തെറ്റിവരച്ച് അതേ ചിലന്തി നൂലിൽ

അവളും അനുജത്തി...


അക്ഷര വെടിപ്പില്ലാത്ത

അച്ഛന്റെ... അമ്മയുടെ 

കരുതലെത്താത്ത 

കൺ പിഴ്ക്കലുകളിൽ

അവരിനിയും തൂങ്ങിയാടും


അളവുകളും നിറങ്ങളും

മാറിയ...

പെറ്റിക്കോട്ടുകൾ


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment