ചില ഓർമ്മപ്പെടുത്തലുകൾ
................................................
എത്ര കോർത്താലും ഹാരമാവാത്ത
ചില തൊങ്ങലുകളുണ്ട്
മരണത്തിന്റെ
അടുപ്പു കല്ലുകൾ പുകഞ്ഞ്
കരി തൂവി നിൽക്കും
ശവം നാറിപ്പൂവുകളുടെ
മണം പറ്റിപ്പിടിച്ച്
ചിലപ്പോഴൊക്കെ ഗന്ധമില്ലാതെ
ഗൂഢമായൊളിച്ച്
എത്ര ചുവന്നാലും
തുടുക്കാത്ത ചിലതുണ്ട്
കാപട്യത്തിന്റെ
വിളർച്ചകൾ പടർന്ന്
തമസ്കരണങ്ങളുടെ
തോരണങ്ങളാവുന്നവ
കാട്ടിക്കൂട്ടലുകളുടെ
കറുപ്പ്
മായക്കാഴ്ചകളുടെ
മഞ്ഞ
അസഹിഷ്ണുതകളുടെ
കാവി
കണ്ണടകൾ വാങ്ങുന്നവർ
സൂക്ഷിക്കുക
ജനാധിപത്യത്തിന്റെ
കാഴ്ചകളുടഞ്ഞ കാലത്ത്
കാഴ്ചയും കരുതലുമാവേണ്ട
ചുവപ്പുകൾ
വർണ്ണാന്ധതയിൽ
മുങ്ങാതെ നോക്കേണം
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment