ഒരു നിരോധിത കവിത
* * * * * * * * * * * * * * *
ഇരുട്ട് കുറ്റിയിട്ട വാടക ചുവരുകളിൽ
ഓടിളക്കി വന്ന നിലാവ്
കടം പറയരുതെന്ന്
കരി വരഞ്ഞത് കാട്ടിച്ചിരിച്ചു
ചാരായം നിർത്തലാക്കിയത് കൊണ്ട്
മാത്രം തരപ്പെട്ട
സിമന്റ് തറയുടെ ഗമയുള്ള ഒറ്റമുറി
കുടി മുട്ടിപ്പോയ മദ്യപന്മാരുടെ
തെറികലർന്ന പ്രാക്കുകൾ പറ്റിപ്പിടിച്ച
കുമ്മായ ഭിത്തി
വിലവിവരപ്പട്ടികയിൽ നിന്ന് കുരുമുളക് പൊടി വിതറിയ പുഴുങ്ങിയ മുട്ടമണം
കുടിയനായ അജ്ഞാത ചിത്രകാരന്റെ
ചോക്ക് വര കളറാക്കിയിട്ടുണ്ടൊരു ഭിത്തി
അന്നനാളം കത്തിയിറങ്ങിയ റാക്കിന്റെ ലഹരി മൂലകളിലിരുന്ന് തുറിച്ചു നോക്കുന്നു
തിരിച്ചുവരാനിടയില്ലാത്ത ഒരാളോർമ്മ പോലെ
ചാരായമെന്ന ബോർഡ് നിശബ്ദം
പഴയൊരു രാത്രി ഓർമ്മ
ഇന്ന്...
നിരോധനങ്ങൾ ഉമ്മറപ്പടിയടയ്ക്കുമ്പോൾ
പ്രഷർ കുക്കർ വിപ്ളത്തിൽ തിരിച്ചുവരുന്നുണ്ടൊരു ലഹരിയുടെ ചൂളം
നിരാവി ഘനീഭവിച്ച കവിത ഊതിക്കുടിച്ച്
ചങ്ങമ്പുഴയെ ഓർക്കുന്നു
കവിതതൻ ലഹരി നുണയുന്നു
''ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ?''
നിയമപരമായ മുന്നറിയിപ്പ്
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം
✍️ അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment