Saturday, November 12, 2022

 ഉടഞ്ഞ കാസകൾ

................................

ഒരു വീഞ്ഞു പകരുന്ന 

ചുടുചുംബനത്തിന്റെ

ചുവയുള്ള 

ചോരചാലിക്കുന്ന

സ്ഫടിക വർണ്ണം


ജനിമൃതികളെത്ര പുനർജനി പൂകേണ്ട

സിരകളിൽ പടരുന്ന ലഹരിയായി നീ


നിന്റെ ചുടുരക്തമായിറ്റു

നിറയുന്ന കാസയിലെൻ

ആത്മദാഹങ്ങൾക്ക്

ശമനമുണ്ടോ


ഒരു കരസ്പർശത്തിനാലസ്യമേകി

നീ മഞ്ഞിൻ മഴപ്പാർപ്പിലാ മാരുതിക്കൊപ്പമലിഞ്ഞു പോയീ                            ആ ദൃശ്യ സ്വപ്ന വേളയെ ധ്യാനിച്ച്

പ്രീയതേ നീ അടർന്നയീ മൺതിട്ട

യിത്തിരിയിടം കാത്ത് കിടപ്പതാണ്


ഓരോ മാത്രകളും

നിന്റെ മായാമിഴിക്കവിതയിലെ

കറുത്ത മത്സ്യമായ്

മിഴിത്തുവലറ്റം കൊരുത്ത ഗ്രീഷ്മമായ് തങ്ങി

സപ്തവർണ്ണങ്ങൾ ചാലിച്ച്

സ്വപ്ന ദിക്കുകളതിരിട്ടൊ

രാകാശ ബന്ധനം തീർത്ത്


നിന്റെ മാനത്ത്

എന്നോ പെയ്ത മഴയിലെ

ക്ഷണിക വർണ്ണമേളം

 മാത്രമാണ് ഞാൻ


ഓർത്തുകൊള്ളുക,

ഞാൻ നിന്റെ കാലപ്പകർച്ച തൻ

കണ്ണുനീർത്തുള്ളി...

വീഞ്ഞിന്റെ നിറമാർന്ന

ജീവരക്തം....


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment