കവി സമ്മേളനം
...............................
ഇടയ്ക്കിടെ പിഞ്ചിപ്പോയ
റിബേറ്റിൽ വാങ്ങിയ
കുപ്പായം പോലെയാണ് താനെന്ന്
പറയാതെ പറഞ്ഞ്
കവിയൊന്ന് വരാന്തയിൽ
ഒന്നരചക്രത്തിന്റെ വണ്ടിക്കാശിന്
ബീഡിയെരിച്ച് വെയിലുണ്ട് നടന്ന
കവിതയൊരെണ്ണം കെട്ട കുറ്റിയിലവസാനമൊന്നാഞ്ഞ്
തൂണും ചാരി നിൽപ്പുണ്ട്
അച്ചുനിരത്താൻ ആളും താളും
കിട്ടാതെ നരച്ചു പോയൊരു കവിത
പിൻവരിയിൽ
താനെന്നതിന്റെ
സൂക്ഷ്മാവതരണമാണ്
കവിതയെന്നതിനാൽ
എഴുത്ത് നിർത്തിയവർ ചിലർ
മൂന്നാം വരിയിൽ
രണ്ടാം വരി തിക്കും തിരക്കുമായ്
വീർപ്പ് മുട്ടുന്നുണ്ട്
ആഴ്‌ചപതിപ്പിലിടം പിടിച്ചവർ
പുസ്തകപ്പെട്ടവർ
മത്സരാർത്ഥികൾ
സൈബർ കവികൾ
മുൻ വരിയിത്തിരി നിശബ്ദം
പിൻപറ്റിയവർക്കു
മുൻപിനാലായതിൽ
സ്വയം പ്രഖ്യാപിതർ
കവി ശ്രേഷ്ഠർ
സാംസ്കാരിക നായകർ തൻ
ഉടയാകുപ്പായത്തിൻ
ഉടൽ പെരുപ്പിൻ ഗർവ്വിൽ
നിറഞ്ഞു തുളുമ്പുന്ന വേദി
കവിതയെഴുതി തുടങ്ങാത്തതിനാൽ
ടിക്കറ്റ് കിട്ടാതെ
പടിക്കിപ്പുറം പിൻതിരിഞ്ഞു
ഞാൻ
പുറകിൽ കവിസമ്മേളനം.
✍️ അഡ്വ: നിഷാദ് തങ്കപ്പൻ
❤️❤️❤️കവിതാ ദിനാശംസകൾ
No comments:
Post a Comment