Saturday, November 12, 2022

 #കവിതാദിനമല്ലേ#


ഒന്ന് വിയർക്കണമെന്നുണ്ട്

കൊക്കുകൾ ഒക്കെ വരണ്ടുപോയ

നട്ടുച്ചയിൽ

വരണ്ടുണങ്ങി 

ചർമ്മ സുക്ഷിരങ്ങളടഞ്ഞ്

പ്രളയമെടുത്ത വീടിന്റെ 

അസ്ഥിത്തറയിൽ

വെയിൽ കൊണ്ട് മഞ്ഞിച്ച പൂവരശിലകൾക്കൊപ്പം

നിശബ്ദം


പ്രളയം കടലാസും പേനയും വരെ

കട്ടെടുത്തെങ്കിൽ 

നദിവറ്റിയ മണൽ ഒരായിരം          കവിതകളെഴുതാൻ   

നിവർത്തിയിട്ട്

വേനൽ


ദുരിതാശ്വാസ ക്യാമ്പിലിരിന്നെഴുതിയ

കവിതകൾ ബിപിഎൽ ലിസ്റ്റിലായതിനാൽ

പ്രസിദ്ധീകരണ യോഗ്യമല്ലത്രേ


ദാരിദ്ര്യം ഏതു കാലത്തും

അടയാളപ്പെടുത്തുക

ഒറ്റ നിറത്തിലാണ്

വർണ്ണമില്ലാത്ത അവർണ്ണം


ഒന്ന് വിയർക്കണമെന്നുണ്ട്

ചിന്തകളുടെ ട്രാഫിക്ക് ജാമുരുക്കങ്ങളിൽ ഓടിക്കിതച്ച് 

കവിതയുടെ ഉപ്പുതുള്ളികളിറ്റി

നനയണം

കലണ്ടർ കളത്തിൽ

കറുപ്പും ചുവപ്പുമല്ലാതെയവർണ്ണമായ്

കവിത കുറിക്കണം

ആ നിറങ്ങളുടെ പതാകകളായി നമുക്ക് നനഞ്ഞൊട്ടണം

കൊടിയടയാളങ്ങളാൽ 

പ്രതിരോധമാവണം


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment