കേൾക്കാതെ പോയവൾക്ക്
...........................................
ആർദ്രമാംഓർമ്മയായ്
നീ മറഞ്ഞീടുമ്പോൾ
നിഴലിൻ നിശബ്ദത തിങ്ങുമെന്നിൽ
എന്നെക്കുറിച്ചോർമ്മ പിന്നിയതിലേറെയും
നിന്നെക്കുറിച്ചാണ് നിന്നെ മാത്രം
വഴിയറ്റമോളം മിഴിയിട്ടു പിന്നിലായ് ഞാനുണ്ടായിരുന്നെന്നുമെന്നും
വാക്കു കടുക്കാതെ പരിഭവം
പെയ്യുമ്പോൾ
മനസ്സാലെ ചേർത്തതാണെന്റെ മാത്രം
നേർത്ത വഴികളായ് ജീവിതം
തെളിയവേ
നീയായിരുന്നാ വിളക്കുമാടം
കനവുകൾ കോർത്തെരാ
കലോല മാല ഞാൻ പലവുര
ചാർത്തിയതാണു നിന്നിൽ
ഒന്നു പറഞ്ഞു മുഴുവിക്കുവാൻ
കാത്ത് നിന്നിരുന്നെങ്കിലെന്നോർത്താ
സന്ധ്യകൾ വഴിയണച്ച് അകം പൂകുമെത്രയോ
സംവത്സരങ്ങൾ കഴിഞ്ഞതിപ്പോൾ
ഒടുവിലായാരോ വിരൽ തൊട്ട്
നീയാ കവിതതൻ ഈണമായ്
മറന്നതെന്നെ
ഓർമ്മയിൽ മാഞ്ഞൊരു
നേരമ്പോക്കിലായ്
നീ കൊരുത്തിട്ടതാണെന്നെയീ
ഇന്നുകളിൽ
തേടി വരാൻ മൃതി മാത്രമാവുന്നു
സ്വപ്നങ്ങളില്ല കാത്തിരുപ്പില്ല
ഈ കാഴ്ചകൾ ചിന്തകൾ
മങ്ങിടുന്നു
ആർദ്രമായ് നീ വന്ന് തൊടുകെന്നെ
യെന്ന് അവസാനമായൊന്ന്
മോഹിച്ചിടും
പിഞ്ചിപ്പഴകിയ രാഗമായ്
ശ്രുതിയറ്റ്
ഞാനൊന്നു ശയിക്കട്ടെ
ശൂന്യനായ് ശൂന്യനായ്
ഭാരങ്ങളെല്ലാമടങ്ങിടട്ടെ
അഡ്വ.നിഷാദ് തങ്കപ്പൻ
No comments:
Post a Comment