വരൾച്ചകളുടെ മൗനം
.....................................
വിശ്വാസത്തിന്റെ
തേഞ്ഞപലകയിലൂന്നി
കപ്പികറക്കങ്ങളുടെ
ലാഘവതാളത്തിൽ
കോരുകയാണ്
'ജീവിതം'
റാന്തൽ തിരിയുടെ
കരിപോലടരുവാൻ
വെമ്പലുകളുടെ
കനൽ തിളക്കങ്ങൾ
ഒഴിഞ്ഞ മദ്യക്കുപ്പികളിലെ
മണിപ്ലാന്റുകൾ
വേരുകളൊളുപ്പിക്കാൻ വെമ്പുന്നുണ്ട്
സൂര്യനെ പ്രണയിച്ചവർക്ക്
ജലമാണാശ്രയം
പുനർവായനകളില്ലാത്ത ജലരേഖകൾ
മൂടിവച്ച സത്യങ്ങളുണക്കി
വിണ്ടതാണ് വേനൽ കൗതുകം
വെടിച്ചു കീറി ചർമ്മമടർന്ന വടുക്കൾ
സൂര്യാഘാതങ്ങൾക്കപ്പുറം
കടപ്പാടുകളുടെ ജീവിത രേഖകൾ
ചേർത്ത് തുന്നട്ടെ
ഞാനും നീയും
പ്രണയത്തിന്റെ വേനലിലാണെന്ന്
ഒരു നുണ കൂടി ആവർത്തിക്കാം
പ്രണയത്തിലും വേനലുകളിലും
നമ്മളെപ്പഴും അന്യരായിരുന്നെന്ന്
ഉറക്കെ വിളിച്ചു പറയുക
നീയോ ഞാനോ ആദ്യം
തീവണ്ടി മുറികളേക്കാൾ
ചുട്ടുപൊള്ളി
താളഭ്രംശങ്ങളുടെ വേഗതകളിൽ
മത്സരിച്ചകന്ന്
നമ്മൾ തീർത്ത വിടവിലൂടെയാണ്
ജീവിതം ഊർന്ന് പോയത്
വരൾച്ചകളുടെ മൗനങ്ങളിൽ
എത്തിപ്പെടാനാവാത്ത ദൂരങ്ങളുടെ
ഭീതിതമായആഴങ്ങളിലാണ്
നാമാദ്യമായി
അപരിചിതരായത്
അന്യരും..!
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment