Saturday, November 12, 2022

 ഒട്ടും ദിവ്യമല്ലാത്ത ഒന്ന്

* * * * * * * * * * * * * *

ഓർമ്മ തുരന്നു കിടപ്പുണ്ട്

തുരങ്ക പാതയിലാകെ

പൂക്കളുണ്ട് 

ഭിത്തികൾ അടക്കം പറഞ്ഞതെന്താണ്

ഭൂതകാലമറവികൾ

ഓർമ്മിച്ചതോ

അതേ... 


നമുക്കിടയിലെ പഴഞ്ചൻ പാലത്തിന് കുറുകെ കുശുത്ത പലകകളിൽ

ആടി നിൽക്കുന്ന ആണികളെ

ഇളക്കിയിളക്കി

എന്നെങ്കിലുമൊരിക്കൽ വന്നേക്കാവുന്ന 

തീവണ്ടിയെക്കുറിച്ചാണ്

പറഞ്ഞതത്രയും

ഒറ്റവരവോടെ പാളം തെറ്റാവുന്ന

പ്രതീക്ഷയുടെ ചൂളം വിളിക്കായ്

വെറുതേ കാത്തവർ


നീ എന്നെ വായിക്കുമ്പോ

ഞാൻ നിന്നിലൂടെ എന്നെ കാണുകയും

നീ എന്നെ ഞാനറിയാതെ നീയായി മൊഴിമാറ്റം ചെയ്യുകയുമാവും

'പ്രണയം' എന്ന്

ശ്രവണ സുഖത്തിൽ

എത്രയെത്രമൊഴിയലുകൾ


ഒരു മരണഭയത്തിനോ

കേവലം കടപ്പെട്ടു പോകാവുന്ന 

ഒരു ബാധ്യതയ്ക്കോ

ഒരാൾക്ക് മാത്രം വന്നു ചേരാവുന്ന

ഭാഗ്യാവസരത്തിനോ

അപ്രതീക്ഷിതമായ വൈരൂപ്യത്തിനോ

ദിശമാറ്റാവുന്ന സൂചനാ ഫലകം

അത്ര മാത്രമായിരുന്നു

നാമിരുവരും നെഞ്ചിടിപ്പിന്റെ

കൽക്കണ്ടക്കട്ടകൾ ചേർത്ത്

പടുത്ത ആ കൂടാരം


എന്നിട്ടും ദിവ്യമെന്ന്

മാലോകർ വാഴ്ത്തുന്നത്

വയറിളക്കം വന്നവന്റെ

ശൗച്യാലയ പ്രതീക്ഷയാണ്


                           അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment