നമ്മൾ
..............
ആണടയാളങ്ങളും
പെണ്ണടയാളങ്ങളുമില്ലാതെ
മൂവന്തിത്തുരുത്തിലെ മരബഞ്ചിലിരുന്ന്
കൂടണയുംപറവകളുടെ ഇണക്കം കണ്ട്
നിന്റെ നിറവുമെന്റെ നിറവും ചാലിച്ച്
അസ്തമയത്തെ വരയ്ക്കണം
കടൽ മുങ്ങിമറയും വരെയും
രാക്കിളിപ്പാട്ടുകൾ നിശബ്ദത കോർത്തുറങ്ങുമ്പോഴും
നമുക്ക് പുതിയ നിറങ്ങൾ ചാലിക്കണം
നീണ്ട കടൽപ്പാലങ്ങൾ പോലെ
മിഴിയറ്റമിട്ട് മറുകരകടക്കണം
രാജ്യാതിർത്തികൾ മായ്ച്ച്
നമ്മുടെ നിറത്തെ ചേർത്ത്
ഒറ്റയായ് വരയ്ക്കണമീയുലകം
നിനക്കും എനിക്കും മാത്രമല്ല
അവരെയും ചേർത്ത് നമ്മൾ...
ആ നമ്മളിൽ
നമുക്കലിഞ്ഞ് അമരത്വം തേടണം
ഈ ലോകമാകെ മരണമില്ലാത്ത
നിറങ്ങളാവുന്നത് കണ്ട്
നമുക്ക് അസ്തമയവും ഉദയവും
വിരസതകളില്ലാതെ
വരച്ചു കൊണ്ടേയിരിക്കാം
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment