Saturday, November 12, 2022

 https://m.facebook.com/story.php?story_fbid=pfbid0pTFauj6J3KL2cw9rnv6fzBK3kGGdSHN3xGC9fbCbH8nEMmnErCeSeGnDLS3iCNKXl&id=100000238155888

ചില ഫ്രെയ്മുകൾ അങ്ങനെയാണ്

എത്ര വെളുപ്പിച്ചാലും

ജീവിത ഞരമ്പുകളിലെ 

കറ പനിച്ചിറങ്ങി 

അവരുടേതായ ലോകത്തിന്റെ 

ഭൂപടം തീർക്കും


അതിരുകൾക്കപ്പുറം മാത്രം നിയമാവലികളെക്കുറിച്ച് തർക്കിക്കും


ഉടലോടെ സ്വർഗ്ഗത്തിലെത്തേണ്ടവരും

തീപ്പെട്ട് പോവേണ്ടവരും

ദിവംഗതരായേക്കാവുന്നവരും

ഒഴികെ മറ്റെല്ലാറ്റിനേയും

അന്തസ്സില്ലായ്മകളുടെ പിൻതാളുകളിലടക്കും


അവരുടെ കൃഷ്ണമണികൾ 

കോർത്ത മാലയിൽ

പ്രൗഡി കണ്ടെത്തും


തങ്ങളുടെ നക്ഷത്രക്കണ്ണുകളേക്കുറിച്ച് ഒരിക്കൽ പോലുമുരിയാടാൻ കഴിയാതെ

ചതിച്ച് നിശബ്ദരാക്കിയവരുടെ

കഥ പുതിയ മേൽവിലാസം ചേർത്ത് വിൽക്കും


എല്ലാം ചെയ്യുമ്പോഴും ഔദാര്യത്തോടെ

ഇടയ്ക്കിടെ വറ്റുകളെറിയും

ആത്മാഭിമാനം പണയപ്പെട്ടവരുടെ

ആമാശയത്തിലുടക്കുന്ന

ചൂണ്ടക്കൊളുത്തിൽ മാത്രം 

പ്രതീക്ഷ വയ്ക്കും


പിടിക്കപ്പെടുമെന്ന് തോന്നും വരെ

മോഷ്ടിക്കുന്ന കള്ളനെപ്പോലെ

സത്യത്തിന്റെ മേലങ്കിയിട്ട്

തിരിച്ചറിവുകളിൽ ഉറക്കം നടിക്കും


ഒടുക്കം നരകിച്ച് ചവാതിരിക്കാൻ

നാവിൽ വിഷമിറ്റിച്ച് ദയാലുവാകും


ചുവരില്ലാത്തവരുടെ നിസ്സഹായതകളിലേക്ക്‌

പനിച്ചിറങ്ങുന്നുണ്ട്

അവിഹിത രേതസ്സുകളുടെ കറ.


✍️ അഡ്വ: നിഷാദ് തങ്കപ്പൻ


No comments:

Post a Comment