Saturday, November 12, 2022

 പ്രണയാഴികൾ

.............................

മൗനത്തിന്റെ ഓരോ ഇടവേളകളിലും

നിശബ്ദനായി ഞാൻ

പറയുന്നുണ്ടായിരുന്നു

അപരിചിതയാവാതെ എന്റെയടുത്ത്

വരുന്നതും കാത്തിരിപ്പാണെന്ന്


ഉപാധികളില്ലാത്ത നൂലിണക്കങ്ങളിൽ

തുന്നിയ ഒരു പട്ടുറുമാൽ


ചിലപ്പൊഴൊക്കെ എന്റയും നിന്റെയും

പേരുകൾ മാറ്റി വരച്ച് മത്സരിക്കുന്ന

ഒരു കടൽ വരമ്പിലെ കവിത


എന്നിട്ടും എന്റെ മൗനത്തിന്റെ

ആഴങ്ങളിൽ നിനക്ക്

എപ്പോഴാണ് ശ്വാസം മുട്ടിയത്!


പ്രണയം അളവുകോലടിയിട്ട 

ഒരു ചതുരംഗപ്പലകയോ

രാവും പകലും ആവർത്തിക്കുന്ന കളങ്ങൾ

ദിക്കറിയാത്ത തേരാളിയാണ് ഞാൻ

നിഷേധിക്കപ്പെട്ട ഇടനാഴികൾക്കിപ്പുറം

സ്വപ്നം പുകഞ്ഞന്ധനായവൻ


നിന്റെ മണമുള്ള 

കവിതകളെഴുതിത്തളർന്നയെൻ

വിരൽ തുമ്പുകൾക്ക് നിൻ

ഉഷ്ണ ഗർത്തങ്ങളിൽ

പുനർജ്ജനി നൽകുക


ഓർമ്മക്കണക്കുകൾക്കൊക്കെ

അപ്പുറമാണ് പെണ്ണേ പ്രണയം

      

            അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment