നൊന്തടർന്ന്
......................
എനിക്ക് എന്നെയൊന്ന്
അടിച്ച് വാരണം
ചിലന്തി നൂലുകൾ
ഭൂതകാലപ്പൊടി കനം വച്ച്
ചിന്തകളിൽ തലങ്ങും വിലങ്ങും
കാഴ്ച മറച്ച്
ചിതലരിച്ച കൊത്തുപണികളുള്ള
ആ പെട്ടി നൊന്തടർന്ന്
കടന്ന് കയറ്റങ്ങളുടെ പഴുതിൽ
ഇരട്ടവാലൻ കുത്തുകൾ നീറി
ലഹരി പുലമ്പലുകളുടെ
രാവെട്ടങ്ങളിൽ ചവിട്ടിയ
ദുർഗ്ഗന്ധച്ചാൽ മനംപുരട്ടി
പേക്കിനാക്കളിൽ
നരക വിചാരണകളിൽ
കഴുവേറി
നുണ കട്ടെടുത്ത സ്വബോധത്തിന്റെ
നെടുവീർപ്പുകളുടഞ്ഞ്
പലായനങ്ങളുടെ ധൃതി ചുറ്റിച്ച
അപരിചിതമായ മേലങ്കി
നഗ്നതയ്ക്കപ്പുറം പൊള്ളി
വെളിച്ചം ഭയന്ന് എത്ര നാൾ
നീ വസന്ത രാഗങ്ങളുടെ
ദൂരമളന്ന് ജീവകോശങ്ങളെ
ധ്യാനിച്ച് ശാന്തി മുഹൂർത്തം
കുറിച്ച താളിയോലയിൽ
ഗദ്ഗദം ചേർക്കുമ്പോൾ
ഇരുട്ടുപുറ്റുകളിൽ ഞാൻ
വഴിയും എന്നെ തന്നെയും
തിരയുകയാണ്
സഹസ്രകലശങ്ങളുടെ
സ്നാനഘട്ടത്തിനിപ്പുറം
എനിക്ക് അമലിനനാവണം
നൊന്തടർന്ന സുക്ഷിരങ്ങളിൽ
ഉതിർന്ന് വക്കിലാടും
ജീവിതം കിളിർപ്പിച്ചെടുക്കണം
പരാഗങ്ങളുടെ കാറ്റായ്
നിന്നിലേക്ക് തിരികെ പറക്കണം
അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment