നീയെന്നെ മായ്ച്ച് കളഞ്ഞത്
പകലിലോ രാത്രിയിലോ
എന്ന് ചോദ്യം
ചുവപ്പ് ചാലിക്കുന്ന
ഇൻബോക്സ്
തുറക്കപ്പെടാതെ
പോയിരുന്നെങ്കിൽ
മടക്കമില്ലാത്ത
തപാൽ പെട്ടിയിൽ പെട്ടുപോയ
അനേകമൊന്നുപോലെ....
ഇരുൾ പെട്ട് പോയ ബന്ധങ്ങളുടെ
ആത്മാക്കൾ കണ്ടുമുട്ടുന്ന
തുരുത്തിനെ സങ്കല്പിക്കാൻ
തോന്നുന്ന മഴ പുരണ്ട നട്ടുച്ച
നമ്മളിപ്പോൾ ഏത് കാലത്തിലാണ്..?
ഞാൻ തിരിച്ച് ചോദിച്ചു
ചില ചോദ്യങ്ങൾ അങ്ങനെയാണ്
ഒരുത്തരവും പാകമാവാതെ
അളവ് തെറ്റിയ കുപ്പായം തുന്നും
മൗനം നൂലഴിഞ്ഞ ബട്ടൻസുപോലെ
എന്തിനോ വേണ്ടി കൊരുത്ത് കിടക്കും
ഓർമ്മിക്കുക എന്നതിനപ്പുറം
മറ്റൊരടയാളവുമില്ലെന്ന്
പറയാതെ നടന്നകലുമ്പോൾ
നമുക്കിടയിലെ മൗനത്തിന്റെ
ദൂരം കുറഞ്ഞ് കുറഞ്ഞ്... !
✍️ അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment