Saturday, November 12, 2022

തോറ്റവന്റെ കവിത

..................................

വീട് ഒരു ജയിലാണെന്നോ

അതേ..

മതിൽ കെട്ടിനുള്ളിലെ 

സ്വകാര്യതകളുടെ ജയിൽ

വെയിൽ പൊരിയുന്ന തിരക്കുകളിൽ

നിറയുമ്പോൾ

വീട് ഒരു പച്ചീർക്കിലാണ്

തൊണ്ട തുളച്ച് കോർത്ത് 

ഉമിനീർ പിശുക്കിയിറക്കി

കൊതികൾ വറ്റിച്ച്

എന്റെ സ്വപ്നങ്ങളുടെ തടവറ

എന്നിട്ടും കാവൽക്കാരനോടെന്ന പോലെ

ഇത് ജയിലാണെന്ന് 

പുറത്ത് പറക്കണമത്രേ

ബാല്യം മുതൽ ഇന്നുവരെ

പറിച്ചെടുത്ത താളുകളിൽ 

എന്റെ കുറ്റപത്രം 

ചുവരില്ലാതെ ചിത്രം വരച്ചതിന്

ഇതൊരു ജീവപര്യന്തമാണ്

കുറ്റത്തിന് മുൻപുള്ള ശിക്ഷ


അതേ വീടൊരു ജയിലാണ്

കാലദൈർഘ്യങ്ങൾ വ്യത്യസ്ഥമായ

തടവുകാരുടെ ഇടം


അവൾ പറയുമായിരുന്നു

വീടൊരു കവിതയാവണമെന്ന്

ഒരു ശീർഷകത്തിലായിരം

കവിതകൾ

ആ കവിതകൾക്കാണ് വിചാരണ

കവികൾ തോറ്റവരാണ്

അതോ തോല്പിക്കപ്പെട്ടവരോ...?

അവൾ പതിയെ പറഞ്ഞു

നമുക്ക് തോല്ക്കാം

മകൾക്ക് കൂട്ടായ്

കവിതകൾ ജനിക്കട്ടെ

ഉണ്ണികളല്ല കവിതകൾ

തടവുകാരന്റെ കവിതകൾ.

                           അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment