Saturday, November 12, 2022

 വരാന്ത്യ ഫലം

* * * * * * * * *

അപരിചിതയായിരുന്ന ഒരുവൾ

തന്റെ ചുവരുകളിൽ അവളെ വരയ്ക്കുന്നതും നോക്കി

ഒരു കേൾവിക്കാരന്റെ ശാന്തതയിൽ 

അയാൾ

തന്റെ നിറക്കൂട്ടുകളെ അപ്പാടെ അവഗണിക്കുമ്പോഴും 

ഒരു മഴ മതി ഒറ്റ നിറമാവാനെന്ന 

ചിന്തയുടെ കുസൃതി


ഏകാന്തവാസം കഴിഞ്ഞ് വന്ന അവളുടെ കൺതടങ്ങളിൽ

വറ്റിക്കിടക്കുന്ന സഹിഷ്ണുതകളുടെ

കറുപ്പ്

ഗർവ്വുകളുടെ ആത്മരതി

ഒക്കെതിനും പിന്നിലായ്

നിരാശയുടെ നിഴൽ


തന്നെ തന്നെ വരച്ച് വരച്ച്

അവൾ സ്വയം അപരിചിതയാവുമ്പോൾ

അയാൾ തെളിഞ്ഞയാകാശത്ത്

വട്ടമിടുന്ന കഴുകന്റെ വിശപ്പിനെപ്പറ്റി ചിന്തിച്ച്

പയർ വള്ളികൾക്ക് മുകളിൽ

തത്തകളെ തുരത്താൻ വലവിരിച്ചു


പച്ചക്കറിത്തോട്ടത്തിലെ കൊത്തിക്കിളയ്ക്കിടെ

മെസഞ്ചറിന്റെ കനപ്പെടലുകളിൽ

അവൾ അക്ഷമയാവുകയും

അയാൾ ജനാധിപത്യത്തെ കൂടുതൽ

ആഴത്തിലാക്കാൻ തൂമ്പയുടെയറ്റത്ത്

മൗനം കോർക്കുകയും ചെയ്യുന്നു


ഒരിക്കൽ പോലും കാണാനിടയില്ലാത്ത

രണ്ടപരിചിതർക്ക് 

സമരപ്പെടാൻ ഒരു നിശബ്ദത മാത്രം മതിയെന്ന്

മെല്ലെ മെല്ലെ സ്ഥാപിച്ച് ഒരു വാരാന്ത്യം

പണിയവസാനിപ്പിക്കുന്നു.


                   അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment