എ പ്ലസുകൾക്ക് മുൻപ്
....................................
ഒന്നു പോകണം
ചൂരൽ മണം ചുവക്കും,
കാതിലിത്തിരി പൊന്നായ്
നൊമ്പരം കിഴുക്കുന്നോരങ്കണം
ഓർമ്മകൾ വരി നില്ക്കും
ഉയരം കുറഞ്ഞത് മുൻപിൽ
പിന്നിൽ ഉന്തും തള്ളും കൃശഗാത്രർ
ഇന്ത്യ എന്റെ രാജ്യമെന്ന്
നിത്യമോർപ്പിക്കും മിടുക്കനൊരാൾ
ജനഗണ ചൊല്ലുവാൻ പോകുവോരോടാണെനിക്കേറെയിഷ്ടം
ഇന്നത്തെ തല്ലിനറുതിയെന്നുറപ്പിക്കാം
ഗൃഹമുള്ളവനുമില്ലാത്തവനു ഭേദമില്ലാതെ
ഗൃഹപാഠം
തെറ്റിയാൽ ഒന്ന് ഇല്ലെങ്കിൽ രണ്ട്
രണ്ട് എന്റെ ഭാഗ്യനമ്പർ
ഞനതിനാൽ നിത്യമടയാളപ്പെടും
പദ്യമേറെ പ്രീയമെങ്കിലും
മാതൃഭാഷ ക്ലാസ് പുറത്ത്
കാകനെ നോക്കാൻ വിധി
കുശുകുശുപ്പിൽ പടിയടയ്ക്കപ്പെടും
സങ്കല്പവും അനുമാനവും
കണ്ണടച്ചിരുട്ടിൽ തപ്പിയ നേരുകൾ
പൈ, ലോഗരിതമങ്ങനെയിന്നും
തെളിയാത്ത കറുത്തപക്ഷങ്ങൾ
ഭാവിയും ഭൂതവും വർത്തമാനവും
പെർഫക്ടാവാതെയാംഗലേയം
രസംതെറ്റുന്ന രാസത്വരകങ്ങൾ
തെന്നിമാറിയ ഫലകങ്ങളായ്
ഭൂമിശാസ്ത്രം
ഒട്ടു ധൈര്യത്തിൻ ചിറക് പൊന്തിച്ചത്
വർഗ്ഗചരിത്രത്തിൻ താളുകൾ
എങ്കിലുമോർമ്മയിൽ മധുരം
കൗതുകം കൂർത്ത ഇടനേരങ്ങൾ
സൗഹൃദ വട്ടങ്ങൾ
അരുതുകൾ ചാടു പൊട്ടും പട്ടങ്ങൾ
ഒന്നു പോകണം അക്ഷരങ്ങളെന്നിൽ
പറ്റിപ്പിടിച്ചൊരാ കുന്നിൽ.
✍️ അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment