Saturday, November 12, 2022

 ഇരുൾ ചുവരുകൾ

...............................

ഇസങ്ങളിൽ മുക്കിയെഴുതിയ

ചുവരുകളാകെ നീലിച്ചുവെന്ന്

ചുംബിച്ച് കറുപ്പിച്ച്

രാവൊന്ന്

കാതിൽ മന്ത്രിക്കുന്നുണ്ട്

വിഷദംശനങ്ങളിൽ

ഇരുണ്ട ഉടലിൽ

നിൻ വിരൽ മാത്രം

ചുവന്നതെന്തെന്ന ചോദ്യത്തിൽ

വരാനിരിക്കുന്ന വിപ്ളവങ്ങളുടെ

ബീജമുറഞ്ഞ തീയാണതെന്ന്

പറഞ്ഞ് വിളക്കൂതുന്നു


പുറത്ത്

ആകാശം നിലാവ് നിഴൽ

ദൂരെ കടൽ 

തിര തീരം വിളക്ക് മാടം


അകത്ത്

പുകഞ്ഞ കരിത്തിരിയുടെ

കനൽ 

മോഹങ്ങളുടെ കറുപ്പ്


ദൂരെ

വിളക്കണഞ്ഞ തെരുവുകളിൽ

രാപ്പിടിയർ

പകൽ ബാക്കി വച്ച പകയുടെ

ഉലയൂതി പെരുക്കുന്നു


വിശപ്പ് വട്ടമിട്ട് പറക്കുന്ന

ദുർഗന്ധ മൂലയിൽ

ഉടൽ കൊത്തി നിൽക്കുന്നൊരു

വഷളൻ ഗന്ധം


നുണയുറഞ്ഞ് കൂടിയ

രാവിന്റെ മുടിക്കെട്ടിൽ

പേക്കിനാക്കളിഴഞ്ഞിഴഞ്ഞ്

കെട്ടു പോയോരുറക്കത്തിൻ

ചരട്


ജാലകപ്പാതിയിലൂടെ

സ്വർഗ്ഗ ഭ്രഷ്ടരായ

ആത്മക്കളെ പോലെ

ഇത്തിരി വെട്ടമാവുന്നു

ഖദ്യോതം


ദാർശനികനാവാൻ 

ഏതൊരുവനും

പറ്റിയ സമയം

പാതിരാവാണെന്നതിനാൽ

അയാൾ വിരൽ മുക്കി വീണ്ടും

ചുവർ വരയ്ക്കുന്നു

ചിത്രമാവുന്നു.


✍️ അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment