Saturday, November 12, 2022

 പനി

** **

ഒരേ ആകാശത്തിന് കീഴിലിരിക്കുമ്പോഴാണ്

ഒട്ടകപ്പക്ഷികളേപ്പോലെ മുഖം പൂഴ്ത്തി

ഒളിക്കാൻ തോന്നും വിധം

ഒരു പനി നമുക്കിടയിലേയ്ക്കിഴഞ്ഞു കയറിയത്


വീടൊഴിഞ്ഞു പോവാൻ നോട്ടീസ് പറ്റിയവരുടെ ജാഥ

നമ്മളെക്കടന്ന് കടൽ വരമ്പുകളിലൂടെ 

മച്ചുവകളെ തേടുന്നുണ്ട്


വെളുത്ത ബീജങ്ങൾക്ക് മാത്രം ജനനസർട്ടിഫിക്കറ്റുള്ളതിനാൽ

നിറം മാറ്റി വരയ്ക്കാൻ

വരിനിൽക്കേണ്ടി വരുന്ന

അണ്ഡങ്ങളുടെ മൂക്ക് പിഴിഞ്ഞ

പ്രാക്കുകൾ


ശ്രീകോവിലുകൾക്ക് പുറത്ത്

പാദരക്ഷ സൂക്ഷിപ്പുകാരനാവുന്ന

ന്യായാധിപന്റെ നിസംഗതകളിൽ

കിളിർക്കുന്നുണ്ടൊരു പനി


ദൂരെ വയലുകളിൽ 

കരിഞ്ഞ് ചാരമാവും വരെ

പനിക്കാതെ പോയ 

പെണ്ണുടൽ സാക്ഷ്യങ്ങൾ


ഒസ്യത്തും ഓഹരിയും

കാണിക്ക വച്ച് പാട്ടക്കാരാവുന്ന

കർഷകനും

അവകാശ തർക്കങ്ങളുടെ

സാക്ഷിക്കൂട്ടിൽ നിന്ന്

ഗാന്ധിയെ നോക്കി

നെടുവീർപ്പിടുന്ന ദൈവവും

പനിയെന്നേയറിഞ്ഞവർ


സത്യം കിണ്ടി കമിഴ്ത്തുമ്പോൾ

ചെരുപ്പെടുത്ത നായയെപ്പോലെ

ശാപമേറ്റ് കാലം 


കാഴ്ചകൾ മാറി മാറി തെളിയുമ്പോൾ

തിരശ്ശീല മങ്ങുന്ന നട്ടുച്ചകളിൽ

നാം പനിച്ചു കൊണ്ടേയിരിക്കും

ഒട്ടകപ്പക്ഷിയെപ്പോലെ മുഖം

പൂഴ്ത്തി പൂഴ്ത്തി

ഒടുക്കം വയ്ക്കാനുള്ള പനി.


    അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment