അടയാളങ്ങളുടെ ചുവരിടങ്ങളാകെ
മൗനത്തിന്റെ നിറം പൂശി വച്ച വീടാണ് ജീവിതമെന്ന് തോന്നാറുണ്ടോ
എത്ര പൂത്താലും വസന്തമെന്ന് ഒരിക്കൽ പോലും വിളിക്കപ്പെടാതെ
എല്ലായിസങ്ങളാലും തഴയപ്പെട്ട്
റദ്ദായ നാണയമായി തുറക്കാത്ത ഭണ്ഡാര ഇരുളിൽ
ഭീതിതമായ ആ മൂളലാൽ നഗ്നത മറച്ച്
ഉറഞ്ഞ് പോയവരുടെ ചരിത്രമാണ് ചുവരില്ലാത്ത ചിത്രങ്ങളായ് ശേഷിപ്പത്
നിങ്ങളെന്ന താളിന്റെ ദൃശ്യത്തെ
ആരാലാണ് വായിക്കപ്പെടുകയെന്ന്,
ഏത് സംഘർഷങ്ങളിലും കയറിച്ചെല്ലാവുന്ന
പടിക്കെട്ടുകളേതുമേയിലെന്ന
തിരിച്ചറിവിന്റെ നിസംഗതയിൽ മുട്ടി
അവസാനിച്ചു പോവുന്ന ചില വഴികളുണ്ട്
യാന്ത്രികമായ സഞ്ചാരങ്ങളുടെ
തുടക്കമാണ്
ഒന്ന് മാത്രം തുടക്കവുമൊടുക്കവുമൊറ്റയാവുന്ന
നിഴലുകളില്ലാത്ത ഒറ്റ വഴി
നടന്ന് തുടങ്ങിയാൽ പിന്നെ
ഗ്രാവിറ്റിയില്ലാതെ അപ്പൂപ്പൻ താടികളാണ് നമ്മൾ
കാഴ്ചകളില്ലാത്ത തുരങ്കത്തിലെ ഭാരമില്ലായ്മ
✍️ അഡ്വ: നിഷാദ് തങ്കപ്പൻ
No comments:
Post a Comment