നീയടർന്ന ഞാൻ
* * * * * * * * * * *
ഒന്നു കൂടി പറഞ്ഞു പോകാമെന്ന്
തിരിഞ്ഞ് നിന്നപ്പോഴാണ്
മുന്തിരി വീഞ്ഞ് ചാലിച്ച അപ്പം നൽകി
പിന്നെയും എന്നെ ഒറ്റിയത്
വക്ക് പൊട്ടിപ്പോയ കഥയാവരുതെന്ന്
കരുതി കരുതി
മൗനങ്ങളിൽ മിഴിയിറുക്കിയടച്ച്
അപിരിചിത കാലൊച്ചകൾക്ക് പരിചിതപ്പെടുന്ന
നിന്റെ ജാലകങ്ങളുടെ വർണ്ണ വ്യതിയാനങ്ങൾ
ഇടവഴിയിൽ നിന്ന് കാണുന്നുണ്ടാവും
ഒരിക്കൽ പോലും അടച്ച് ഗേറ്റ് കടക്കില്ലെന്ന
ഒരുണർവ്വ് മാത്രം എന്നിൽ ത്രസിച്ച് നിൽപ്പുണ്ട്
അഴയിൽ ഉണക്കാനിട്ട പരിചിതവർണ്ണങ്ങളിൽ നിന്ന് നീയടർന്ന്
നാസികത്തുമ്പിലെത്തുമ്പോൾ
എരിയുന്നുണ്ടെനിക്ക്
ചേർന്ന് വായിച്ച പുസ്തകങ്ങൾ
ഷെൽഫുകളിൽ പൂപ്പൽ പിടിക്കുന്നുണ്ട്
നിന്റെ മാത്രമെന്ന് അക്രലിക്കിൽ നീ കോറിയിട്ടെരു മൺപാത്രം
മഷിയുറഞ്ഞു തെളിയാത്ത പേനകളാൽ
ഉടയാൻ കൊതി കൊള്ളുന്നുണ്ട്
ഇപ്പോഴുമിടയ്ക്കിടെ മുറി തൂത്ത് വാരുമ്പോൾ
കിട്ടുന്ന നിന്റെ നീളൻ മുടികളുടെ മണം പിടിക്കുന്നത് മാത്രം നിർത്താനായിട്ടില്ല
ടോയ്ലറ്റിലെ കണ്ണാടിയിൽ
നീയടർത്തിയൊട്ടിച്ച പൊട്ട്
നിത്യവും എന്റെ നഗ്നതകളിൽ ചൂഴ്ന്നിറങ്ങുന്നുണ്ട്
ഓർക്കുവാനോ മറക്കുവാനോ ശ്രമിക്കാത്ത
നിസംഗതയാണ് എന്റെ ബലം
വൈകാരികതകളില്ലാതെ നീയെന്നത്
തുറക്കാത്ത ഗേറ്റും അടഞ്ഞ ജാലകവും
മാത്രമാവുന്നു
നമുക്കിടയിലെ ആ വഴി ഞാൻ മാത്രമാവുന്നു
ഒരാൾക്ക് മാത്രം പോന്ന ഒറ്റയടിപ്പാത...
അഡ്വ. നിഷാദ് തങ്കപ്പൻ
No comments:
Post a Comment