Saturday, November 12, 2022

 നോക്കുകുത്തി മറുകുകൾ

..........................................

മറുകുകളെ ചേർത്ത് തുന്നിയ

ആദ്യത്തെ മുറിവിന്

നിന്റെ പേരായിരുന്നു

ഞാനും നീയും തിണർപ്പുകളും

ചേർത്ത് വിലക്കിയ

വരമ്പിലേക്ക്

കൊതിയറ്റമെത്തുന്ന 

വയലിന്റെ 

നിറയലുകൾ നോക്കി

കാക്കയാട്ടി കച്ചിത്തുറുക്കാലിൽ

ഞാനിവിടെ നില്പതാണ്       


എത്ര പടർന്നാലും

അക്ഷരപ്പരലുകളിൽ

നീ പറ്റിപ്പിടിച്ചുണങ്ങി

നിൻ മണം തൂവി

എന്റെ മാത്രമാം

ഘ്രാണ ബോധത്തിൽ

അഹങ്കാരമങ്കുരിച്ച്...      


കരുതലുകളുടെ

ചിരാതുകൾ കാറ്റണച്ച്

കണ്ണടയ്ക്കുമ്പോൾ

ഒറ്റയായവന്റെ രക്ഷയാണത്       


അമൂർത്തതകൾ ഉടച്ച്

 സാങ്കല്പികമാവുകയാണ് ഞാൻ

നമ്മെ വിട്ടു പോവാത്ത

നൈരന്തര്യങ്ങളിൽ.. 

നിഴലായ്

ഇടവേളകൾ നൽകാതെ...


മൂർത്തികൾ എന്നും മുറിപ്പെടുത്തി

അവരിലേക്ക് 

ആവാഹിക്കുക മാത്രം

ഭക്തനാവാതെ 

മൂർത്തിയാകയാണ് ഞാൻ

പൂജയുടച്ച്

അമൂർത്തതകളുടെ ആശ്ലേഷമേറ്റ്.... 


അഡ്വ: നിഷാദ് തങ്കപ്പൻ

No comments:

Post a Comment