Saturday, November 12, 2022

 നിറയലുകൾ

........................

മഞ്ഞിൻ കണം തുള്ളി               മുത്തുകോർത്തെത്തുന്ന

ചരുവിലെ ചാറലിൽ

തണുവിൽ ലഹരി 

ചുംബിച്ച ജ്വരമായ് 

ഹരിത മോഹങ്ങൾ 

ഈറൻ പടർപ്പുകൾ

കൊങ്ങിണി കാടുകൾ , 

പോതയുമീന്തും 

പടർപ്പിലെ കിളിക്കൂടും


എത്ര തണുവോർമ്മകൾ

ഈറൻ പടർപ്പുകൾ

മുടിയാട്ടക്കളങ്ങൾ


വെച്ചിരിപ്പമ്പോറ്റികൾ

കരിന്തിരി വിളക്കുകൾ

ദുസ്വപ്ന രാവുകൾ

ഒക്കെയും കോർത്ത്

ചാഞ്ഞ് പെയ്യുന്ന

മഴനാരു പോലെ നീ

പൊട്ടിവീണടരുന്ന

മുത്തായിരുന്നു ഞാൻ


ഓരോ കോർക്കലും

എത്ര കുതൂഹലം

ആവർത്തനങ്ങൾക്ക്

ഇടമേ നൽകിടാതിഴയടുപ്പ

പകിട്ടേറിയീ പെയ്ത്തുകൾ 

എന്തൊക്കെയോർമ്മകൾ..


മഴയുടെ ചില്ലയിൽ 

കുടയില്ലാ ചില്ലയിൽ

കവിത വിരിച്ചൊരു കൂട്

നീ പൊഴിച്ച് പോയ തൂവലോർമ്മകൾ

ഒരോ മഴയുമേറെ 

ഉണർത്തുന്നുണ്ട്

നിന്റെ നിറയലുകൾ


മഴയുടെ നിറമാണ്

മഴയുടെ മണമാണെത്ര

മൊഴിഞ്ഞാലു മെത്ര ചാലിച്ചെഴുതീടിലും

ഒറ്റയായ് ഒന്നു നീ മാത്രം


അഡ്വ: നിഷാദ് തങ്കപ്പൻ

( ചിത്രത്തോട് കടപ്പാട്)

No comments:

Post a Comment